ബിജെപിയില്‍ അടുത്തിടെ വന്ന താരോദയമാണ് എ എന്‍ രാധാകൃഷ്ണന്. ആളു വിചാരിച്ച പോലെയൊന്നുമല്ല. പാര്‍ട്ടി പ്രത്യേകിച്ചൊന്നും ഏല്‍പ്പിച്ചില്ലെങ്കിലും അദ്ദേഹം ഓരോന്ന് ഏറ്റെടുത്തോളും. പാക്കിസ്ഥാനിലേക്ക് ആളെക്കയറ്റി വിടുന്നതാണ് പുതുതായി ഏറ്റെടുത്ത ജോലി. സംവിധായകന്കമലിനെ ആദ്യ പട്ടികയില്‍ തിരഞ്ഞെടുക്കുകയും ചെയ്തു. പാക്കിസ്ഥാന് ടൂറിസം വകുപ്പിന്റെ വല്ല കമ്മിഷനും വാങ്ങുന്നുണ്ടോ എന്ന് അന്വേഷിച്ചാല്‍ കൊള്ളാം. ഇന്ത്യയില്‍ ആരൊക്കെ ജീവിക്കണം ആരൊക്കെ പുറത്തു പോകണം എന്ന് ഇനി മുതല്‍ ഈ സാറു തീരുമാനിക്കും
ദേശീയത എടുത്ത് പിടിച്ചാണ് രാധാകൃഷ്ണന്റെ ഷോ. ദേശീയ ഗാനത്തെയും ദേശീയ ചിഹ്നങ്ങളെയും അംഗീകരിക്കാനായില്ലെങ്കില്‍ സംവിധായകന് കമല്‍ രാജ്യം വിട്ടു പോകുന്നതാണ് നല്ലത് എന്നാണദ്ദേഹത്തിന്റെ ഡയലോഗ്. കേട്ടാല്‍ തോന്നും ദേശീയ ഗാനത്തെയും മറ്റും അംഗീകരിക്കില്ല എന്ന് കമല്‍ പറഞ്ഞെന്ന്. കമല്‍ അങ്ങനെ പറയണം എന്നൊന്നും രാധാകൃഷ്ണനില്ല. വായില്‍ തോന്നിയത് പറയാനുള്ള ലൈസന്‍സ് അദ്ദേഹത്തിന് പ്രവീണ്‍ തൊഗാഡിയയോ സാക്ഷി മഹാജനോ അയച്ചു കൊടുത്തിട്ടുണ്ടെന്നാണ് തോന്നുന്നത്.
രാധാകൃഷ്ണന് എംടി മിണ്ടരുത് എന്നു പറഞ്ഞപ്പോള്‍ പലരും സംശയിച്ചതാണ്. അത്രയൊക്കെ പറയാനായോ എന്ന്. അതൊക്കെ എന്ത്. ഇന്ന് ഇന്റര്‍നാഷണല്‍ കേസാണ് രാധാകൃഷ്ണന് എടുത്ത് വീശിയത്. ചെഗുവേരക്കെതിരെയാണ് അടി. ബിബിസി വച്ചു നോക്കിയാലറിയാം വാര്‍ത്ത വന്നിട്ടുണ്ടോന്ന്. കേരളത്തില്‍ ചെഗുവേരയുടെ പടം നിരോധിക്കണം എന്നാണ് നിര്‍ദേശം.പകരം എ എന്‍ രാധാകൃഷ്ണന്റെ പടം വച്ച് പോസ്റ്ററിച്ചാല് ശാന്തിയും സമാധാനവും വരുമായിരിക്കും