ഗ്രൂപ്പ് വഴക്ക് തീരാതെ 132ാം പിറന്നാൾ

Thumb Image
SHARE

കോണ്‍ഗ്രസ് പാര്‍ട്ടി വംശനാശ ഭീഷണിയൊക്കെ നേരിടുന്ന സമയമാണിത്. രാഹുല്‍ജി വന്നതുകൊണ്ട് വംശം മുടിയാതെ നോക്കലാണ് ആദ്യപടി. പാര്‍ട്ടിയുടെ അധികാരഘടനയില്‍ നെഹ്റു കുടുംബത്തിനെ തുടര്‍ച്ചയായി നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ മൊത്തത്തിലുള്ള നിലനില്‍പ് അത്ര പോര.ആ നിലക്ക് 132ാം ജന്‍മദിനം കെങ്കേമമായി നടത്തികൊണ്ട് ആ പാര്‍ട്ടിയെക്കുറിച്ച് നാലാളെ അറിയിക്കുക എന്നത് എന്തുകൊണ്ടും നല്ലൊരു ഐഡിയയാണ്. അതുകൊണ്ടെന്താ കേരളത്തില്‍ ഗ്രൂപ്പ് അടിസ്ഥാനമാക്കിയും നേതാക്കളുടെ കണക്കനുസരിച്ചും കേക്ക് മുറിയും ആഘോഷവും ഒരേസമയം പലയിടത്തായി നടന്നു. ഗ്രൂപ്പുകൊണ്ടൊക്കെ ഉണ്ടാവുന്ന ചില നല്ലകാര്യങ്ങളൊക്കെയാണിത്.ഏത്, ഈ വീതംവയ്പേ.

മധ്യകേരളത്തിന്‍റെ ചുമതല രമേശ് ചെന്നിത്തലയ്ക്കായിരുന്നു. തലസ്ഥാനം പിന്നെ ഹസന്‍ജിക്ക് ഉള്ളതാണല്ലോ. കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുപ്പോള്‍ ആ വഴിക്ക് വേറെ ആരും പോകേണ്ട കാര്യമില്ല. തൃശൂരിലേക്കാണെങ്കില്‍ സുധീരനുമുണ്ട്. ബാക്കി സ്ഥലങ്ങളില്‍ അതത് ഡിസിസിക്കാര്‍ കേക്ക് മുറിച്ചോളും. എന്നാലും ഹസനും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സുധീരനും എല്ലാം കൂടെ ഒരുകേക്ക് മുറിച്ച് പരസ്പരം വായില്‍ വച്ചു കൊടുക്കുന്ന ഒരു സീന്‍, അതാണ് നമ്മള്‍ സ്വപ്നം കാണുന്ന കിണാശേരി.

അത് ശരിയാണ്. സത്യത്തില്‍ ലോകാത്ഭുതങ്ങളില്‍ പെടുത്തേണ്ട ഒന്നാണ് ഈ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇന്ത്യയില്‍ എത്രപാര്‍ട്ടിക്ക്ാണ് ആ പാര്‍ട്ടി ജന്‍മം കൊടുത്തത്. ഒരു പാര്‍ട്ടിയായാല്‍ അങ്ങനെ തന്നേവേണം. ഇതിനൊക്കെ പുറമേയാണ് ഓരോ നേതാക്കള്‍ക്കും സ്വന്തമായി ഗ്രൂപ്പും കൂടിയുള്ളത്. അങ്ങനെയൊക്കെ നോക്കുമ്പോള്‍ ഈ പാര്‍ട്ടി ഇത്രകാലം എങ്ങനെ പിടിച്ചു നിന്നു എന്നത് തന്നെ ഒരു പഠനവിഷയമാണ്. ഒന്നും വേണ്ട, കെ. മുരളീധരനെ കണ്ടിട്ടില്ലേ. ആദ്യം കോണ്‍ഗ്രസുകാരനായിരുന്നു. പിന്നെ അതുവിട്ടു. വേറെ പാര്‍ട്ടിയുണ്ടാക്കി മറുകണ്ടം ചാടി. ഇപ്പോ ദാ കോണ്‍ഗ്രസുകാരനായി പ്രസംഗിച്ചു നടക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ പാടുന്നു. പക്ഷേ അപ്പോഴും തനിസ്വഭാവം കാണിക്കാന്‍ ഈ പാര്‍ട്ടി അവസരം നല്‍കുകയും ചെയ്യുന്നു. അത്ഭുതമല്ല, മഹാത്ഭുതമാണിത്.

