കൊച്ചിയുടെ മൈതാനത്തില്‍ ഇന്ന് സി.കെ. വിനീത് കൊല്‍ക്കത്തയുടെ ഗോള്വലകുലുക്കുന്നതും കാത്തിരിക്കുകയാണ് കണ്ണൂര്‍ വേങ്ങാടെ വിനീതിന്റെ കുടുംബവും നാട്ടുകാരും. ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രധാനതാരമായി മാറിയ വിനീത് നിര്‍ണായക അഞ്ചുഗോളുകളിലൂടെയാണ് കേരളത്തിന്റെ കണ്ണിലുണ്ണിയായി മാറിയത്.
വന്മതിലുകളെ വെട്ടിച്ച് എതിര്‍ഗോള്‍വല തുടരെ ചലിപ്പിച്ച വിനീതിന് ബൂട്ടുകള്‍ക്ക് ഫൈനലിലും ബ്ലാസ്റ്റേഴ്സുവേണ്ടി മാന്ത്രികപ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.വിനീതിന്റെ പ്രകടനം നാടിന്റെ പേരുയര്ത്തിയതോടെ ആവേശത്തിലായി നാട്ടുകാരും. ഐഎസ്എല്ലിലെ വിനീതിന്റെ ഇരട്ടഗോളിന്റെ മധുരക്കാഴ്ച ഇന്ന് കൊല്‍ക്കത്തക്കെതിരേയും ആവര്‍ത്തിക്കുമെന്ന ഉറച്ചവിശ്വാസമാണ് പിതാവ് വാസുമാഷിന്. ഫുട്ബോളില്‍ കേരളത്തിനുമേല്വിലാസം നല്കി മൈതാനത്ത് തിളങ്ങുന്ന ഭര്‍ത്താവിന്റെ ഫൈനല്പ്രകടനത്തില് ഭാര്യ ശരണ്യക്കും തെല്ലും സംശയമില്ല.
കേരളബ്ലാസ്റ്റേഴ്സിന്റെ പ്രകടനം കാണാന്‍ വട്ടിപ്രം ഗ്രാമത്തില്‍ വലിയസ്ക്രീനും ഒരുക്കിയിട്ടുണ്ട്.ഒപ്പം ബിരിയാണിയും. ബംഗളുരുവിലെ ഫുട്ബോള്‍ ക്ലബ് മല്‍സരത്തിനുശേഷം ശേഷം ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്ന വിനീത് കാഴ്ചവെച്ച പ്രകടനം മലയാളിയെ ഫുട്ബോള്‍ ആരാധകരാക്കി മാറ്റിക്കഴിഞ്ഞു. മുന്‍നിരയിലെ പ്രധാനശത്രുവിനെ തളക്കാന്‍ കൊല്‍ക്കത്ത ആസൂത്രണം ചെയ്ത പദ്ധതികളെ മറികടക്കാന്‍ വിനീതിന് കഴിയട്ടെയെന്നാണ് ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പ്രാര്‍ഥന.