ഐഎസ്എല്ലില്‍ ഡല്‍ഹി - നോര്‍ത്ത് ഈസ്റ്റ് പോരാട്ടം ഓരോ ഗോള്‍ സമനിലയില്‍. ഡല്‍ഹിയ്ക്കായി കീന്‍ ലൂയിസും നോര്‍ത്ത് ഈസ്റ്റിനായി അല്‍ഫാരോയും ഗോള്‍ നേടി. മൂന്നാം സീസണിലെ ഏറ്റവും ആവേശകരമായ മല്‍സരത്തിനാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്
അടിച്ചും തിരിച്ചടിച്ചും ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും 90 മിനിറ്റും വീറോടെ പോരാടിയപ്പോള്‍ മല്‍സരം വിദേശ ലീഗുകളിലെ ക്ലാസിക് പോരാട്ടങ്ങള്‍ക്കൊപ്പം നിന്നു. രണ്ടാം മിനിറ്റില്‍ ഡൈനാമോസ് സ്ട്രൈക്കര്‍ മാര്സലീഞ്ഞ്യോയുടെ ടാര്‍ഗറ്റ് ഷോട്ടോടോയാണ് കളിയുണര്‍ന്നത്. ആക്രമണത്തില്‍ നോര്‍ത്ത് ഈസ്റ്റിനായിരുന്നു മുന്‍തൂക്കമെങ്കിലും ആദ്യ ഗോള്‍ നേടിയത് ഡല്‍ഹിയാണ്. 38ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ഇന്ത്യന്‍ താരം കീന്‍ ലൂയിന്റെ ഗോള്‍
മൂന്നു മിനിറ്റിനുള്ളില്‍ തന്നെ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ മടക്കാനുള്ള ശ്രമം ഡല്‍ഹി ഗോളി ടോണി ഡോബ്ലാസിന്റെ മികവ് കൊണ്ട് മാത്രം നഷ്ടമായി. ഡല്‍ഹിയുടെ മുന്നേറ്റവും നോര്‍ത്ത് ഈസ്റ്റിന്റെ കൗണ്ടര്‍ അറ്റാക്കും തീര്‍ത്ത ആവേശത്തോടെ ഗാലറിയെ ഇളക്കിമറിച്ചാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഡല്‍ഹിയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മടക്കി. നിക്കോളാസ് വെലസിന്റെ പാസില്‍ എമിലിയാനോ അല്‍ഫാരോയുടെ ഫിനിഷിങ്
സീസണില്‍ അല്‍ഫാരോയുടെ നാലാം ഗോള്‍. തുടര്‍ന്നങ്ങോട്ട് ലീഡ് നേടാന്‍ ഇരുടീമുകളുടേയും മരണപ്പോരാട്ടം. ഷോട്ടുകള്‍ പലതും പോസ്റ്റിനെ തഴുകിയും വിറപ്പിച്ചും പാഞ്ഞു. ആവേശം അതിരുവിട്ടപ്പോള്‍ മഞ്ഞക്കാര്‍ഡുകളുടെ ഉല്‍സവമായി. 28 ഫൗളുകള്‍. 9 മഞ്ഞക്കാര്‍ഡുകള്‍. സമനിലയിലൂടെ നേടിയ ഒരു പോയിന്റില്‍ നോര്‍ത്ത് ഈസ്റ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആദ്യ ഹോംമാച്ചില്‍ തോല്‍ക്കേണ്ടി വന്നില്ലെന്നത് ഡല്‍ഹിക്ക് ആശ്വാസമായി.
Advertisement