പൂഞ്ഞാറിന്റെ പുണ്യാളന് ആളൊരു മഹാന് തന്നെയാണ്. എല്ലാം ഒറ്റയ്ക്കാണ്. ഒറ്റയ്ക്ക് പാര്‍ട്ടിവിടും. ഒറ്റയ്ക്ക് പാര്‍ട്ടിയുണ്ടാക്കും. ഒറ്റയ്ക്ക് മല്‍സരിക്കും. ജയിക്കും. ആളൊരു മാസാണെന്നും എന്നാല്‍ വെറും മാസല്ല മരണമാസാണെന്നും ആരാധാകരെക്കൊണ്ട് പറയിപ്പിക്കും. ഇനി പറഞ്ഞില്ലെങ്കില്‍ ബിരിയാണിയും വണ്ടിക്കൂലിയും കൊടുത്താണെങ്കിലും പൂഞ്ഞാറിന്റെ പൊന്നുമോന് പറയിപ്പിക്കും. അതാണ് രീതി. അതാണ് ശീലം.
സമയവും കാലവും കുറിച്ച് മുഹൂര്‍ത്തം ഗണിച്ചാണ് പി.സി.ജോര്‍ജ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനെത്തിയത്. ജനപക്ഷം എന്നാണ് ഇത്തവണത്തെ സംഘടനയ്ക്ക് പേര്. ഈ പേരൊക്കെ എവിടുന്നു സംഘടിപ്പിക്കുന്നോ ആവോ. പി.സി.തന്നെ സ്വന്തം നിലയ്ക്ക് ഉണ്ടാക്കുന്ന മൂന്നാമത്തെ രാഷ്ട്രീയ പ്രസ്ഥാനമാണിത്. ഈ പാര്‍ട്ടി വരുന്നതോടെ കേരളം വീണ്ടും ദൈവത്തിന്റെ സ്വന്തം നാടാവുമെന്നാണ് പി.സി.പറയുന്നത്. ആയാല്‍ കൊള്ളാമായിരുന്നു. പക്ഷേ തന്നെമാത്രമേ ആരാധിക്കാവൂ എന്നൊന്നും പറഞ്ഞ് വരാതിരുന്നാല്‍ മതിയായിരുന്നു.
ഓരോ കാലത്തും തന്റെ രാഷ്ട്രീയ നീക്കത്തിന് പി.സി. ജോര്‍ജിന് വലിയ വലിയ കാരണങ്ങളുണ്ട്. ചുമ്മാതെ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും പയറ്റുകയും ചെയ്യുന്ന ആളല്ല ജോര്ജച്ചായന്. അതിനൊക്കെ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അല്ലെങ്കില്‍ പിന്നെ മാണി കോണ്‍ഗ്രസില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം എത്രവളവും തിരിവും തിരിച്ചിറക്കവും കഴിഞ്ഞാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. സംഗതി സിംപിളാണ്, മാണി കോണ്‍ഗ്രസില്‍ നിന്ന് ചാടി ജോസഫ് വിഭാഗത്തിലേക്ക്. പിന്നെ ഇടതുപക്ഷത്തോടൊപ്പം. വീണ്ടും മാണി കോണ്‍ഗ്രസിലേക്ക്. അതുകഴിഞ്ഞ് ഒറ്റയ്ക്ക് പുറത്തേക്ക്. ഇനി എവിടുന്ന് പുറത്തുപോകും എന്നാലോചിച്ചപ്പോഴാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചാലോയെന്ന് ഉള്‍വിളിയുണ്ടായത്. പിന്നെ ഒട്ടും അമാന്തിച്ചില്ല.
പുതിയ പാര്‍ട്ടി രാഷ്ട്രീയ പാര്‍ട്ടി അല്ലെന്നൊക്കെ പിസി പറയും. എന്താണെന്നറിയോ, മറ്റൊന്നുമല്ല, ഇലക്ഷന് കമ്മിഷനെ പേടിച്ചാണ്. എംഎല്‍എ സ്ഥാനം വരെ പോകുന്ന കേസാണ്. അതുവിട്ട് കളിക്കാന്‍ വേറെ ആളെനോക്കണം.
വിപുലമായ സമ്മേളനവും ഭാവിപരിപാടികളുമൊക്കെ വഴിയെ വരും. ഇതൊക്കെ പി.സി. എത്രകണ്ടതാ. ഒന്നുമില്ലേലും ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാപക നേതാവ് എന്ന നിലയില്‍ റെക്കോര്‍ഡ് വരെ പ്രതീക്ഷിക്കാവുന്ന ആളാണ്. കേരള കോണ്‍ഗ്രസ് വിട്ടസമയത്ത് കേരള കോണ്‍ഗ്രസ് സെക്യുലര്‍ എന്നൊരു പാര്‍ട്ടിയുണ്ടാക്കി. പിന്നെ അതുവിട്ട് തിരിച്ച് മാണിസാറിനൊപ്പം പോയി. പിന്നെ അരുവിക്കര തിരഞ്ഞെടുപ്പ് സമയത്താണ് അഴിമതി വിരുദ്ധ ജനകീയ മുന്നണി ഉണ്ടാക്കുന്നത്.
പറഞ്ഞപോലെ മനസു ഒന്നു നന്നായിക്കണ്ടാല്‍ മാത്രം മതി. ആളുകളൊക്കെ വഴിയെ വന്നോളും ശ്രീ പി.സി.ജോര്‍ജ്. പക്ഷേ ഇങ്ങനെ പാടണോ വേണ്ടയോ എന്നകാര്യത്തില്‍ ചില സംശയങ്ങളൊക്കെ ഇല്ലാതില്ല.