പറക്കമുറ്റിയ മകനുവേണ്ടി

Thumb Image
SHARE

സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി ഒഴിയുന്നു എന്നു മാത്രമല്ല രാഷ്ട്രീയം തന്നെ വേണ്ടെന്ന് വച്ചേക്കുമെന്നാണ് സൂചനകള്‍. മോനെ അധ്യക്ഷനാക്കുമ്പോള്‍ അമ്മയ്ക്ക് പദവിയൊഴിയാതെ നിവൃത്തിയൊന്നും ഇല്ലല്ലോ. അതുപിന്നേ ഈ നാട്ടുകാരൊക്കെ ഉറപ്പിച്ചതാണ്. പക്ഷേ രാഷ്ട്രീയം ഉപേക്ഷിക്കുന്നതാണ് എത്രയാലോചിച്ചിട്ടും മനസിലാകാത്തത്. ഒന്നുകില്‍ ആരോ വിശ്രമിക്കാന്‍ ഉപദേശിച്ചിട്ടുണ്ട്. അല്ലെങ്കില്‍ മകനായ രാഹുല്‍ ഗാന്ധി അധ്യക്ഷനാകുന്നതോടെ ഇനി രാഷ്ട്രീയത്തില്‍ തന്നെ ഭാവിയില്ലെന്ന് അമ്മയായ സോണിയാ ഗാന്ധിക്ക് സ്വയം തോന്നിയതാണോയെന്നും അറിയില്ല. സാധ്യത അതിനാണ്. ഒരമ്മയ്ക്ക് മക്കളെ അറിയുന്നപോലെ വേറെ ആര്‍ക്കും അറിയാനും വഴിയില്ലല്ലോ. 

എന്നാലും പത്തുപതിനെട്ടു കൊല്ലം പാര്‍ട്ടിയെ നയിച്ച ആളാണ്. അതിനിടയില്‍ പ്രധാനമന്ത്രി വരെ ആകാന്‍ ചാന്‍സും വന്നു. അതിനേക്കാള്‍ മികച്ച റോള്‍ ഹൈക്കമാന്‍ഡായി ഇരിക്കലാണെന്നാണ് അന്നു തോന്നിയത്. പാര്‍ട്ടിയെ നയിച്ച് ഏതായാലും ഒരു വഴിക്കാക്കിയ സ്ഥിതിക്ക് ഇനി താനായിട്ട് ഈ പാര്‍ട്ടിയെ ഒന്നും ചെയ്യാന്‍ ബാക്കിയില്ലല്ലോ എന്ന തോന്നലുകൊണ്ടാവണം രാഷ്ട്രീയവനവാസം തന്നെ തിരഞ്ഞെടുക്കാന്‍ സോണിയാജിയെ പ്രേരിപ്പിച്ചത്. ഇനിവല്ലതും നടക്കുന്നെങ്കില്‍ മോന്‍ അങ്ങ് നോക്കിക്കോട്ടെ. പച്ചപിടിക്കാണെങ്കില്‍ ഇനിയും സാധ്യതയുണ്ടല്ലോ. രാഷ്ട്രീയമാണെങ്കില്‍ അങ്ങനെ സ്ഥായിയായ വിരമിക്കലൊന്നും ഇല്ലാത്ത മേഖലയല്ലേ. എപ്പോ വേണേലും തിരിച്ചുവരാം. പുതിയ പാര്‍ട്ടിവരെ ഉണ്ടാക്കാം. എന്നിട്ടാണ്. 

താനിരുന്ന സീറ്റൊക്കെ പൊടിതട്ടി അവിടെ മകനെ ഇരുത്തുമ്പോള്‍ ഒരമ്മയ്ക്കുണ്ടാകുന്ന മാനസികപ്രയാസം ഊഹിക്കാവുന്നതേയുള്ളു. പ്രത്യേകിച്ചും കാലം കുറെയെടുത്താണ് മകനെ ഈ കോലത്തിലൊന്ന് ആക്കിക്കിട്ടിയത്. ഇപ്പോ കണ്ടാല്‍ നാലുപേര്‍ സ്നേഹമൊക്കെ കാണിക്കുന്നുണ്ട്. വലിയ മാജിക്കൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും മോദിക്ക് നല്ലബുദ്ധി വല്ലാതങ്ങ് ഇല്ലാത്തതിനാല്‍ കുഴി സ്വയം തോണ്ടുമെന്ന പ്രതീക്ഷയുണ്ട്. അല്ലെങ്കിലും വലിയ രാജാവിനെ വീഴ്ത്തുന്നത് എപ്പോഴും കറുത്ത കുതിരകളകളായിരിക്കും. അങ്ങനെ ഒരു കുതിരെ രാഹുലിന് കിട്ടിയാല്‍ മതിയായിരുന്നു. 

പല അടവുകള്‍ ഭൂതകാലത്തില്‍ പയറ്റി നോക്കിയതാണ്. എല്ലാം പാളാനായിരുന്നു വിധി. ഒരു കാലത്ത് സ്വന്തം വീട്ടീന്ന് വരെ തള്ളിപ്പറഞ്ഞവരുണ്ട്. പപ്പുമോനെന്ന് സ്വന്തം പാളയത്തിലെ സഹപ്രവര്‍ത്തകര്‍ ഒളിഞ്ഞു തെളിഞ്ഞും വിളിച്ച കാലം. ആ കാലമൊക്കെ മറന്നത് രാഹുല്‍ അമേരിക്കയിലൊക്കെ പോയി തിരിച്ചുവന്നപ്പോഴാണ്. ഗുജറാത്തില്‍ മോദിയെകൊണ്ട് സീ പ്ലെയിന്‍ പറത്തിക്കാനും പാക്കിസ്ഥാനെവരെ പറഞ്ഞ് വോട്ടുനേടാനും പ്രേരിപ്പിച്ചത് ആ അമേരിക്കന്‍ കാലത്തെ പഠനങ്ങളാണ്. ആത്മവിശ്വാസം രാഹുലിനേയും ഒരമ്മയ്ക്ക് മകനില്‍ ഉള്ള പ്രതീക്ഷകള്‍ സോണിയാ ഗാന്ധിയേയും രക്ഷിക്കട്ടെ.

MORE IN THIRUVA ETHIRVA
SHOW MORE