ഐഎസ്എല്‍ മൂന്നാം സീസണ് അരങ്ങേറ്റം അവിസ്മരണീയമാക്കി ഡല്‍ഹി ഡൈനാമോസിന്റെ വിജയം. ചാംപ്യന്മാരായ ചെന്നൈയിന് എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്പിച്ചു. ബ്രസീല്‍ താരം മാര്സെലീഞ്ഞ്യോ ഡല്‍ഹിക്കായി ഇരട്ടഗോള്‍ നേടി.
അതിവേഗ ഫുട്ബോളിന്റെ വശ്യതകണ്ട ആദ്യ പകുതിയിലായിരുന്നു യഥാര്ഥപോരാട്ടം. ചാംപ്യന്മാര്ക്കൊത്ത മികവോടെ ഡല്‍ഹിയുടെ പോസ്റ്റില്‍ തമ്പടിച്ച മുന്നേറ്റം. അപ്രതീക്ഷിത നീക്കത്തില്‍ ചെന്നൈയിന്റെ വലകുലുക്കാന്‍ ഡല്‍ഹിക്കായെങ്കിലും ലൈന്‍ റഫറിയുടെ കൈയ്യില്‍ ഓഫ്സൈഡ് കൊടി ഉയര്‍ന്നു. ഒട്ടുംവൈകാതെ ഗോളെത്തി. 25ാം മിനിറ്റില്‍. മിലന് സിങ്ങിനെതിരെ ചെന്നൈയിന് ഗോളിയുടെ ഫൗള്‍.
മാര്സെലിഞ്ഞ്യോയുടെ പെര്‍ഫെക്ട് കിക്കിനെ തടുക്കാന്‍ ജമൈക്കന്‍ ഗോളി ഡ്വെയ്ന്‍ കൗറിനായില്ല. ഏഴു മിനിറ്റിനുള്ളില്‍ ചെന്നൈയിന് തിരിച്ചടിച്ചു. ഡുഡുന്റെ ഷോട്ട് ഗോളി ഡോബ്ലാസിന്റെ കൈക്കുള്ളിലൂടെ വലയ്ക്കുള്ളിലേക്ക്. ചെന്നൈയിന്റെ സമനില ഗോളിന് രണ്ടു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. മാര്സെലീഞ്ഞ്യോയ്ക്ക് ഇരട്ടഗോളിന് വഴിയൊരുക്കി റിച്ചാര്‍ഡ് േഗാഡ്സെയുടെ മനോഹരമായ പാസ്.
മാര്സെലീഞ്ഞ്യോ-േഗാട്സെ സഖ്യത്തിന്റെ നീക്കങ്ങള്‍ പലകുറി ഭീഷണി ഉയര്‍ത്തിയെങ്കിലും കൂടുതല്‍ ലീഡ് വഴങ്ങാതെ ചെന്നൈയിന് ആദ്യപകുതിയില്‍ കഷ്ടിച്ച് കടന്നുകൂടി. രണ്ടാംപകുതിയില്‍ കളിവേഗം കുറച്ച് പന്ത് നിയന്ത്രണത്തിലാക്കി പൊസഷന്‍ ഫുട്ബോള്‍ കളിച്ച ഡൈനാമോസ് ചെന്നൈയിനെ വെള്ളം കുടിപ്പിച്ചു. ഗോട്സെയുടെ പകരക്കാരനായി ഇറങ്ങിയ ബാദ്ര ബാദ്ജിയിലൂടെ 84ാം മിനിറ്റില്‍ ഡല്‍ഹി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഡല്‍ഹിയുടെ ഇറ്റാലിയന്‍ പരിശീലകന് ജിയാന്‍ ലൂക്ക സംബ്രോട്ടയ്ക്ക് ഐഎസ്എല്ലില്‍ അരങ്ങേറ്റ വിജയം.
Advertisement