ഐഎസ്എല്‍ മൂന്നാം സീസണിലെ സെമിഫൈനല്‍ മല്‍സരങ്ങള്‍ നാളെ തുടങ്ങും. നാളെ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ എഫ്.സിയും തമ്മിലാണ് മല്‍സരം. ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സ് - ഡല്‍ഹി ഡൈനാമോസിനെ നേരിടാനിറങ്ങും.
രണ്ടരമാസം നീണ്ട ഫുട്ബോള്‍ മാമാങ്കത്തിന്റെ കിരീടാവകാശിയെ കണ്ടെത്താന്‍ ഇനി അഞ്ചു പോരാട്ടങ്ങള്‍ മാത്രം. ഇന്ത്യന്‍ ഫുട്ബോളിന്റെ ആവേശം ലഹരിയായി പതഞ്ഞിറങ്ങിയ മൈതാനങ്ങളെ കാത്തിരിക്കുന്നത് നോക്കൗട്ട് മല്സരാവേശത്തിന്റെ ഇരട്ടിമധുരം. ആദ്യ രണ്ട് സീസണുകളിലും പരാജയമായിരുന്ന മുംബൈ സിറ്റി എഫ്.സി. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ ഫോര്‍ലാന്റെ മികവില്‍ ഉദിച്ചുയര്‍ന്നപ്പോള്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായി.
നാലാം സ്ഥാനക്കാരായി സെമിയിലെത്തിയ ഇയാന്‍ ഹ്യൂമിന്റേയും ഹെല്‍ഡര്‍ പോസ്റ്റിഗയുടേയും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ഫോര്‍ലാന്റെ കൂട്ടര്‍ക്ക് എതിരാളി. തുല്യശക്തികളുടെ പോരാട്ടമെന്ന് ഉറപ്പിക്കാം. അതിവേഗ ഫുട്ബോളിന്റെ കളിയഴക് തീര്‍ത്താണ് ഡല്‍ഹി ഡൈനാമോസ് സെമിയിലെത്തിയത്. ഫ്ളോറന്റ് മലൂദ, മാര്സെലീഞ്ഞ്യോ, റിച്ചാര്‍ഡ് ഗാഡ്സെ ത്രയത്തിന്റെ തേരോട്ടമായിരുന്നു ആദ്യ റൗണ്ടില്‍.
ഡല്‍ഹിയോളം കരുത്തവകാശപ്പെടാനില്ലെങ്കിലും ആര്‍ക്കും പിന്നിലല്ല നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സ് സ്റ്റീവ് കോപ്പലെന്ന കളിയാശാന്റെ തന്ത്രങ്ങള്‍ ആയുധമാക്കിയാണ് കുതിച്ചത്. ജയമറിയാതെ തപ്പിയും തടഞ്ഞും തട്ടിക്കളിച്ച ബ്ലാസ്റ്റേഴ്സിനെ സെമിയിലെത്തിച്ചത് സി.കെ.വിനീതിന്റെ മിന്നും ഗോളുകളാണ്. ഹോംഎവെ മല്‍സരങ്ങളുടെ രണ്ടുപാദ പോരാട്ടങ്ങള്‍ക്കൊടുവില്‍ അടുത്തബുധനാഴ്ച അറിയാം കിരീടപ്പോരാട്ടത്തിനെത്തുക ആരൊക്കെയെന്ന്.