മൂന്നുപേരാണ് ഇന്നത്തെ പ്രധാന നടന്മാര്. നമ്മുടെ വിദ്യാഭ്യാസ മന്ത്രി ലീഡ് റോള്‍ ഏറ്റെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ബാക്കിയുള്ളവരെ വഴിയെ പരിചയപ്പെടുത്താം. സംഭവം കേരളത്തിലെ അധ്യാപകരുടെ സംഘടനാ സമ്മേളനങ്ങളാണ്. സംഘാടകര്‍ എല്ലാവര്ക്കും വിദ്യാഭ്യാസ മന്ത്രിയെ തന്നെ വേണം. ചുമ്മാതല്ല, മാഷ്മ്മാര് അങ്ങനെയെങ്കിലും നാലക്ഷരം പഠിക്കുകയും പൊതുവിജ്ഞാനും കൂട്ടുകയും ചെയ്യട്ടെ എന്ന് കരുതിയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനാവേദിയെങ്കില് ഇന്ന് സ്വന്തം അതായത് ഇടതുസംഘനയായ കെഎസ്ടിഎയുടെ സംസ്ഥാന സമ്മേളന പരിപാടിയായിരുന്നു. ഫിസിക്സില്‍ വല്യ ആളാണെങ്കിലും സാമ്പത്തിക ശാത്രത്തിലാണ് ഇന്നത്തെ ക്ലാസിന്റെ തുടക്കം. സ്കൂളില്‍ പിരീയഡ് മാറുന്നപോലെ വിഷയങ്ങള്‍ ഇങ്ങനെ മാറിക്കൊണ്ടിരിക്കും. എന്നാല്‍ പഠിപ്പിക്കുന്ന ആള് മാറാത്ത അപൂര്‍വം സാഹചര്യങ്ങളിലൂടെയാണ് കേരളത്തിലെ അധ്യാപകര്‍ കടന്നുപോകുന്നത്. അവര്‍ക്ക് അങ്ങനെ തന്നെ വേണം.
ജിഡിപിയും ഹ്യൂമന്‍ ഡെവലപ്്മെന്റ് ഇന്‍ഡക്സും ഒക്കെ പഠിച്ച സ്ഥിതിക്ക് ഇനി അടുത്തത് സയന്‍സ് പിരീയഡാണ്. സംഗതി സിംപിളാണ്. മഴപെയ്യുന്നത് എങ്ങനെ? എന്തുകൊണ്ട്?·
ശാസ്ത്രസാഹിത്യ പരിഷത്തിലൊക്കെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് മന്ത്രിക്ക് എല്ലാവരും കുട്ട്യോളാണ്. പിന്നെയങ്ങ് സ്വയം മാഷും ആവും. എന്താന്നറിയില്ല. അങ്ങനെയായിപ്പോയി. അതൊരു തെറ്റൊന്നുമല്ലല്ലോ. പക്ഷേ കേട്ടിരിക്കുന്നവര്‍ക്ക്, അതും അധ്യാപകര്‍ക്ക്, ചോദ്യങ്ങള്‍ ചോദിച്ചു മാത്രം ശീലമുള്ളവര്‍ക്ക്, അവരെ സംബന്ധിച്ച് ആദ്യമായാണെന്ന് തോന്നുന്നു തിരിച്ചിങ്ങോട്ട് ചോദ്യങ്ങളുണ്ടാവുന്നത്. അതുകൊണ്ട് ഉത്തരങ്ങളെപ്പറ്റി വലിയ ധാരണയൊന്നും ഉണ്ടായതേയില്ല.
പ്രസംഗം അതും പഠിപ്പിക്കല്‍ ഒരു വെറുപ്പിക്കല്‍ ആവാതിരിക്കാന്‍ പ്രഫസറെ തന്നെ നോക്കിയിരുന്നാല്‍ മതി. അധ്യാപനം വെറും ഒരു കലമാത്രമല്ലെന്നും അതൊരു ഒന്നൊന്നര കലാപ്രകടനങ്ങള്‍ക്കുള്ള സ്കോപുള്ള പരിപാടിയാണെന്നും പ്രഫസര്‍ മന്ത്രി കാണിച്ചു തരും. സംശയമുണ്ടെങ്കില്‍ ദാ കണ്ടു നോക്ക്.