കേരള പൊലീസിന് മൈലേജ് നല്‍കി ജിഷ കേസ്

Thumb Image
SHARE

ഒറ്റചെരുപ്പ് തൂക്കിയിട്ട് ആ ചെരുപ്പിന്‍റെ ജോഡിയെ തേടിയതും വിരലടയാള ശേഖരണ സമ്മേളനം നടത്തിയും മാങ്ങ കടിക്കാന്‍ കൊടുത്ത് പല്ലിന്‍റെ വലുപ്പും അളന്നും ലോകശ്രദ്ധയാകര്‍ഷിച്ച കേസന്വേഷണമായിരുന്നല്ലോ ജിഷാ കൊലക്കേസില്‍ കേരള പൊലീസ് നടത്തിയത്. ചരിത്രത്തില്‍ ഇന്നേവരെ ഒരു അന്വേഷണസംഘവും സഞ്ചരിച്ചിട്ടില്ലാത്തെ വഴികളിലൂടെയുള്ള ആ യാത്രക്ക് ഒടുക്കം ഫലം കണ്ടു. കേസില്‍ പൊലീസ് പൊക്കിയ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതിയും കണ്ടെത്തിയിരിക്കുന്നു. 

പിണറായി സര്‍ക്കാര്‍ അധികേരമേറ്റശേഷം നടന്ന ആദ്യത്തെ പൊലീസ് ഓപ്പറേഷനായിരുന്നു ഇത്. സെന്‍കുമാറിനെ മാറ്റി ലോക് നാഥ് ബഹ്റയെ പൊലീസ് മേധാവിയാക്കിയശേഷം ബഹ്റയുടെ പ്രസ്റ്റീജ് ഇഷ്യുതന്നെ പ്രതിയെ പൊക്കലായിരുന്നു. ഡേവിഡ് ഹെഡ്ലിയെ വരെ ചോദ്യശരങ്ങളില്‍ മുട്ടുകുത്തിച്ചയാളല്ലേ, ചെന്നിത്തലയുടെ കാലത്ത് കണ്ടെത്തിയ ചെരുപ്പിനെ പൊതുമധ്യത്തില്‍ തൂക്കിയിട്ടായിരുന്നു ബഹ്റയുടെ വരവ്.  ആ ചെരുപ്പ് ഒരു തുമ്പായത് മാത്രമാണ് കേസന്വേഷണത്തില്‍ മുന്‍ ആഭ്യന്തരമന്ത്രിയായ ചെന്നിത്തലയുെട ഏക സംഭാവന. 

നാട്ടില്‍ രണ്ടു രാഷ്ട്രീയ കക്ഷികളുടെ മനസറിയാന്‍ കാത്തിരിക്കുകയാണ് സോറി ഇവിടുത്തെ ജനങ്ങളൊന്നുമല്ല, പക്ഷേ രണ്ടു മുന്നണികള്‍. വരൂ കൂടെ പോകാം എന്നതാണ് ഇരുമുന്നണിയുടേയും ടാഗ് ലൈന്‍. സമ്മേളന കാലമാണല്ലോ എല്ലാവര്‍ക്കും. കെ.എം.മാണിക്കാണെങ്കില്‍ എങ്ങോട്ടും പോകാം. ആദ്യമേ ഒരിടത്തുനിന്ന് ഇറങ്ങിവന്ന സ്ഥിതിക്ക് എങ്ങോട്ട് കയറിച്ചെല്ലണം എന്നതിലേ ഒരുതീരുമാനം എടുക്കേണ്ടതുള്ളു. ജോസ് മോനാണെങ്കില്‍ എല്‍ഡിഎഫ് മതിയെന്ന വാശിയിലാണ്. എന്തുകൊണ്ടും അത് നല്ലതാണ്. കേസും കൂട്ടവും ഒന്നും പേടിക്കേണ്ടല്ലോ. ആകെ സിപിഐയെ മാത്രം പേടിച്ചാല്‍ മതി.

കേരള കോണ്‍ഗ്രസിനെ കൂെടക്കൂട്ടി മടിയിലിരുത്താന്‍ വേണ്ടി മാത്രമാണ് ആ പാവം സീതാറാം യെച്ചൂരിയുടെ കരട് രേഖയെ കാരാട്ടിനെ മുന്‍നിര്‍ത്തി കേരള സഖാക്കള്‍ പിബിയില്‍ അടിച്ചൊതുക്കിയത്. അല്ലാതെ കോണ്‍ഗ്രസിനോടുള്ള ശത്രുതകൊണ്ടൊന്നും അല്ല. ഫാസിസത്തിനെതിരെ പോരാടണോ അതോ കേരള കോണ്‍ഗ്രസിനെ വേണോ എന്നു ചോദിച്ചാല്‍ കേരള കോണ്‍ഗ്രസിനെ മതി എന്നാണ് ഇവരുടെ ഉത്തരം. പക്ഷേ വീരേന്ദ്രകുമാറും പാര്‍ട്ടിയും അങ്ങനെയല്ല. അവര്‍ക്ക് ആദ്യം ഇറങ്ങിപ്പോരേണ്ടതുണ്ട്. ഇറങ്ങി വന്നാല്‍ ഇടതുമുന്നണി സ്വീകരിക്കുകയും ചെയ്യും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടതാനും.

MORE IN THIRUVA ETHIRVA
SHOW MORE