പുതിയ കോച്ചിന് കീഴില്‍ പുതിയ മുഖവുമായി പുത്തന്‍ ഉണര്വോടെയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം സീസണിലും ആശങ്കയായി മധ്യനിര. ഉദ്ഘാടനമല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും ആദ്യ ഹോംമാച്ചില്‍ കൊല്‍ക്കത്തയ്ക്കെതിരേയും നിറംമങ്ങിയ മധ്യനിരയാണ് ബ്ലാസ്റ്റേഴ്സിനെ തോല്പിച്ചത്.
ആദ്യ സീസണില്‍ റണ്ണേഴ്സ് അപ്പായ ടീം രണ്ടാം സീസണില്‍ അവസാന സ്ഥാനക്കാരായി തലതാഴ്ത്തി മടങ്ങേണ്ടി വന്നതിന് പ്രധാനകാരണം ദുര്‍ബലമായ മധ്യനിരയായിരുന്നു. കളിയൊരുങ്ങേണ്ടത് മധ്യനിരയില്‍ നിന്നാണ്. തന്ത്രങ്ങളൊരുക്കാനും കളി മെനയാനും ഒരു മിഡ്ഫീല്‍ഡ് ജനറലുണ്ടാകണം. പ്രതിരോധമോ ആക്രമണമോ വേണ്ടതെന്ന് തിരിച്ചറിഞ്ഞ് കളിവേഗം നിയന്ത്രിക്കാന്‍ പോന്ന പടത്തലവന്. കഴിഞ്ഞ സീസണില്‍ അങ്ങനെയൊരു താരമുണ്ടായിരുന്നില്ല ബ്ലാസ്റ്റേഴ്സിന്. നോര്‍ത്ത് ഈസ്റ്റിനെതിരായ കളി കണ്ടപ്പോഴും അങ്ങനൊരു മിഡ്ഫീല്‍ഡറെ കളത്തിലെങ്ങും മഞ്ഞക്കുപ്പായത്തില്‍ കണ്ടില്ല. ഐവറി കോസ്റ്റിന്റെ ദിദിെയര് കാദിയ മധ്യനിര സമ്പന്നമാക്കുമെന്ന് കരുതിയെങ്കിലും ഫോമിലെത്തിയില്ല. എങ്കിലും മലൂദയേയോ എലാനോയെയോ ലിയോ മോറയെയെ പോലെയോ കളിക്കാന്‍ കഴിയുന്നവരാരും ബ്ലാസ്റ്റേഴ്സ് ടീമിലില്ല.
മധ്യനിരയില്‍ നിന്ന് സ്ട്രൈക്കര്‍മാരിലേക്ക് പന്തെത്തിയാലെ ഗോളുണ്ടാകു. ആരാധകരുടെ ഇത്തരം സംശയങ്ങളും വിലയിരുത്തലുകളും മനസിലാക്കാന്‍ കഴിയാത്തയാളല്ല മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസതാരമായ ബ്ലാസ്റ്റേഴ്സ് പരിശീലകന് സ്റ്റീവ് കോപ്പല്‍. വിങ്ങുകളിലൂടെയുള്ള അറ്റാക്കാണ് തന്റെ രീതിയെന്ന് കോപ്പല്‍ പറയുമ്പോള്‍ അതിന് പോന്നവരാരെന്ന് കളിക്കളത്തില്‍ കണ്ടു തന്നെ അറിയണം. എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള ഉത്തരമാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കാത്തിരിക്കുന്നത്.