കൊച്ചി ആവേശത്തോടെ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ആവേശത്തെ വരവേല്ക്കാല്. രണ്ടാം സീസണിലെ നാണംകെട്ട പുറത്താകലിനുശേഷം കേരള ബ്ളാസ്റ്റേഴ്സ് ഒരിക്കല്‍കൂടി കൊച്ചിയിലെ ഹോംഗ്രൗണ്ടിലെത്തുമ്പോള് പ്രതീക്ഷ അര്പിക്കുന്നത് വീണ്ടും സ്വന്തം ആരാധകരിലാണ്. താരപ്രഭയുള്ള കളിക്കാരൊന്നും ഇല്ലെങ്കിലും മൂന്നാം സീസണില്‍ ബ്ളാസ്റ്റേഴ്സിന് അല്‍ഭുതം കാണിക്കാനാവുെമന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. ഇതിലെല്ലാമുപരി ഇക്കുറി െഎ.എസ്.എല്ലിന്റെ ഫൈനല്‍ കൊച്ചിയിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ഫുട്ബോള്‍ കൊച്ചിക്കാരില്‍ വലിയ വികാരമായി കഴിഞ്ഞു.
കരഘോഷങ്ങള്‍ക്കിടയില്‍ ബ്ളാസ്റ്റേഴ്സ് എന്ന പേര് ദിഗന്തങ്ങള്ഭേദിച്ചത് നാം കണ്ടുംകേട്ടുമിരുന്ന കൊച്ചിയിലെ രാജ്യാന്തരസ്റ്റേഡിയം. മികച്ച മൈതാനം എന്നതിലുപരി ഫുട്ബോളിനെയും കേരള ബ്ളാസ്റ്റേഴ്സിനെയും നെഞ്ചേറ്റിയ ആരാധകസഹസ്രങ്ങള്‍. അറുപത്തിരണ്ടായിരത്തിയഞ്ഞൂറ് പേര്‍ക്കിരുന്ന് ഭംഗിയായി കളികാണാന്‍ കഴിയുന്ന സ്റ്റേഡിയം കഴിഞ്ഞ രണ്ടുസീസണിലും നിറഞ്ഞുകവിഞ്ഞു. െഎ.എസ്.എല്ലില്‍ ചരിത്രമെഴുതി റെക്കോര്‍ഡ് ജനക്കൂട്ടം കളികണ്ട രണ്ടുസീസണിലെ പിന്തുണയത്രയും ബ്ളാസ്റ്റേഴ്സിനായിരുന്നു. തകര്‍ന്നുപോകുമെന്ന് കരുതിയിടത്തുനിന്ന് ആദ്യ സീസണില്‍ ഉയിര്‍ത്തെഴുന്നേറ്റ് അവസാനംവരെയും പോരാടിയ ബ്ളാസ്റ്റേഴ്സ് പക്ഷെ രണ്ടാം സീസണില്‍ തകര്‍ന്നടിഞ്ഞപ്പോഴും ആരാധകര്‍ ടീമിനെ കൈവിട്ടില്ല. ടീമിനുള്ളിലെ രാഷ്ട്രീയവും ടീമിന്റെ മോശം പ്രകടനവും കോച്ചിന്റെ തൊപ്പിതെറിപ്പിച്ചതുമെല്ലാം ചര്‍ച്ചയായ രണ്ടാം സീസണ്. ആരാധകരുടെ തുറന്ന വിമര്‍ശനം ടീമിന് ഒന്നടങ്കം ഏറ്റുവാങ്ങേണ്ടിവന്ന നാളുകള്‍.
സന്ദേശ് ജിങ്കാനും മുഹമ്മദ് റാഫിയും സി.കെ.വിനീതുമടക്കമുള്ള പഴയ താരങ്ങള്‍ ഒരിക്കല്‍കൂടി ബ്ളാസ്റ്റേഴ്സിനായി ബൂട്ടണിയുന്നു. മാര്ക്വീതാരമായ ആരണ് ഹ്യൂസ് അടക്കമുള്ളവരുടെ പ്രകടനമെല്ലാം ഈ മൂന്നാംസീസണില്‍ ഏറെ നിര്‍ണായകമാണ്. മഞ്ഞപ്പടയ്ക്കായി കൊച്ചിയില്‍ കൈയ്യടിച്ച ആരാധകര്‍ െഎ.എസ്.എല്ലിലെ അത്ഭുതമാണ്.
ആകെയുള്ള ഏഴ് കളികള്ക്കുപുറമെ ഫൈനല്‍കൂടി ഇക്കുറി കൊച്ചിയിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ബ്ളാസ്റ്റേഴ്സിന്റെ സാധ്യതകള്‍ അളന്നുംതൂക്കിയുമൊന്നും വിലയിരുത്തിയല്ല ഫൈനല്‍ മല്‍സരത്തിനായി കൊച്ചിയെ െഎ.എസ്.എല്‍ അധികൃതര്‍ പരിഗണിക്കുന്നത്.
ക്രിക്കറ്റിലെ ഒറ്റയാന് പ്രകടനമൊന്നുമല്ല ഫുട്ബോളിനുവേണ്ടത് എന്ന് നന്നായി അറിയാവുന്ന ടീം ഉടമകളില്‍ ഒരാളായ സച്ചിന് തെന്‍ഡുല്‍ക്കര്‍ കഴിഞ്ഞ രണ്ട് സീസണിലും ബ്ളാസ്റ്റേഴ്സിന് ഉറച്ചപിന്തുണയുമായെത്തി. ആ സാന്നിധ്യം ഇക്കുറിയും ഉറപ്പാണ്. കഴിഞ്ഞ സീസണിലേതില്നിന്ന് വ്യത്യസ്തമായി വിദേശത്തുപോയി പരിശീലനമല്സരങ്ങള് കളിച്ചശേഷമാണ് ബ്ളാസ്റ്റേഴ്സ് കളിക്കിറങ്ങുന്നത്. മികച്ച ഹോം ഗ്രൗണ്ട് , ഉറച്ച പിന്തുണ നല്കുന്ന ആരാധകര്‍. കഴിഞ്ഞതെല്ലാം മറക്കാന്‍ , പുതിയ കളി പുറത്തെടുക്കാന്‍ വിജയിക്കാന്‍ ഇനി ബ്ളാസ്റ്റേഴ്സിന് വേണ്ടത് കഠിനാധ്വാനവും ആത്മവിശ്വാസവുമാണ്.