നാളെ നാളെ നാളെ. നാളെയാണ് നാളെ. നാളെ മുതലാണ് ഇന്ത്യയില്‍ അച്ഛാ ദിന്‍ തുടങ്ങുന്നത്. സാമ്പത്തിക മേഖലയിലെ സകല കുഴപ്പങ്ങളും തീരാന്‍ മോദി പറഞ്ഞ അമ്പത് ദിനം ഇന്ന് അവസാനിക്കുകയാണ്. പറഞ്ഞ വാക്ക് പാഴായെന്ന് പ്രധാനമന്ത്രി തുറന്ന് സമ്മതിക്കണ്ട. ഉള്ളിലെങ്കിലും ഒന്ന് സമ്മതിച്ചാല്‍ മതി. ഇല്ലെങ്കില്‍ അപകടമാണ്. സ്വന്തം നുണകളെ വിശ്വസിച്ച് ജീവിക്കുന്ന ഒരാള്‍ രാജ്യം ഭരിക്കുക എന്നൊക്കെ പറഞ്ഞാല്‍ കഷ്ടമായിരിക്കും.
കുഴപ്പങ്ങളെല്ലാം തീര്‍ന്നോ എന്ന് നാളെ അദ്ദേഹം മേരേ പ്യാരേ ദേശ് വാസിയോം എന്നു തുടങ്ങുന്ന സംപ്രേഷണത്തില്‍ പറയും. അതിനു ശേഷം പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെന്ന് കരുതിയങ്ങ് ജീവിച്ചോണം. പറയുന്നത് പ്രധാനമന്ത്രിയല്ലേ. കുഴപ്പങ്ങള്‍ എല്ലാം തീര്‍ന്നു എന്നു പറഞ്ഞാല്‍ തീര്‍ന്നു അത്ര തന്നെ. അല്ലാതെ എടിഎം എല്ലാം തുറന്നിട്ടില്ല.തുറന്നിടത്തിപ്പോഴും പണമില്ല എന്നൊക്കെ പറഞ്ഞ്് വെറുതെ രാജ്യദ്രോഹിയാകാന്‍ നില്‍ക്കണ്ട.
ഇന്ന് ഭീം ആപ് എന്ന പരിപാടിയുമായി പ്രധാനമന്ത്രി ഇന്ത്യക്കാര്‍ക്ക് ദര്‍ശനം നല്‍കി. കള്ളപ്പണവും കള്ളനോട്ടും തടയാന്‍ തുടങ്ങിയ നോട്ടുനിരോധനം പാളിയപ്പോഴാണല്ലോ പെട്ടെന്ന് കാഷ് ലെസ്സ് രാജ്യം എന്ന വെളിപാടുണ്ടായത്. ആ വെളിപാടനുസരിച്ചുള്ള തുള്ളലാണ് ഈ ഭീം ആപ് എന്ന ഏര്‍പ്പാട്. ഇതെങ്കിലും വിജയിച്ചാല്‍ മതിയായിരുന്നു. ഇല്ലെങ്കില്‍ പിന്നെ അദ്ദേഹത്തിന്റെ തലയില്‍ വേറെ വല്ല ഐഡിയയും തെളിയും. അതും അനുഭവിക്കേണ്ടത് നമ്മളാണല്ലോ.
നാളെ പ്രധാനമന്ത്രി രാഷ്ട്രത്തോട് നടത്തുന്ന സംപ്രേഷണത്തില്‍ , നോട്ടുനിരോധനത്തില്‍ വന്ന പാകപ്പിഴകള്‍ ഏറ്റുപറയുമെന്നൊന്നും ആരും കരുതിയേക്കരുത്. അങ്ങനെ പറഞ്ഞില്ലങ്കിലും വേണ്ട. ഈ തീരുമാനത്തോട് സഹകരിച്ചതിന് ഇടക്കിടക്ക് ജനത്തിന് നന്ദി പറഞ്ഞ് കുത്തിനോവിക്കരുത്. ഗതികേടുകൊണ്ട് എല്ലാം സഹിച്ച് കലാപമുണ്ടാക്കാതെ രണ്ടുമാസം ജീവിച്ചവരാണ്. അവര്‍ സഹകരിച്ചു എന്നൊക്കെ പറഞ്ഞാല്‍ കളിയാക്കുന്നപോലെയാകും. ജനത്തിന്റെ നിസ്സഹായതയെ ദയവായി പരിഹസിക്കരുത്. ഇനിയിപ്പോള്‍ എന്തെങ്കിലും വീഴ്ച വന്നു എന്ന് മോദി സമ്മതിച്ചാലും അദ്ദേഹത്തിന്റെ ആരാധകര്‍ സമ്മതിക്കില്ല. രാജ്യത്തെ സാമ്പത്തിക രംഗത്ത് പ്രശ്നമേയില്ല കേരളത്തില്‍ മാത്രമാണ് പ്രശ്നമെന്ന് തെളിയിക്കാന്‍ കേരളത്തിലെ മുഖ്യ മോദി പുരോഹിതന്‍ കുമ്മനം രാജശേഖരന്‍ ഒരു സമരം വരെ നടത്തി