ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇനി നിര്ണായകപോരാട്ടങ്ങള്. പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ നാളെ ഹോംഗ്രൗണ്ടില്‍ പുണെയ്ക്കെതിരെ അടക്കം ശേഷിക്കുന്ന മൂന്നു മല്‍സരങ്ങളും വിജയിക്കണം. നിലവില്‍ 15 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
കാര്യമായ വെല്ലുവിളികളില്ലാതെ പ്ലേഓഫിലേക്ക് കുതിച്ച കേരള ബ്ലാസ്റ്റേഴ്സിന് മുംബൈ എഫ്.സിക്കെതിരായ അഞ്ചു ഗോളിന്റെ വമ്പന്‍ തോല്‍വിയാണ് തിരിച്ചടിയായത്. കഴിഞ്ഞ രണ്ട് സീസണുകളേയും അപേക്ഷിച്ച് ലീഗ് അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴും പ്ലേഓഫില്‍ ഏതൊക്കെ ടീമുകളെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു മല്സരംമാത്രം ശേഷിക്കെ 22 പോയിന്റ് നേടിയ മുംബൈ എഫ്.സി മാത്രമാണ് അവസാന നാലില്ഇടം ഉറപ്പിച്ചത്. അവസാന സ്ഥാനത്ത് നില്ക്കുന്ന ഗോവയൊഴിച്ച് മറ്റു ടീമുകള്‍ തമ്മില്‍ ഒന്നോ രണ്ടോ പോയിന്റിന്റെ വ്യത്യാസം മാത്രം. അതുകൊണ്ട് തന്നെ ഇനിയുള്ള എല്ലാ മല്‍സരങ്ങളും എല്ലാ ടീമുകള്‍ക്കും സുപ്രധാനമാണ്.
ആറും ഏഴും സ്ഥാനങ്ങളിലെ നോര്‍ത്ത് ഈസ്റ്റും ചെന്നൈയിനും 14 പോയിന്റ് വീതമാണുള്ളത്. നാലാം സ്ഥാനത്തുള്ള പുണെയ്ക്കും ബ്ലാസ്റ്റേഴ്സിനും 15 പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയില്‍ പുണെയാണ് മുന്നില്‍. മുംബൈയ്ക്കെതിരെ വാങ്ങിച്ചൂകൂട്ടിയ അഞ്ചു ഗോളുകള്‍ സ്ഥാനനിര്ണയത്തില് ബ്ലാസ്റ്റേഴ്സിന് ബാധ്യതയാകുമെന്ന് ഉറപ്പ്. നാളെ പുണെയ്ക്കെതിരെ സ്വന്തം മൈതാനത്ത് ഗോള്‍മഴ പെയ്യിച്ച് വിജയിക്കാനായാല്‍ ബ്ലാസ്റ്റേഴ്സിന് ആദ്യകടമ്പ കടക്കാം.