രാജ്യത്തെ എല്ലാ നാവികസേനാ ആസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന സേനാംഗങ്ങളുടെ കാർ റാലി കൊച്ചി സന്ദർശിച്ച് മടങ്ങി. കോസ്റ്റ് ടു കോസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന യാത്ര ആറായിരം കിലോമീറ്ററാണ് താണ്ടുന്നത്.
നാവികസേനയുടെ ഇലക്ട്രിക്കൽ എൻജിനീയർമാരുടെ പരിശീലന കേന്ദ്രമായ ഐഎൻഎസ് വൽസുരയുടെ എഴുപത്തിയഞ്ചാം വാർഷകത്തോടനുബന്ധിച്ചാണ് യാത്ര നടത്തുന്നത്. ഗുജറാത്തിലെ ജാം നഗറിൽ നിന്ന് ഈ മാസം 16നാണ് എന്ന യാത്ര തുടങ്ങിയത്. ലോത്തൽ, ഗാന്ധിനഗർ, മുംബൈ , ഗോവ, മാംഗ്ളൂർ, ഏഴിമല എന്നിവിടങ്ങളിലൂടെ കടന്നാണ് സംഘം കൊച്ചിയിലെത്തിയത്. നാവികസേനയെക്കുറിച്ചുള്ള ബോധവല്കരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിലെ കോളജ്, സ്കൂൾ വിദ്യാർഥികളുമായി യാത്രാസംഘം സംസാരിക്കും.
യുദ്ധത്തിൽ പങ്കെടുത്ത സൈനികരെയും മരണമടഞ്ഞ സൈനികരുടെ ഭാര്യമാരെയും യാത്രാസംഘം നേരിൽ കാണും. കൊച്ചിയിൽ നിന്ന് ചൈന്നെയിലേക്കുള്ള യാത്ര ദക്ഷിണമേഖലാ നാവികസേനാ മേധാവി ഫ്ളാഗ് ഓഫ് ചെയ്തു. ചെന്നൈയിൽ നിന്ന വിശാഖപട്ടണത്തേക്കാണ് സംഘത്തിന്റെ യാത്ര. അടുത്തമാസം രണ്ടിന് ജാം നഗറിൽ തിരിച്ചെത്തും.