കോൺഗ്രസിന് രാഹുകാലം

Thumb Image
SHARE

രാഹുല്‍ ഗാന്ധിക്ക് അങ്ങനെ ഒരു അഡ്രസ്സായി. വെറും അഡ്രസ്സല്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷപദവിയാണ്. ഈ പദവി അങ്ങനെ എളുപ്പം കിട്ടുന്ന ഒന്നല്ല. ആ പദവിയില്‍ ഒരാള്‍ അതും നെഹ്റു കുടുംബത്തിലെ ഒരാള്‍ ആയിരിക്കും എന്നതാണ് പാര്‍ട്ടിയുടെ ഭരണഘടനയിലെ ആദ്യവാചകം. പിന്നെ ആ പദവിയില്‍ ഒരാള്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ചുരുങ്ങിയത് അയാള്‍ക്കെങ്കിലും മടുക്കാതെ ആ സ്ഥാനത്തുനിന്ന് മാറാനും കഴിയില്ല. ഇങ്ങനെ രാഹുലിന്‍റെ അമ്മ സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിരുന്നിട്ട് ആ സ്ഥാനത്തിന് പ്രായപൂര്‍ത്തിയായപ്പോഴാണ് മകന് വേണ്ടി ഒഴിയുന്നത്. ഏകദേശം പത്തൊമ്പത് വര്‍ഷം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രധാനമന്ത്രിസ്ഥാനം വരെ പലര്‍ക്കംു സ്വപ്നം കാണാമെങ്കിലും ഈ അധ്യക്ഷസ്ഥാനത്തെക്കുറിച്ച് ആരും വേവലാതിപ്പെടാറില്ല. അതൊക്കെ നെഹ്രു കുടുംബം നോക്കിക്കോളും എന്ന് പ്രാഥമിക അംഗത്വം എടുക്കുമ്പോള്‍ തന്നെ ഒരു പ്രവര്‍ത്തകന്‍ മനസിലാക്കിക്കോളണം എന്നാണ് വയ്പ്. 

ഈ പറയുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ് കെട്ടോ ഈ പാര്‍ട്ടിയുെട മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍. അദ്ദേഹത്തിന്‍റെ കൈയ്യില്‍ കിട്ടിയ നോമിനേഷനുകളെല്ലാം അദ്ദേഹം സ്വീകരിച്ചു. പരിശോധിച്ചു. ഒരൊറ്റയെണ്ണം അസാധുവില്ല. മാത്രവുമല്ല രാഹുല്‍ ഗാന്ധിയല്ലാതെ വേറൊരു പേരും ആരും കൊടുത്തിട്ടുമില്ല. ഇതാണ് ഒരു ജനാധിപത്യപാര്‍ട്ടിയിലെ ഒത്തൊരുമ എന്നുപറയുന്നത്. അതായത് ആദ്യം അധ്യക്ഷനാവേണ്ട ആളെ തീരുമാനിക്കും. എന്നിട്ട് എല്ലാവരും ചേര്‍ന്ന് അയാളുടെ പേരില്‍ പത്രിക കൊടുക്കും. അങ്ങനെ ഏകസ്വരത്തില്‍ ഒരു അധ്യക്ഷനുണ്ടാവും. കോണ്‍ഗ്രസുകാരെ സമ്മതിക്കണം. ഇതൊക്കെ എങ്ങനെ സാധിക്കുന്നോ ആവോ. 

പാര്‍ട്ടിയുെട അധ്യക്ഷപദവിയിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ ആരോഹണം ഒരു സിനിമക്കഥയാക്കാവുന്നതാണ്. കുറെ അടിയൊക്കെ കിട്ടി വില്ലന്‍റെ മുമ്പില്‍ ചോരയൊലിപ്പിച്ച് വീണുകിടന്നിട്ട് പെട്ടന്ന് ഒരു ആവേശത്തോട് വില്ലനെ എടുത്ത് അലക്കുന്ന ഒരു സിനിമ പോലെ. അത്രയേറെ കളിയാക്കിയിട്ടുണ്ട്. പപ്പുമോനെന്നുവരെ വിളിച്ചു. കോണ്‍ഗ്രസുകാര്‍ക്കില്ലാത്ത സിംപതി മറ്റുപാര്‍ട്ടിക്കാര്‍ക്കായിരുന്നു. ആ സംഭവബഹുലമായ രാഷ്ട്രീയജീവിതത്തിന്‍റെ ചിത്രീകരണം കണ്ടുവരാം. 1970ല്‍ ജനിച്ച രാഹുല്‍ ഗാന്ധി ലണ്ടനിലെ ജോലിയൊക്കെ നിര്‍ത്തി ഇന്ത്യയിലെത്തുന്നു. 2004ല്‍ അമേഠിയില്‍ മല്‍സരിച്ചുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പിച്ചവച്ചു. 

അങ്ങനെ മല്‍സരിച്ചും ചില പരിപാടികള്‍ സംഘടിപ്പിച്ചും വെറുതെ നടക്കലായിരുന്ു ആദ്യകാലങ്ങളില്‍. കുറെ കല്ലും മണ്ണും ചുമക്കലൊക്കെ ഇക്കാലയളവിലായിരുന്നു. ചെറുക്കന്‍ ഇങ്ങെ ഓടിപ്പാഞ്ഞു നടക്കുന്നിതിനിയാണ് 2013ല്‍ പാര്‍ട്ടിയുടെ ഉപാധ്യക്ഷനാക്കിയത്. അങ്ങനെയെങ്കിലും കുറച്ച് ഉത്തരവാദിത്തം ഉണ്ടാവുമെന്ന് സോണിയാ ഗാന്ധിക്ക് തോന്നി. പക്ഷേ നേരിടേണ്ടിവന്നത് മോദിയെ. 

ചിലതൊക്കെ അറിഞ്ഞും കൊണ്ടും കൊടുത്തുമൊക്കെ മുന്നോട്ടങ്ങനെ പോകുമ്പോളാണ് ലോക്സഭ തിരഞ്ഞെടുപ്പൊക്കെ വരുന്നത്. പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചു, എട്ടുനിലയില്‍ പൊട്ടി. 

പാര്‍ട്ടിയുെട ഭാവിയും സ്വന്തം ഭാവിയും ഒരെത്തുംപിടിയും കൊടുക്കാതെ അങ്ങനെ പോവുന്ന സമയത്താണ് എന്നാപിന്നെ ആരോടും പറയാതെ മുങ്ങാമെന്നൊക്കെ തോന്നിയത്. അങ്ങനെ പാര്‍ട്ടിയില്‍ നിന്ന് ലീവെടുക്കുന്ന സ്വഭാവം കലശലായി. അങ്ങനെ അമേരിക്കയൊക്കെ ഒന്ന് കണ്ടുവരാമെന്ന് കരുതിയപ്പോഴാണ് പാര്‍ട്ടി തന്നെ മുന്‍കൈയ്യെടുത്ത് കൊണ്ടുപോയത്. അവിടെ നടന്നത് എന്തുതരം ക്ലാസാണെന്നും ഇതുവരെ വെളിപ്പെട്ടിട്ടില്ല. പാര്‍ട്ടി അധ്യക്ഷനാവാനുള്ള ചരട് ജപിച്ച് ഊതിക്കെട്ടിയാണ് രാഹുല്‍ പക്ഷേ അമേരിക്കയില്‍ നിന്ന് തിരിച്ചുവന്നത്. 

MORE IN THIRUVA ETHIRVA
SHOW MORE