മധ്യതിരുവിതാകൂറിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നു. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല- തൃപ്പെരുന്തുറ പദ്ധതിയാണ് പന്ത്രണ്ട് വര്‍ഷമായിട്ടും പൂര്‍ത്തിയാകാതെ കിടക്കുന്നത്.
ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയിലും, കുറത്തികാടും പൂര്‍ത്തിയായ രണ്ട് വന്‍ ജലസംഭരണികള്‍ , അച്ചന്‍കോവിലാറിന്റെ പ്രായിക്കര ഭാഗത്ത് പമ്പിങ് സ്റ്റേഷനും ട്രീറ്റ്മെന്റ് പ്ലാന്റും, സമൃദ്ധമായ ജലസ്രോതസ് , നിലവില്‍ ഇതെല്ലാമുണ്ട് മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിക്ക്. പക്ഷേ പൊതുജനത്തിന് കുടിവെള്ളം മാത്രം കിട്ടുന്നില്ല. വിതരണ ശൃംഖലപൂര്ത്തിയാകാത്തതും, കുറത്തികാട് ടാങ്കിലേക്കുള്ള പ്രധാന പൈപ്പ് ലൈന്‍ സ്ഥാപിക്കാത്തതുമാണ് പദ്ധതി വൈകാന്‍ കാരണം.
ചെങ്ങന്നൂര്‍ , മാവേലിക്കര താലൂക്കുകളില്‍ മുഴുവനായും കാര്‍ത്തികപ്പള്ളി താലൂക്കിലെ കൃഷ്ണപുരം വില്ലേജിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. പതിനൊന്ന് കോടി പതിനഞ്ച് ലക്ഷം രൂപ ചെലവ് കണക്കാക്കി 2005ലാണ് നിര്‍മാണം തുടങ്ങിയത്. അതിനുശേഷം, ഇതുവരെ പണി തുടങ്ങാത്ത പടയണിവട്ടം ടാങ്കിന് ഉള്‍പ്പെടെ പദ്ധതിയുടെ വിപുലീകരണത്തിനായി വീണ്ടും 17കോടിയുടെ പദ്ധതികൂടി തയാറാക്കി. എട്ട് വില്ലേജുകള്‍ക്ക് ഫലംകിട്ടുന്ന പദ്ധതിയുടെ നിര്‍മാണം ഇഴഞ്ഞതോടെ ഈ വര്‍ഷം ട്രീറ്റ്മെന്റ് പ്ലാന്റും, പമ്പിങ് സ്റ്റേഷനും ജലവിഭവ വകുപ്പ് ഏറ്റെടുത്തു. നിലവില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഇവിടെനിന്ന് ലോറികളില്‍ വെള്ളം നിറച്ച് കൊടുക്കുകയാണ്.