E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 15 2021 08:22 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

വീണ്ടും രക്ഷകനായി വിനീത്; ബ്ളാസ്റ്റേഴ്സിനു ത്രസിപ്പിക്കുന്ന ജയം(3-1)

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗോവയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ വിജയഗോള്‍ നേടിയ മലയാളി താരം സി.കെ.വിനീത് ഇരട്ടഗോളുകളുമായി പുനരവതരിച്ച മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ചെന്നൈയിന്‍ ക്യാപ്റ്റന്‍ ബെര്‍നാര്‍ഡ് മെന്‍ഡ് നേടിയ ഗോളിന് ആദ്യപകുതിയില്‍ പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് വിലയേറിയ മൂന്ന് പോയിന്റ് പോക്കറ്റിലാക്കിയത്. 85, 89 മിനിറ്റികളിലായിരുന്നു വിനീതിന്റെ ഗോളുകള്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യഗോള്‍ ദിദിയര്‍ കാഡിയോ (66) നേടി.

സീസണിലെ നാലാം വിജയത്തോടെ 10 മല്‍സരങ്ങളില്‍നിന്ന് 15 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് കയറി. ഒന്‍പത് മല്‍സരങ്ങളില്‍നിന്ന് 10 പോയിന്റുള്ള ചെന്നൈയിന്‍ എഫ്‌സി ഏഴാം സ്ഥാനത്ത് തുടരുന്നു. സീസണില്‍ രണ്ടാം മല്‍സരം മാത്രം കളിച്ച സി.കെ.വിനീത് മൂന്നു ഗോളോടെ ടോപ്‌സ്‌കോറര്‍മാരുടെ പട്ടികയിലും സാന്നിധ്യമറിയിച്ചു. ചെന്നൈയില്‍ മുന്‍പ് ഇരുടീമുകളും മുഖാമുഖമെത്തിയ മല്‍സരത്തിനുശേഷം ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് അപമര്യാദയായി പെരുമാറിയ ചെന്നൈയിന്‍ പരിശീലകന്‍ മറ്റെരാസിക്കുള്ള മറുപടി കൂടിയായി ഈ വിജയം. ഒപ്പം, ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ അപമാനിച്ച മറ്റെരാസിക്കെതിരെ വൈകാരികമായി പ്രതികരിച്ച ആരാധകര്‍ക്കുള്ള സമര്‍പ്പണവും.

നിറം കെട്ട ആദ്യപകുതി, നിറച്ചാര്‍ത്തിന്റെ രണ്ടാം പകുതി

ബ്ലാസ്റ്റേഴ്‌സിന്റെയും വിനീതിന്റെയും മല്‍സരത്തിലെ പ്രകടനത്തെ ചുരുക്കിപ്പറയാവുന്ന വാചകമാണിത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കളത്തിലുണ്ടോ എന്നുപോലും തോന്നിപ്പോകുന്നതായിരുന്നു മല്‍സരത്തിന്റെ ആദ്യപകുതി. സീസണിലാദ്യമായി ആദ്യ ഇലവനില്‍ കളിക്കാനെത്തിയ വിനീതും ആദ്യപകുതിയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ബെര്‍നാര്‍ഡ് മെന്‍ഡിയുടെ നേതൃത്വത്തില്‍ ചെന്നൈയിന്‍ താരങ്ങള്‍ കടുത്ത ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഗാലറിയിലെ 55,000ല്‍ പരം വരുന്ന ആരാധകര്‍ പോലും നിശബ്ദരമായിപ്പോയി. ഇതുകൂടാതെയായിരുന്നു ചെന്നൈയിന് ലീഡ് സമ്മാനിച്ച മെന്‍ഡിയുടെ ഗോളും.

എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. ചോപ്രയ്ക്ക് പകരം ദിദിയര്‍ കാഡിയോയേയും റഫീഖിന് പകരം റിനോ ആന്റോയേയും ഇറക്കാനുള്ള കോച്ച് സ്റ്റീവ് കോപ്പലിന്റെ തീരുമാനവും മല്‍സരഫലത്തില്‍ നിര്‍ണായകമായി. കാഡിയോ എത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന് മല്‍സരത്തിലാദ്യമായി മേധാവിത്വം ലഭിച്ചത്. അലകടലായെത്തിയ മുന്നേറ്റങ്ങള്‍ക്കൊടുവിലായിരുന്നു കാഡിയോയിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യഗോള്‍. എഎഫ്‌സി കപ്പിനുശേഷം തങ്ങള്‍ തിരിച്ചെത്തുന്നതും കാത്തിരുന്ന ആരാധകര്‍ക്കായി വിനീത് ഇരട്ടഗോളും നേടിയതോടെ മല്‍സരം ബ്ലാസ്‌റ്റേഴ്‌സിന്. 

