ഐഎസ്എല്ലില്‍ കൊല്‍ക്കത്ത - ഗോവ മല്‍സരം ഓരോ ഗോള്‍ സമനിലയില്‍. കൊല്‍ക്കത്തയ്ക്കായി സമീഗ് ദൗത്തിയും ഗോവയ്ക്കായി ജോഫ്രേയും ഗോള്‍ നേടി. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്ക് ശേഷമാണ് സമനിലയിലൂടെ ഗോവയ്ക്ക് ഒരു പോയിന്റ് ലഭിക്കുന്നത്.
കളിയും കയ്യാങ്കളിയും ഒരുപോലെ കണ്ട മല്‍സരത്തില്‍ രണ്ടു ഗോളും 34 ഫൗളുകളും. രണ്ട് ചുവപ്പുകാര്‍ഡും ഒന്‍പത് മഞ്ഞക്കാര്‍ഡും. ആദ്യ പകുതിയുടെ ആറാം മിനിറ്റില്‍ തന്നെ കളിയാവേശമുയര്‍ത്തി ഗോളെത്തി. ഹാവിയര്‍ ലാറയുടെ മനോഹരമായ ഫ്രീ കിക്ക് ബോക്സിനകത്ത് ഇയാന്‍ ഹ്യൂമിലേക്ക്. ഹ്യൂമിന്റെ ഹെഡര്‍ ക്ലീയര്‍ ചെയ്യാനുള്ള രാജു ഗെയ്ക്ക് വാദിന്റെ ശ്രമം പന്തെത്തിച്ചത് സമീഗ് ദൗത്തിയുടെ കാലുകളിലേക്ക്. നിലംതൊടുംമുന്പ് പന്തിനെ വലയിലേക്ക് പായിച്ച തകര്‍പ്പന്‍ ഷോട്ട്.
57ാം മിനിറ്റില്‍ പരുക്കന്‍ ഫൗളിന് ചുവപ്പ് കാര്‍ഡ് കിട്ടി സ്റ്റീഫന്‍ പിയേഴ്സന് മടങ്ങിയതോടെ കൊല്‍ക്കത്ത പത്തുപേരിലേക്ക് ചുരുങ്ങി. മൂന്നു മിനിറ്റിനുള്ളില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി ഗോവന്‍ താരം സഞ്ജയ് ബാല്മുച്ചുവും മടങ്ങിയതോടെ പത്തില്‍ സമാസമം. 77ാം മിനിറ്റില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ബോര്‍ഗ ഫെര്ണാണ്ടസ്ിന്റെ ഹാന്‍ഡ് ബോളിന് കിട്ടിയ പെനല്‍റ്റി ജോഫ്രെ വലയ്ക്കുള്ളിലാക്കി.
ഇന്‍ജുറി ടൈമില്‍ ബോക്സിന് തൊട്ടുപുറത്ത് കിട്ടിയ ഫ്രീകിക്ക് മുതലാക്കാന്‍ ഹാവിയര്‍ ലാറയ്ക്ക് കഴിയാതെ പോയി. സമനിലയിലൂടെ വീണുകിട്ടിയ ഒരു പോയിന്റ് ഗോവയ്ക്ക് ആശ്വാസമായി. ആറു പോയിന്റോടെ കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തായി.