തുടർച്ചയായി ആറു മണിക്കൂർ ഗായത്രി വീണയിൽ 69 ഗാനങ്ങൾ വായിച്ച് ഗിന്നസ് റിക്കാർഡിട്ട വൈക്കം വിജയലക്ഷ്മിയ്ക്ക് ജന്മനാടിന്റെ ആദരം. സംഗീതയാത്രയിൽ വിജയലക്ഷ്മിക്ക് എന്നും പിന്തുണയുമായി മുന്നിൽനിന്ന മാതാപിതാക്കളും, വൈക്കത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി.
വിധിയെ സംഗീതം കൊണ്ട് തോൽപിച്ച് സംസ്ഥാന അവാർഡു വരെ നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ നാട് ഒന്നടങ്കം ഒത്തുചേർന്നു. തന്റെ സംഗീത യാത്രയിൽ എന്നും താങ്ങായി നിന്ന മാതാപിതാക്കളുടെ കൈ പിടിച്ചായിരുന്നു വിജയലക്ഷ്മി വേദിയിലേക്കെത്തിയത്. പന്ന്യൻ രവീന്ദ്രനും കെ.പി.എ.സി ലളിതയുമുൾപ്പെടെയുള്ളവർ വിജയലക്ഷ്മിയെ സ്വീകരിച്ചു. അനുമോദന പ്രവാഹത്തിൽ കൂപ്പുകൈയ്യോടെ വിജയലക്ഷ്മി ഇരുന്നു. വേദിയിലുളള്ളവർ നാടിന്റെ അഭിമാനത്തെ പൊന്നാടയണിയിച്ച് ആദരിച്ചു
വിജയലക്ഷ്മിയെ ആദ്യമായികാണാനെത്തിയ അനുഭവം ഉദ്ഘാടകകൂടിയായ കെ.പി.എ.സി. ലളിത പങ്കുവച്ചു. നാടിന്റെ സ്നേഹത്തിന് നന്ദിപറഞ്ഞ വിജയക്ഷ്മി തന്റെ ഇഷ്ടഗാനവും പാടി കാഴ്ചക്കാരുടെ മനം നിറച്ചു. എം.എൽഎ സി.കെ. ആശ, വിപ്ലവ ഗായിക പി.കെ. മേദിനി, ജപ്രതിനിധകൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു