എഫ്സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. സി.കെ.വിനീത് ഇഞ്ചുറി ടൈമില്‍ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. 2 ചുവപ്പുകാര്‍ഡും 8 മഞ്ഞക്കാര്‍ഡും കണ്ട മല്‍സരത്തില്‍ 9 പേരുമായാണ് എഫ്സി ഗോവ കളിയവസാനിപ്പിച്ചത്
ഇതുപോലൊരു വരവ് സ്വപ്നങ്ങളില്‍ മാത്രം. വന്നദിനം തന്നെ കളത്തിലിറങ്ങി ടീമിനെ വിജയാഘോഷത്തില്‍ ആറാടിച്ചു സി.കെ.വിനീത്. ഗോവന്‍ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. 9ആം മിനിട്ടില്‍ കേരളത്തിന്റെ പ്രതിരോധത്തെ ചിന്നഭിന്നമാക്കി കൊണ്ട് റഫേല്‍ കോയ്ലോ സീക്കോയുടെ സംഘത്തെ മുന്നിലെത്തിച്ചു. ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്സ് ആഞ്ഞുപൊരുതാന് തുടങ്ങിയതോടെ ഗോവയുടെ ശൈലി മാറി. കളി പരുക്കനായി. മഞ്ഞക്കാര്‍ഡുകള്‍ മുറയ്ക്കെത്തിക്കൊണ്ടിരുന്നു. രണ്ടാം പകുതിയുടെ ആദ്യ മിനിട്ടില്‍ ഭാഗ്യം ഹാന്‍ഡ്ബോളിന്റെ രൂപത്തിലെത്തി. പോസ്റ്റിനുള്ളില്‍ പന്ത് കൈകൊണ്ട് തട്ടിയതിന് ഗോവന്‍ നായകന് ഗ്രിഗറി അര്നോളിന് ചുവപ്പ് കാര്‍ഡും ബ്ലാസ്റ്റേഴ്സിന് പെനല്‍ട്ടിയും. ബെല്‍ഫോര്‍ട്ടിന് തെറ്റിയില്ല
ഗോളവസരങ്ങള്‍ ഒന്നൊന്നായെത്തി. പക്ഷെ ഒന്നും ഗോള്‍വര കടന്നില്ല. 78ആം മിനിട്ടില്‍ റഫീക്കിനെ മാറ്റി വിനീതിനെ ഇറക്കി കോപ്പല്‍. 81ആം മിനിട്ടില്റിച്ചാര്ളിസന് രണ്ടാം മഞ്ഞക്കാര്‍ഡും പുറത്തേക്കുള്ള വഴിയും. ഇഞ്ചുറി ടൈമായി നല്‍കിയത് 9 മിനിട്ട്. ഗോവന്‍ പോസ്റ്റില്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നു മഞ്ഞക്കരുത്ത്. ഇരുപ്പുറക്കാതെ കളി കണ്ട് ആരാധകര്‍. മറ്റൊരു കൂട്ടപ്പൊരിച്ചില്‍ കളിയുടെ വിധിയെഴുതി.. ഫൈനല്‍ വിസിലില്‍ റഫറിയുടെ അടുത്തേക്ക് പാഞ്ഞടുത്ത ഗോവന്‍ കളിക്കാര്‍ക്കും ക്ഷോഭം പ്രകടമാക്കിയ സീക്കോയ്ക്കും അച്ചടകക് നടപടിക്കായി കാത്തിരിക്കാം.