ഗോളുകള്‍ വന്ന വഴി

ചെന്നൈയിന്‍ എഫ്‌സിയുടെ ഗോള്‍: 22-ാം മിനിറ്റില്‍ ചെന്നൈയിന്‍ ആദ്യ വെടിപൊട്ടിച്ചു. റാഫേല്‍ അഗസ്റ്റോയില്‍നിന്നും പന്ത് സ്വീകരിക്കുമ്പോള്‍ മധ്യവരയ്ക്ക് സമീപത്തായിരുന്നു ചെന്നൈയിന്‍ ക്യാപ്റ്റന്‍. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ കരുത്തരെല്ലാം മുന്നില്‍നില്‍ക്കുമ്പോള്‍ പന്തുമായി മെന്‍ഡിയുടെ മുന്നേറ്റം. മെന്‍ഡി കയറിയെത്തുന്നതിനനുസരിച്ച് പിന്നോട്ടിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് പിഴച്ചു. ബോക്‌സിലേക്ക് കടന്ന മെന്‍ഡി പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് തൊടുത്തു. ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ ഹെങ്ബാര്‍ത്തിന്റെ ദേഹത്ത് തട്ടിയ പന്ത് ചെറിയൊരു ഡിഫ്‌ളക്ഷനോടെ വലയില്‍ കയറുമ്പോള്‍ ഗോളി നിസഹായനായി. സ്റ്റേഡിയമൊന്നാകെ നിശബ്ദരായിപ്പോയ നിമിഷം. സ്‌കോര്‍ 1-0.

ബ്ലാസ്‌റ്റേഴ്‌സിന്റെ സമനിലഗോള്‍: നീണ്ട നിര്‍ഭാഗ്യത്തിന്റെ നിമിഷങ്ങള്‍ക്കുശേഷം 67-ാം മിനിറ്റില്‍ പ്രതിഭയും ഭാഗ്യവും ഒന്നിച്ച ആ നിമിഷമെത്തി. ഗോളിന് കാരണക്കാരായത് പകരക്കാരായെത്തിയ രണ്ടുപേര്‍. ബോക്‌സിന് പുറത്തുനിന്നും ലഭിച്ച പന്തുമായി ചെന്നൈയിന്‍ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ ജര്‍മന്റെ മുന്നേറ്റം. പോസ്റ്റിന്‍ തൊട്ടടുത്തുവച്ച് പോസ്റ്റിന് സമാന്തരമായി ജര്‍മന്‍ പന്ത് നീട്ടിനല്‍കി. പോസ്റ്റിന് മുന്നില്‍നിന്ന ദിദിയര്‍ കാഡിയോയ്ക്ക് പന്ത് തട്ടി വലയിലിടേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ. പന്ത് വലയില്‍ തൊട്ടതും സ്റ്റേഡിയം പൊട്ടിത്തെറിച്ചു. സ്‌കോര്‍ 1-1.

ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍: 85-ാം മിനിറ്റില്‍ മല്‍സരത്തിന്റെ ഗതി മാറ്റിയ ഉജ്വല ഗോളെത്തി. അതും സീസണിലെ രണ്ടാമത്തെ മാത്രം മല്‍സര കളിക്കുന്ന മലയാളി താരം സി.കെ.വിനീതിന്റെ ബൂട്ടില്‍നിന്നും. മൈതാനത്തിന്റെ ഇടതുഭാഗത്തുനിന്ന് പോസ്റ്റ് ലക്ഷ്യമാക്കി ഹോസു പ്രീറ്റോയുടെ ക്രോസ്. ചെന്നൈയിന്‍ ബോക്‌സിലേക്ക് മഴവില്ലു കണക്കെ വളഞ്ഞിറങ്ങിയ പന്ത് കൈപ്പിടിയിലൊതുക്കാന്‍ ഗോള്‍കീപ്പര്‍ ഡുവയിന്‍ കേറിനായില്ല. പന്ത് ക്ലിയര്‍ ചെയ്യാനുള്ള പ്രതിരോധനിര താരം ജെറിയുടെയും ശ്രമം പാളിയതോടെ പന്ത് വിനീതിലേക്ക്. പുറത്തേക്ക് പോകാനൊരുങ്ങിയ പന്തിനെ അസാധ്യമായ ആംഗിളില്‍നിന്നും അസാധ്യമായ മെയ് വഴക്കത്തോടെ വിനീത് ഗോളിലേക്ക് തിരിച്ചുവിട്ടു. രാജ്യാന്തര നിലവാരമുള്ള തകര്‍പ്പന്‍ ഗോള്‍. സ്‌റ്റേഡിയമൊന്നാകെ പൊട്ടിത്തെറിച്ചു. സ്‌കോര്‍ 2-1.

