ഐഎസ്എല്‍ മൂന്നാം സീസണില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് ആദ്യ തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിന് മുംബൈ സിറ്റിയാണ് കൊല്‍ക്കത്തയെ തോല്പിച്ചത്. 79 ാം മിനിറ്റില്‍ മുംബൈ ക്യാപ്റ്റന്‍ ഡിയേഗോ ഫോര്ലാന് ഗോള്‍ േനടി.
ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം തിയറി ഒന്റിയ്ക്ക് ആക്രമണഫുട്ബോളിന്റെ കളിയഴക് വിരുന്നൂട്ടിയ പോരാട്ടം. കഴിഞ്ഞ മല്‍സരങ്ങളില്‍ നിന്ന് വിഭിന്നമായി പ്ലേമേക്കറുടെ റോളിലേക്ക് ഉയര്‍ന്ന ലാറ്റിനമേരിക്കന്‍ ഇതിഹാസം ഡിയേഗോ ഫോര്‍ലാന്റെ നീക്കങ്ങള്‍ ഗോളാക്കാന്‍ സോണി നോര്ദയും കഫുവും മല്‍സരിച്ചതോടെ കൊല്‍ക്കത്തയുടെ പ്രതിരോധം തുടക്കം മുതല്‍ പരീക്ഷിക്കപ്പെട്ടു. 34ാം മിനിറ്റില്‍ സോണി നോര്‍ദയുടെ ഗോളുറപ്പിച്ച കിടിലന്‍ ഷോട്ട് തട്ടിയകറ്റിയ കൊല്‍ക്കത്ത ഗോളി ദേബ്ജിത്ത് മജുംദാറിന്റെ പ്രകടനത്തിന് നൂറുമാര്‍ക്കും നല്‍കാം.
ഹാവിയര്‍ ലാറയും സമീഗ് ഡൗട്ടിയും ഇയാന്‍ ഹ്യൂമും പലകുറി മുംബൈയുടെ പോസ്റ്റിലേക്ക് ഇരച്ചെത്തിയെങ്കിലും പ്രതിരോധക്കോട്ടയില്‍ തട്ടി പന്ത് മടങ്ങി. ഒടുവില്‍ കാത്തിരുന്ന ഗോളെത്തി. 79ാം മിനിറ്റില്‍. ഇടതുവിങ്ങില്‍ നിന്ന് സോണി നോര്‍ദ തൊടുത്ത ക്രോസ്. പന്ത് വലയ്ക്കുള്ളിലേക്ക് തട്ടിയിടേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു ഫോര്ലാന്.
അവസാന പത്തുമിനിറ്റില്‍ കളി മുംബൈയുടെ പോസ്റ്റില്‍. ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ പോസ്റ്റിലേക്ക് എത്തിയ ഹാവിയര്‍ ലാറയുടെ പവര്‍ഫുള്‍ ഫ്രീകിക്ക് സേവ് ചെയ്ത് ഗോളി ആല്‍ബിനോ ഗോമസ് വിജയശില്പിയായി. മൂന്നാം ജയത്തോടെ പതിനൊന്ന് പോയിന്റായ മുംബൈ എഫ്.സി. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി.