അടിതെറ്റി കോടിയേരി

Thumb Image
SHARE

സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറിയാണ് ശ്രീമാന്‍ കോടിയേരി ബാലകൃഷ്ണന്‍. അത് കോടിയേരി അറിഞ്ഞിട്ടില്ലേ എന്നാണ് സംശയം. ആലപ്പുഴയില്‍വച്ച് സഖാവിനെപ്പിടിച്ച് സെക്രട്ടറിയാക്കി വിട്ടതാണ് പാര്‍ട്ടി. അതിനുശേഷം ഫുള്‍ കോമഡിയാണ്. കോടിയേരി ബാലകൃഷ്ണന്‍ കോമഡി ബാലകൃഷ്ണനാകാന്‍ ശ്രമിക്കുന്നതായി സഖാക്കള്‍ക്ക് തന്നെ തോന്നിയാലും കുറ്റംപറയാനാകില്ല. ചില കോമഡികള്‍ അതിരുകടക്കും. അതാണ് ദുരന്തം. ഓഖിയേക്കാള്‍ അത് നാശം വിതയ്ക്കുമെന്ന് ഓര്‍ത്താല്‍ നല്ലത്.

ഇങ്ങനെയൊരു സെക്രട്ടറിയെ എങ്ങനെയാണ് സിപിഎം കൊണ്ടുനടക്കുന്നത്. അതുപോലൊക്കെ തന്നെ എന്ന് സ്വയം സമാധാനിക്കുന്നതാണ് നല്ലത്. ഇമ്മാതിരി ഡയലോഗൊന്നും ഇപ്പോള്‍ സിനിമയില്‍പ്പോലും ഇല്ല. സംശയമുണ്ടെങ്കില്‍ ബിനീഷ് കോടിയേരിയോട് ചോദിച്ചാല്‍മതി. ആ സമയത്താണ് പൊതുവേദിയില്‍ സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറി അശ്ലീലം പറയുന്നത്.

ഹസ്സന്‍ പറഞ്ഞുതന്നെയാകും നാട്ടുകാര്‍ക്കും പറയാനുള്ളത്. ആളുകള്‍ ചിരിച്ചോളും എന്നുകരുതി എന്തും പറയരുത്. അത് തിരിച്ചറിയുന്നതും സംസ്കാരത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസുകാരന്‍ അനില്‍ അക്കര വനിത കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഇതൊക്കെയും സിപിഎമ്മിനെയാണ് തളര്‍ത്തുക എന്ന് കോടിയേരിക്ക് അറിയാഞ്ഞിട്ടല്ല. അല്ലേങ്കിലും സഖാവിനിപ്പോള്‍ സിപിഎമ്മിനേക്കാള്‍ ആശങ്ക കോണ്‍ഗ്രസിനെകുറിച്ചാണ്. രാഹുല്‍ ഗാന്ധിക്ക് പകരം എത്രയെത്ര ഉജ്വലനേതാക്കളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന ചിന്ത അദ്ദേഹത്തെ സദാ അലട്ടുന്നുമുണ്ട്.

വിപ്ലവ ബഹുജനപാര്‍ട്ടി രാജ്യഭരണം കയ്യാളുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ പഠിക്കുന്നത് നന്നായിരിക്കും. എന്നാല്‍ പാര്‍ട്ടിയുടെ ഭാവിയെങ്കിലും ശോഭനമാകും. അതില്‍പ്രധാനം പാര്‍ട്ടി സെക്രട്ടറിമാര്‍ ഇടയ്ക്ക് രാഷ്ട്രീയം പറയണം എന്നതാണ്. മുന്നിലിരിക്കുന്നവര്‍ കോമഡി ഷോയ്ക്ക് വന്നതാണെന്ന് തെറ്റിദ്ധരിക്കരുത്. സ്വന്തം പാര്‍ട്ടിയെ മഹത്വവല്‍ക്കരിക്കാന്‍ എതിര്‍പാര്‍ട്ടികളെ എപ്പോഴും തേക്കണം എന്നില്ല എന്നതാണ് രണ്ടാമത്തെ കാര്യം.

നയങ്ങളെകുറിച്ച് പറയുമ്പോള്‍ മറ്റൊരു കാര്യം കൂടി പറഞ്ഞേക്കാം. ചുഴിലിക്കാറ്റ് ദുരന്തത്തിന്റെ വേദന ഇനിയും കെട്ടടങ്ങിയിട്ടില്ല. മുഖ്യമന്ത്രി ദുരന്തബാധിതരെ സന്ദര്‍ശിക്കാത്തത് വിവാദക്കൊടുങ്കാറ്റുമായിരുന്നു. പക്ഷെ, അതില്‍ പാര്‍ട്ടിയോ സര്‍ക്കാരോ വലിയ കുറ്റം കണ്ടതുമില്ല. പിണറായിയെ പ്രധാനമന്ത്രി വിളിക്കാത്തതാണ് കോടിയേരി കാണുന്ന വലിയ പാതകം. പിണറായി വിളിച്ച് മോദി ആശ്വസിപ്പിച്ചില്ലത്രെ. ഇതുകേട്ടാല്‍ തോന്നും സെക്രട്ടറിയേറ്റിലാണ് ഓഖി വീശിയതെന്ന്.

MORE IN THIRUVA ETHIRVA
SHOW MORE