അതാണ്. ആര്‍ക്കും ആരേയും എന്തും പറയാം. ഒന്നും പറയില്ലെന്ന് പറഞ്ഞ് വരെ മുരളി രണ്ടെണ്ണം ഏറെ പറയുന്നുണ്ട്. അതാണ് പാര്‍ട്ടി ജനാധിപത്യം. അതുകൊണ്ടെന്താ വര്‍ഷം 132 ഒക്കെയായാലും പിറന്നാള്‍ ദിനമായാലും ഗ്രൂപ്പ് അനുസരിച്ച് ആഘോഷം സംഘടിപ്പിക്കാന്‍ കഴിയുന്നുമുണ്ട്.ആളുകള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്നുമുണ്ട്. 

ഇതിപ്പോ മുരളി എന്തെങ്കിലും പറയണമെന്നാണ് ഐ ഗ്രൂപ്പുകാരുടെ ആഗ്രഹം. അങ്ങനെ എ ഗ്രൂപ്പിനെ ഒന്നു വെട്ടാലോ. മിണ്ടാതിരിക്കുകയാണെന്ന് ഭാവത്തോടെ ഒരേ ഇലയില്‍ ലീഡറൊപ്പം കഴിച്ചവരെ മുരളി ഒളിയമ്പെയ്ത് വീഴ്ത്തുകയും  ചെയ്ത സ്ഥിതിക്ക് കളി വേറെ ലെവലിലാണ്. ഐ ഗ്രൂപ്പ് പേടിക്കണം. കാരണം അച്ഛന്‍റെ മകന്‍റെ ഗ്രൂപ്പ് വേറെയാവാന്‍ പോകുന്നു എന്നതാണ് അതിന്‍റെ ചുരുക്കെഴുത്ത്.

ഹസനെകൊണ്ട് പാര്‍ട്ടിക്ക് ഇങ്ങനെയൊരു ഗുണം ആരും പ്രതീക്ഷിച്ചതല്ല. എന്തൊരു മൈലേജാണ് ഉണ്ടാക്കിക്കൊടുത്തത്. സിപിഎം സമ്മേളനങ്ങള്‍ വരെ ആരും മൈന്‍ഡ് ചെയ്യാതായി. ഇതൊരു സ്വപ്നമാണോ അതോ യാഥാര്‍ഥത്യമാണോന്നറിയാന്‍ ഹസന്‍ജി എന്നുംരാവിലെ എണീറ്റ് സ്വയം നുള്ളിനോക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. 

അതൊന്നും അത്രവലിയ കാര്യമാക്കേണ്ട കാര്യമേയല്ലല്ലോ. ഇതൊന്നും പരിചയമില്ലാത്ത അതായത് തൊഴുത്തില്‍ കുത്തും കാലിട്ടുവാരലുമൊന്നും അറിയാത്ത ഒരു നേതാവും കോണ്‍ഗ്രസില്‍ ഇല്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും. 

കേരളത്തില്‍ ഉമ്മന്‍ചാണ്ടിയെ വേണം. കേന്ദ്രത്തില്‍ ആന്‍റണിയേയും. ഹസന്‍ജി പെട്ടിരിക്കുന്ന പത്മവ്യൂഹത്തിന്‍റെ വ്യാപ്തി ഏതൊരു ലോക്കല്‍ കോണ്‍ഗ്രസ് നേതാവിനും പച്ചവെള്ളം പോലെ മനസിലാകും. അതുകൊണ്ട് ഹസന്‍ജി മനപൂര്‍വം പറഞ്ഞതാണെന്നൊന്നും ആരും വിശ്വസിക്കില്ല. ഹസന്‍ജിയെങ്കിലും അങ്ങനെ വിശ്വസിക്കാതിരുന്നാല്‍ പ്രശ്നം പകുതി തീരും.

MORE IN THIRUVA ETHIRVA
SHOW MORE