വിജയമുറപ്പിച്ച് മൂന്നാം ഗോള്‍: സീസണിലെ രണ്ടാം മല്‍സരത്തിനിറങ്ങിയ വിനീതിന്റെ മൂന്നാം ഗോള്‍ തൊട്ടുപിന്നാലെയെത്തി. മധ്യവരയ്ക്കു സമീപത്തുനിന്നും വിനീതിനെ ലക്ഷ്യമാക്കി ജര്‍മന്റെ ത്രൂപാസ്. ചെന്നൈയിന്‍ താരങ്ങളുടെ ഓഫ്‌സൈഡ് കെണി വിദഗ്ധമായി പൊട്ടിച്ച് വിനീതിന്റെ മുന്നേറ്റം. കയറിയെത്തിയ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വിനീത് പന്തിന് ഗോളിലേക്കുള്ള വഴി കാട്ടി. സ്റ്റേഡിയമൊന്നാകെ കോരിത്തരിച്ചുപോയി. സ്‌കോര്‍ 3-1.

'പ്രതികാരദാഹികളായി' ആരാധകര്‍

ചെന്നൈയില്‍ വച്ചുനടന്ന മല്‍സരശേഷം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുമായി കോര്‍ത്ത ചെന്നൈയിന്‍ എഫ്‌സിയുടെ ഇറ്റാലിയന്‍ പരിശീലകന്‍ മാര്‍ക്കോ മറ്റരാസിക്കെതിരെ പ്രതിഷധ സൂചകമായി മുന്‍ ഫ്രഞ്ച് താരം സിനദീന്‍ സിദാന്റെ മുഖംമൂടിയണിഞ്ഞാണ് ഒരു വിഭാഗം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ മൈതാനത്തെത്തിയത്. 2006ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിനിടെ പ്രകോപനപരമായി സംസാരിച്ച മറ്റെരാസിയെ സിദാന്‍ തലകൊണ്ടിടിച്ച് താഴെയിട്ടിരുന്നു. ഈ സംഭവത്തിന്റെ ഓര്‍മയ്ക്കായിട്ടായിരുന്നു സിദാന്റെ മുഖംമൂടിയണിഞ്ഞുള്ള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം.

ചെന്നൈയിന്‍ എഫ്‌സി താരങ്ങളുമായെത്തിയ വാഹനം സ്റ്റേഡിയത്തിന് സമീപത്തേക്ക് പ്രവേശിച്ചതുമുതല്‍ കൂകിവിളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ അരിശം തീര്‍ത്തത്. ടീമംഗങ്ങള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന കവാടത്തിന് സമീപം നിലയുറപ്പിച്ച ആരാധകര്‍ മറ്റരാസി വന്നയുടന്‍ മുഖംമൂടി എടുത്തണിഞ്ഞ് പ്രതിഷേധം അറിയിച്ചു. പിന്നീട്, സ്റ്റേഡിയത്തിലേക്ക് മറ്റെരാസി പ്രവേശിച്ചപ്പോഴും ആരാധകരൊന്നാകെ മുഖംമൂടികളും ബാനറുകളും ഉയര്‍ത്തിക്കാട്ടിയും കൂകിവിളിച്ചും സ്‌റ്റേഡിയത്തില്‍ പ്രകമ്പനം തീര്‍ത്തു. 

ബ്ലാസ്റ്റേഴ്‌സ് മങ്ങിപ്പോയ ആദ്യപകുതി

ഗോവയ്‌ക്കെതിരെ ഇതേ സ്‌റ്റേഡിയത്തില്‍ നിറഞ്ഞുകളിച്ച ടീമാണോ ഇതെന്ന് തോന്നിക്കുംവിധമായിരുന്നു മല്‍സരത്തിന്റെ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളി. ക്യാപ്റ്റന്‍ ബെര്‍നാര്‍ഡ് മെന്‍ഡിയുടെ നേതൃത്വത്തില്‍ അവര്‍ തുടര്‍ച്ചയായി ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം ആക്രമിച്ചു. 

