ആദ്യകിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഏറെ നിര്‍ണായകമാണ് സി.കെ.വിനീതിന്റെ പ്രകടനം. അഞ്ചു ഗോളുകളുമായി ബ്ലാസ്റ്റേഴ്സിന്റെ പട്ടികയില്‍ ഒന്നാമനാണ് വിനീത്. വേഗവും കൃത്യതയും ഒത്തുചേരുന്നിടത്താണ് വിനീത് എന്ന കൂത്തുപറമ്പുകാരന് സ്റ്റീവ് കോപ്പലിന്റെ വജ്രായുധമാകുന്നത്.
അന്ന് നവംബര്‍ എട്ട്.. സമനിലകളുടേയും തോല്‍വികളുടേയും വാരിക്കുഴിയില്‍ കിടന്ന ബ്ലാസ്റ്റേഴ്സിനെ ഉയര്‍ത്താന്‍ തനി നാടന്‍ കരിവീരനൊരുത്തന് കളിത്തട്ടിലേക്കിറങ്ങി.
ലീഗിന്റെ പകുതിയിലധികവും പിന്നിട്ടിരുന്നു വിനീത് എത്തിയപ്പോഴേക്കും. എന്നാല്‍ ശേഷിച്ച ആറുമല്‍സരങ്ങളിലും മികവിന്റെ തീപ്പൊരി ചിതറി ആ ബൂട്ടുകളില്‍ നിന്ന്. കൊച്ചിയില്‍ പാണ്ടിമേളപ്പെരുക്കത്തിനെത്തിയ ചെന്നൈയിനാണ് കണ്ണൂരുകാരന്റെ വീറു വാശിയും ശരിക്കും അനുഭവിച്ചത്.
കൊല്‍ക്കത്തയില്‍ ചെന്ന് കൊല്‍ക്കത്തയേയും, കേരളത്തിലെത്തിയ നോര്‍ത്ത് ഈസ്റ്റിനേയും വിറപ്പിച്ച് അഞ്ചുഗോളുകളുമായി പടയോട്ടം തുടരുന്നു. പോസ്റ്റിന് മുന്നില്‍ ലഭിക്കുന്ന അര്‍ധാവസരങ്ങള്‍ പോലും ലക്ഷ്യത്തിലെത്തിക്കുന്നതിലെ മികവാണ് വിനീതിനെ അപകടകാരിയാക്കുന്നത്. ഐഎസ്എല്‍ മൂന്നാം സീസണിലെ കളിയാശാനായ സ്റ്റീവ് കോപ്പല്‍ കലാശപ്പോരിനുള്ള തന്ത്രങ്ങള്‍ മെനയുമ്പോള്‍, സുപ്രധാന കണ്ണിയായി വിനീതുണ്ടാകുമെന്നുറപ്പ്