അങ്ങനെ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ സമ്മേളനം അവസാനിച്ചു കിട്ടി. ദോഷം പറയരുതല്ലോ നല്ല വൃത്തിക്ക് സംഘടിപ്പിച്ച ഒരു സമ്മേളനമായിരുന്നു. അതര്‍ഹിക്കുന്ന പ്രാധാന്യം ആ സമ്മേളനത്തിന് ആരും കൊടുത്തില്ല. സമാപന സമ്മേളനത്തിന് പിണറായി വന്ന് സിപിഐയെ പരോക്ഷമായി ഒന്നു കുത്തിയതുകൊണ്ട് ഇത്രയെങ്കിലും ശ്രദ്ധ കിട്ടി. സ്ഥാനമൊഴിയുന്ന അവരുടെ പ്രസിഡന്റ് പക്ഷേ പറയുന്നത് ഇത് ആദ്യത്തെ കേസല്ല എന്നാണ്. ഡിവൈഎഫ്ഐ നേതാക്കളൊക്കെ സ്ഥിരമായി മാധ്യമങ്ങളിലാണെങ്കിലും അവര്‍ നടത്തുന്ന പരിപാടികളെ മാധ്യമങ്ങള്‍ വിലവയ്ക്കാറില്ലത്രേ
കാര്യമായി വല്ലതും ചെയ്തിട്ടും മാധ്യമങ്ങള്‍ ശ്രദ്ധിക്കാത്തതില്‍ നിന്ന് ഡിവൈഎഫ്ഐ പാഠം പഠിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. അതുകൊണ്ട് ഇപ്പോഴവര്‍ ചെയ്യുന്നത് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുക എന്നതാണ്. അപ്പോള്‍ ഈ പറയുന്ന മാധ്യമങ്ങളും നവമാധ്യമങ്ങളുമൊക്കെ നന്നായി ശ്രദ്ധിക്കും. ഈ ലോ അക്കാദമി പ്രശ്നത്തിലും സ്വാശ്രയ കോളജിലെ ആത്മഹത്യയിലുമൊന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പ്രതികരിക്കാത്തതും ഇടപെടാത്തതും എന്തുകൊണ്ടാണെന്ന് ഇപ്പോഴല്ലേ മനസിലായത്. ഇടപെട്ടില്ലെങ്കിലേ ഈ മാധ്യമങ്ങള്‍ ശ്രദ്ധിക്കൂ
കൊച്ചിയിലെ അഖിലേന്ത്യാ സമ്മേളനത്തില്‍ വലിയൊരു സ്ഥാനമാറ്റമൊക്കെ ഉണ്ടായി. എംബി രാജേഷിന് പകരം മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റായി. അവിടെ മാധ്യമ ശ്രദ്ധ ഉറപ്പിക്കാന്‍ സംഘടന വേണ്ട കരുതലൊക്കെ എടുത്തു. ജാസി ഗിഫ്റ്റിന്റെ അടിപൊളി ഗാനമേള വച്ചു. ഇനി ശ്രദ്ധിക്കാതിരിക്കരുത്
ഇനിയും ശ്രദ്ധ കിട്ടിയില്ലെങ്കില്‍ വഴിയുണ്ട്. അതിനായി ഉല്‍സവപ്പിറ്റേന്ന് നേതാക്കള്‍ ചൂലും ബക്കറ്റുമായി ഇറങ്ങി. കളിയാക്കാന്‍ വേണ്ടി കാണിക്കുന്നതല്ല. മറ്റുള്ളവര്‍ക്ക് കണ്ടുപഠിക്കാന്‍ വേണ്ടിയാണ്.