ബ്ലാസ്‌റ്റേഴ്‌സിന് അത്ര എളുപ്പമാകില്ല ഈ പോരാട്ടമെന്ന് അടിവരയിടുന്നതായിരുന്നു മല്‍സരത്തിന്റെ ആദ്യ നിമിഷങ്ങള്‍. ജെജെയും ജയേഷ് റാണയും മെന്‍ഡിയുമെല്ലാം ബോക്‌സിലേക്ക് ഇരമ്പിക്കയറിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് തുടക്കം മുതലേ പിടിപ്പതുപണിയായി. ജെജെയും റാണയും ആദ്യമിനിറ്റുകളില്‍ത്തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പറെ പരീക്ഷിച്ചെങ്കിലും ഇരുവരുടെയും ഷോട്ടുകള്‍ തീര്‍ത്തും ദുര്‍ബലമായിപ്പോയി. ഇടയ്ക്ക് റാഫേല്‍ അഗസ്‌റ്റോ പോസ്റ്റിന് തൊട്ടുമുന്നില്‍നിന്ന് തൊടുത്ത ഷോട്ട് ജിങ്കാന്റെ ദേഹത്തുതട്ടി പുറത്തുപോയി. 15 മിനിറ്റ് പൂര്‍ത്തിയകുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വഴങ്ങിയത് നാലു കോര്‍ണറുകളും ഒരു ഫ്രീകിക്കും. ഇവയിലൊന്നുപോലും ഗോളിലേക്കെത്താതെ പോയത് ഭാഗ്യം. വല്ലപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മുന്നേറ്റം നടത്തിയപ്പോള്‍ സ്‌റ്റേഡിയമാകെ പ്രകമ്പനം കൊണ്ടു.

18-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് മല്‍സരത്തിലെ ആദ്യ അവസരം ലഭിച്ചു. ബോക്‌സിന് വെളിയില്‍ വലതുപാര്‍ശ്വത്തില്‍നിന്നും ചെന്നൈ ബോക്‌സിന് സമാന്തരമായി റഫീഖിന്റെ മികച്ച ക്രോസ്. ഗോളിമാത്രം മുന്നില്‍നില്‍ക്കെ ബെല്‍ഫോര്‍ട്ടിന് പന്ത് കണക്ട് ചെയ്യാനായില്ല. തൊട്ടുപിന്നാലെ റഫീഖിനെ ലക്ഷ്യമാക്കി ബെല്‍ഫോര്‍ട്ട് നല്‍കിയ ത്രൂപാസ് നിരങ്ങിയെത്തിയ റീസെ ക്ലിയര്‍ ചെയ്തു. ഇതിന് പിന്നാലെയായിരുന്നു മെന്‍ഡിയുടെ ഗോള്‍. കൂനിന്‍മേല്‍ കുരുവെന്ന പോലെ തൊട്ടുപിന്നാലെ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് പരുക്കേറ്റ് പുറത്തുപോയത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. പകരം ജര്‍മന്‍ കളത്തിലെത്തുമ്പോള്‍ മല്‍സരത്തിന് പ്രായം 28 മിനിറ്റ്.

പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ അപകടം വിതച്ച് മെന്‍ഡിയുടെ മുന്നേറ്റം. മെന്‍ഡിയുടെ ആദ്യശ്രമം സ്റ്റാക്കിന്റെ കൈകളില്‍ അവസാനിച്ചെങ്കിലും രണ്ടാം തവണ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം വിറച്ചു. പന്തുമായി ഓടിക്കയറിയ മെന്‍ഡി ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സ് ലക്ഷ്യമാക്കി കൊടുത്ത ക്രോസ് ഗോള്‍പാകത്തിനുള്ളതായിരുന്നെങ്കിലും പോസ്റ്റിന് മുന്നില്‍നിന്നുള്ള ഡുഡുവിന്റെ ഷോട്ട് അസാധ്യമാംവിധം പുറത്തേക്ക്. 

പിന്നാലെ വിനീതിന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നുരണ്ടു മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഗോളിലേക്കെത്തിയില്ല. ഇടയ്ക്കുലഭിച്ച കോര്‍ണറും ഫ്രീകിക്കും വെറുതെയായി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ലീഡ് വര്‍ധിപ്പിക്കാന്‍ ചെന്നൈയിന് അവസരം ലഭിച്ചതാണ്. എന്നാല്‍, ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും ഗോള്‍ കീപ്പറും തോറ്റിടത്ത് ഭാഗ്യം കൂട്ടിനെത്തി. ഡുഡു വലയിലേക്ക് തട്ടിയിട്ട പന്ത് പുറത്തുപോയി. ആദ്യപകുതിയുടെ ഇന്‍ജുറി സമയത്ത് ബ്ലാസ്റ്റേഴ്‌സ് രണ്ടു കോര്‍ണറുകള്‍ നേടിയെങ്കിലും അവയെ ഗോളാക്കി മാറ്റാനായില്ല.

