കോടിയേരി മാഷിന്‍റെ ക്ലാസ് അത്ര പോര

Thumb Image
SHARE

എസ്എഫ്ഐ വളരെ ശാന്തരായി പുസ്തകങ്ങള്‍ വായിക്കാനും ക്ലാസുകള്‍ക്ക് പോകാനും കണ്ടെത്തുന്ന സമയമാണ് ഈ സമയം, അതായത് സിപിഎം ഭരിക്കുന്ന സമയം. ആ നേരത്താണ് അവര്‍ക്ക് ഇതിനൊക്കെ സമയം കിട്ടുന്നത്. അതുകൊണ്ട് ഈ അഞ്ചുകൊല്ലം ഒളിവിലെ ജിവിതംപോലെയാണ്. കമ്മ്യൂണിസവും സോഷ്യലിസവും ബഹുസ്വരതയും ഒക്കെ പഠിക്കും. ഇത്തവണ പഠിപ്പിക്കാന്‍ കോടിയേരി സഖാവ് നേരിട്ടാണ് വരുന്നത്. 

വിപ്ലവവും സമരവും എന്നൊക്കെ പറഞ്ഞിട്ട് ഈ മാഷ് എന്താണിങ്ങനെ ഗാന്ധിമാര്‍ഗം പറയുന്നതെന്നാണ് കുട്ടിസഖാക്കളുടെ സംശയം. സമാധാനത്തിന്‍റെ പാതയിലാണത്രെ എസ്എഫ്ഐക്കാര്‍ സഞ്ചരിക്കേണ്ടത്. വേറെയുമുണ്ട്. എല്ലാവരേയും ഉള്‍ക്കൊള്ളണം പോലും. അതായത് കെഎസ്്യു എബിവിപി എംഎസ്എഫ് എന്നിവരെയൊക്കെ ഉള്‍ക്കൊണ്ടുള്ള ഒരു എസ്എഫ്ഐ, അങ്ങനെയുള്ള വിശാലമായ മനസ്കരുടെ സംഘടനയാണത്രെ കോടിയേരിസഖാവിന്‍റെ സ്വപ്നം.

ഈ പഠനം, അറിവ് സമ്പാദിക്കുക, രാഷ്ട്രീയബോധം ഉണ്ടാവുക അതൊക്കെ നല്ലതുതന്നെ. പക്ഷേ അക്രമരഹിതക്യാംപസുകളുടെ ഉത്തരവാദിത്തം എസ്എഫ്ഐയെ ഏല്‍പ്പിക്കാന്‍ കാണിച്ച ബുദ്ധി ഒന്നൊന്നര ബുദ്ധിയായിപ്പോയി സഖാവേ. 

ഇതിന്‍റെ കൂടെ സിപിഎം ഭരിക്കുമ്പോള്‍ ഏറ്റെടുക്കാന് പാടില്ലാത്തതും പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഏറ്റെടുക്കേണ്ടതുമായി വിഷയങ്ങളുടെ ഒരു പട്ടിക കൂടി എസ്എഫ്ഐക്ക് നല്‍കണം. അല്ലെങ്കില്‍ മടിപിടിച്ചുപോവും. ബോറഡിയാവും. വെറുതെ ചുമ്മാ ഒരു ലുക്കിന് ഇങ്ങനെ കൊണ്ടുനടക്കാമെന്നേയുണ്ടാവൂ. 

കോടിയേരി മാഷിന്‍റെ ക്ലാസ് ഒരുമണിക്കൂര്‍ ഒന്‍പത് മിനിറ്റിലാണ് അവസാനിച്ചത്. പുതിയ പാഠ്യപദ്ധതികളൊക്കെ കൊള്ളാം. പക്ഷേ ഇതൊക്കെ കേട്ട് കുട്ടികള്‍ ക്ലച്ചുപിടിക്കുമെന്നൊന്നും കരുതാനേ വയ്യ. ഒന്നുകില്‍ മാഷിന്‍റെ പരിഷ്കാര ക്ലാസ് കേട്ട് കുട്ടികളുടെ ധ്യാനത്തിലായതാവാം. അല്ലെങ്കില്‍ ഇതൊന്നും കേള്‍ക്കാനല്ല അവര്‍ വന്നത്. 

ഏതായാലും എസ്എഫ്ഐയുടെ ഭാവി മാറാനൊന്നും പോകുന്നില്ലാന്ന് ഇതിലൂടെ മനസിലാക്കാം. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ എന്നുവച്ചാല്‍ ഇടതുഭരണം നടക്കുമ്പോള്‍  അവര്‍ ശീലിച്ചത് ഇവിടേയും പ്രകടിപ്പിച്ചു എന്നുമാത്രം. അല്ലാതെ കോടിയേരി സഖാവിന്‍റെ ക്ലാസിന്‍റെ ഗുണമില്ലായ്മകൊണ്ടൊന്നും അല്ലേയല്ല.

MORE IN THIRUVA ETHIRVA
SHOW MORE