ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ മുൻനിരക്കാരുടെ പോരാട്ടത്തിൽ ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അത്ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന നോർത്ത് ഈസ്റ്റിനെ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് കൊൽക്കത്ത തോൽവിയിലേക്ക് തള്ളിവിട്ടത്. കൊൽക്കത്തയ്ക്കായി മാർക്വീ താരം ഹെൽഡർ പോസ്റ്റിഗ (63), സ്പാനിഷ് താരം യുവാൻ ബെലൻകോസോ (82) എന്നിവർ ഗോളുകൾ നേടി. സീസണിൽ പോസ്റ്റിഗയുടെ ആദ്യ ഗോളാണിത്. നോർത്ത് ഈസ്റ്റിന്റെ ആശ്വാസഗോൾ ഉറുഗ്വായ് താരം എമിലിയാനോ അൽഫാരോ (39) നേടി. സീസണിൽ ടോപ് സ്കോറർ സ്ഥാനത്തുള്ള അൽഫാരോയുടെ അഞ്ചാം ഗോളാണിത്.
സീസണിൽ മൂന്നാം വിജയം കുറിച്ച കൊൽക്കത്ത ഏഴു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഇത്രതന്നെ മൽസരങ്ങളിൽനിന്ന് 10 പോയിന്റുള്ള നോർത്ത് ഈസ്റ്റ് മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഉറുഗ്വായ് താരത്തിന്റെ ഗോളിലൂടെ മുന്നിലെത്തിയ നോർത്ത് ഈസ്റ്റിനെ പോർച്ചുഗൽ, സ്പെയിൻ താരങ്ങളുടെ ഗോളുകളിലൂടെ കൊൽക്കത്ത മറികടന്നുന്ന കാഴ്ചയാണ് ഗുവാഹത്തി സ്റ്റേഡിയത്തിൽ കണ്ടത്. മൂന്നു ഗോളുകൾക്കും വഴിയൊരുക്കിയതാകട്ടെ ഇന്ത്യൻ താരങ്ങളും. അൽഫാരോയുടെ ഗോളിന് നിര്‍മൽ ഛേത്രി വഴിയൊരുക്കിയപ്പോൾ, കൊൽക്കത്തയുടെ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയ ലാൽറിന്ഡികെ റാൾട്ടെയും മികവുകാട്ടി.