മഞ്ഞയില്‍ കളിച്ചാടിയ രണ്ടാം പകുതി

ആദ്യപകുതിയില്‍ തീര്‍ത്തും നിറംമങ്ങിപ്പോയ മൈക്കല്‍ ചോപ്രയ്ക്ക് പകരം കാഡിയോയെ ഇറക്കിയാണ് രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. ആദ്യപകുതിയില്‍ കളത്തില്‍നിന്ന് കയറിയ ടീമേ ആയിരുന്നില്ല ഇടവേളയ്ക്കുശേഷമെത്തിയ ബ്ലാസ്റ്റേഴ്‌സ്. തുടക്കം മുതലേ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ചെന്നൈയിന്‍ ഗോള്‍മുഖത്ത് ഇരച്ചുകയറി. ചോപ്രയ്ക്ക് പകരമെത്തിയ ഐവറി കോസ്റ്റ് താരം കാഡിയോ ആയിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങളുടെ കുന്തമുന. 51-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ മുന്നേറ്റം ബോക്‌സിനുള്ളില്‍ കാഡിയോയിലേക്കെത്തുമ്പോള്‍ മുന്നില്‍ ഗോളിമാത്രം. എന്നാല്‍ കാഡിയോയുടെ ഷോട്ട് തീര്‍ത്തും ദുര്‍ബലമായിപ്പോയി.

54-ാം മിനിറ്റില്‍ റഫറിയുടെ പിഴവില്‍ ബ്ലാസ്റ്റേഴ്‌സിന് അര്‍ഹിച്ച ഗോള്‍ നഷ്ടമായി. ജിങ്കാനില്‍നിന്ന് ലഭിച്ച പന്തുമായി ജര്‍മന്റെ മുന്നേറ്റം. ചെന്നൈയിന്‍ പ്രതിരോധനിരയെ ഓടിത്തോല്‍പ്പിച്ച് ജര്‍മന്‍ ബോക്‌സിലേക്കെത്തുമ്പോള്‍ മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം. കയറിയെത്തിയ ഗോള്‍കീപ്പറിന്റെ കാലില്‍ത്തട്ടി ജര്‍മന്‍ ബോക്‌സിനുള്ളില്‍ വീണു. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളും ആരാധകരും പെനല്‍റ്റി പ്രതീക്ഷിച്ചുനില്‍ക്കെ ജര്‍മന് റഫറിയുടെ വക മഞ്ഞക്കാര്‍ഡ്. ജര്‍മനെ ഗോളി വീഴ്ത്തിയതല്ല, ജര്‍മന്‍ വീഴുന്നതായി അഭിനയിച്ചതാണെന്നായിരുന്നു റഫറിയുടെ ന്യായം. റീപ്ലേകളില്‍ മറിച്ചാണെന്ന് വ്യക്തമായി. പിന്നാലെ 67-ാം മിനിറ്റില്‍ കാഡിയോയുടെ ഗോള്‍.

തുടര്‍ന്നങ്ങോട്ട് ബ്ലാസ്‌റ്റേഴ്‌സ് മിന്നിക്കളിച്ച നിമിഷങ്ങളായിരുന്നു നിറയെ. അലയാഴി പോലെയെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണങ്ങള്‍ക്കുമുന്നില്‍ ചെന്നൈ പ്രതിരോധ പതറിപ്പോയ നിമിഷങ്ങള്‍. 76-ാം മിനിറ്റില്‍ റഫീഖിന് പകരം മലയാളി താരം റിനോ ആന്റോയുമെത്തിയതോടെ സ്‌റ്റേഡിയം പൂരപ്പറമ്പു പോലെയായി. പിന്നാലെ ചെന്നൈയിന്‍ നിരയില്‍ ജെജെയ്ക്ക് പകരം ഹാന്‍സ് മുള്‍ഡര്‍ വന്നു. അതോടെ ചെന്നൈയിന്‍ നിരയിലും അനക്കം വച്ചു. എന്നാല്‍, മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഇരട്ടഗോളുമായി വിനീത് അവതരിച്ചതോടെ ചെന്നൈയിന്റെ പോരാട്ടം തീര്‍ന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :