കമ്മ്യൂണിക്കേഷൻ ഗ്യാപ്പാണ് പ്രശ്നം

Thumb Image
SHARE

നമുക്കിങ്ങനെ പലരും പലതും പറയുന്നത് കേട്ട് കളയാന്‍ സമയം തീരെയില്ല. കാര്യമാണറിയേണ്ടത്. കാരണവും. എന്തിനും ഒരു പിന്നാമ്പുറക്കഥയുണ്ടാകുമല്ലോ. ഇവിടെ സിപിഎം സിപിഐ തര്‍ക്കം മൂര്‍ച്ചിച്ചു നില്‍ക്കുകയാണ്. സത്യത്തില്‍ എന്താണ് അന്ന് സംഭവിച്ചത്. അതെ, ആ മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാതിരിക്കാന്‍ എന്തായിരുന്നു കാരണം. ചാണ്ടി രാജിവച്ചതിന്‍റെ തലേന്നാള്‍ കാനം രാജേന്ദ്രന്‍ കോടിയേരിയെ ഫോണില്‍ വിളിച്ച് പറഞ്ഞത് എന്തായിരുന്നു. ചോദ്യങ്ങള്‍ അനവധിയാണ്. ഉത്തരം തേടി തിരുവാ എതിര്‍വാ സിബിഐയെ കേസ് ഏല്‍പ്പിക്കുകയാണ്. എന്താണ് കേരള പോലീസ് അന്വേഷിച്ചാല്‍ കുഴപ്പം എന്നു തോന്നും. കുഴപ്പമുണ്ട്. അത് പിണറായി പൊലീസാണല്ലോ. നിഷ്പക്ഷമായ ഒരു അന്വേഷണമാണ് നമുക്കാവശ്യം. അപ്പോള്‍ സ്വാഗതം സിബിഐ.

ഇനി കേസിലെ പ്രധാനപ്പെട്ട വാദമുഖങ്ങള്‍ ഒന്നു പരിശോധിക്കാം. പരാതിക്കാരനായി രംഗത്തെത്തി പരാതിക്കാരനാണോ അതോ കുറ്റക്കാരനാണോ എന്ന് തീര്‍ച്ചയില്ലാതെയാണ് കോടിയേരി സഖാവ് മടങ്ങിയത്. സഖാവിന്‍റെ വാദങ്ങളും കുറ്റാരോപിതരുടെ കൗണ്ടര്‍ വാദങ്ങളുമാണ് പ്രാഥമിക ഘട്ടത്തില്‍ വിലയിരുത്തുന്നത്. 

ശരിയാണ് മൊത്തത്തില്‍ കണ്‍ഫ്യൂഷന്‍ തന്നെയാണ്. ശ്രദ്ധിച്ച് കേട്ടാല്‍ രണ്ടുകൂട്ടരും പറയുന്നതില്‍ കാര്യമുണ്ട്. അപ്പോ പിന്നെ ആരുപറയുന്നതിലാണ് കാര്യം കൂടുതല്‍ എന്ന് തിരിച്ചറിഞ്ഞാല്‍ കേസന്വേഷണത്തില്‍ അതൊരു വലിയ വഴിത്തിരിവാകും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാരെ വിലക്കിയതാണല്ലോ പ്രശ്നം. സംഭവം നടക്കുന്ന രാവിലെ ഒന്‍പതിനും പത്തിനും ഇടയിലാണ്. ഇതിനിടെ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്തു കൊടുക്കുന്നു. അതുവരെ ഇരുകൂട്ടരും പറയുന്നത് ശരിയാണ്. അപ്പോ അതവിടെ നില്‍ക്കട്ടെ. ബുധനാഴ്ചയുടെ തലേന്നാള്‍ അതായത് ചൊവ്വാഴ്ച രാത്രി കാനവും കോടിയേരിയും തമ്മില്‍ എന്തു സംസാരിച്ചു എന്നാണ് അറിയേണ്ടത്. ഈ കേസിന്‍റെ മൊത്തം ഗതി നിര്‍ണയിക്കുന്നത് ആ ഫോണ്‍ കോളിലാണ്. ഫോണില്‍ സംസാരിച്ചത് കോടിയേരി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. 

അക്കാര്യത്തില്‍ സിപിഎമ്മും സിപിഐ ഒന്നാണ് പറയുന്നതെങ്കിലും, ഇതില്‍ രണ്ടു സാധ്യതകളുണ്ട്. അതില്‍ ഒന്ന്, കാനം വിളിച്ചപ്പോള്‍ തോമസ് ചാണ്ടി രാജിവക്കുന്ന കാര്യം കോടിയേരി കാനത്തോട് പറഞ്ഞിരിക്കാന്‍ ഇടയില്ല. ഇനി രണ്ടാമത്തെ സാധ്യത എന്താണെന്നുവച്ചാല്‍ പിറ്റേന്നത്തെ മന്ത്രിസഭായോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുക്കുകയാണെങ്കില്‍ തങ്ങള്‍ വഴിക്കില്ലെന്ന് കാനം കോടിയേരിയോടു പറഞ്ഞു, പക്ഷേ ആ പറഞ്ഞത് കോടിയേരി പിണറായിയെ അറിയിച്ചിരിക്കാന്‍ മറന്നുപോവുന്നു. 

നിര്‍ണായകമായ മറ്റൊരു ചോദ്യം ഇതാണ്.  തോമസ് ചാണ്ടിയെ രാജിവയ്പ്പിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും നേരത്തെ തന്നെ തീരുമാനിച്ചു എന്ന കോടിയേരിയുടെ വാദം എത്രമാത്രം ശരിയാണ്. മുന്നണിമര്യാദയുടെ പേരിലെങ്കിലും ഇത് എന്തുകൊണ്ട് സിപിഐയെ അറിയിച്ചില്ല. ഈ മര്യാദ ഒരു കൂട്ടര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമല്ലല്ലോ. സിബിഐ അങ്ങനെ വേണം ഈ കേസിനെ സമീപിക്കാന്‍.

സത്യം എന്തായാലും പുറത്തുവരണം. നമ്മളൊക്കെ അതല്ലേ കാത്തിരിക്കുന്നത്. അതിനല്ലേ ഈ സിബിഐയെ ഇങ്ങോട്ട് കെട്ടിയെടുത്തതുതന്നെ. അപ്പോ അന്വേഷണം തുടരട്ടെ. അടുത്ത വാദമുഖം സിപിഐയുടെ ബഹിഷ്കരണപരിപാടി പ്രതിപക്ഷത്തിന് വളമായോ ഇല്ലയോ എന്നാണ്. വളര്‍ച്ച തന്നെ മുരടിച്ചുപോയ പ്രതിപക്ഷത്തെ ചിലപ്പോ സിബിഐക്കാര്‍ മൈന്‍ഡ് ചെയ്യാന്‍ വഴിയില്ല. എന്നാലും ഇതുകൂടി പരിഗണിച്ച് ഒന്നുതീര്‍പ്പുകല്‍പ്പിക്കണം.

ഇത്രയുമൊക്കെ വാദമുഖങ്ങള്‍ കേട്ട സ്ഥിതിക്ക്, രാജിയൊക്കെ വച്ച് തന്‍റെ പണിനോക്കി കുവൈറ്റിലേക്ക് പോവാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന തോമസ് ചാണ്ടിയെകൂടി കേസില്‍ കക്ഷിചേര്‍ക്കാന്‍ അനുവദിക്കണം. അങ്ങേര്‍ക്ക് പറയാനുള്ളതുകൂടി കേള്‍ക്കണമല്ലോ. ചിലപ്പോള്‍ അത് ഇരുകൂട്ടര്‍ക്കും സഹായകമാവുകയും ചെയ്യും. ഏതായാലും വിദേശത്തേക്ക് കടന്നുകളയുന്നതിന് മുമ്പ് ചാണ്ടിയെക്കൂടി വിസ്തരിക്കണമെന്ന് അപേക്ഷിക്കുന്നു.

അങ്ങനെ സത്യം നമ്മളെ തേടിവരുമെന്നൊക്കെ പറ​ഞ്ഞ് രക്ഷപ്പെടാന്‍ വരട്ടെ. സത്യം തേടിവരികയോ തേടികണ്ടുപിടിക്കുകയോ എന്തുവേണേലും ചെയ്യ്. പക്ഷേ എന്തുവന്നാലും സത്യം പുറത്തുവരണം. നമുക്കത്രയേയുള്ളു.

കാനം രാജേന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് അയക്കാന്‍ ഒട്ടും വൈകരുത്. ഖത്തറിലാണ് കക്ഷി. എല്ലാ വിമാനത്താവളങ്ങളിലും നോട്ടീസ് പതിക്കണം. വല്ല ചൈനയിലേക്കോ ക്യൂബയിലേക്കോ കടന്നുകഴിഞ്ഞാല്‍ ആ ഭാഗത്തേക്ക് പിന്നെ നോക്കണ്ട. ജാഗ്രതൈ. അന്വേഷണം അപ്പോ അതിന്‍റെ നിര്‍ണായകമായ ഒരു വഴിത്തിരിവിലെത്തിയെന്ന് തോന്നുന്നു. എന്താണ് സിബിഐയുടെ ഇപ്പോഴത്തെ ഒരു നിലപാട്. അല്ലെങ്കില്‍ ഇതില്‍ നിന്നൊക്കെ എന്താണ് ഇവിടുത്തെ പൊതുജനങ്ങള്‍ മനസിലാക്കേണ്ടത്. 

അങ്ങനെ വെറും പ്രതീക്ഷയൊന്നും തന്ന് പോവരുത്. ഇത്രയുമായ സ്ഥിതിക്ക് ഇതൊക്കെ കണ്ടും കേട്ടും നിന്നവരെന്ന നിലയില്‍ ഈ നാട്ടുകാര്‍ക്ക് ചില അനുമാനങ്ങളുണ്ട്. അതാണിവിടെ ഇനി പറയുന്നത്. അതായത് കോടതി പരാമര്‍ശനം വന്ന ദിവസം സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിളിച്ച് കാര്യം പറയുന്നു. അതായത് ചാണ്ടിയുള്ള മന്ത്രിസഭായോഗത്തിലേക്ക് ഞങ്ങളില്ലെന്ന്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാനും പറഞ്ഞിരിക്കണം. പക്ഷേ അതു നടന്നില്ല. രാവിലെ മുഖ്യമന്ത്രിക്ക് കിട്ടുന്നത് സിപിഐയുടെ ബഹിഷ്കരണ കത്ത്. സംഗതി മൊത്തം പാളി. സംഗതി നേരത്തെ പറഞ്ഞപോലെ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്. ഈ ഗ്യാപ് തീരുന്നതോടെ ബാക്കിയെല്ലാത്തിലും തീരുമാനമാവും. ആവട്ടെ എന്നാശംസിക്കുന്നു.

ഏതായാലും രമേശ് ചെന്നിത്തലയ്ക്കും കൂട്ടാളികള്‍ക്കും ആശ്വാസവുമായി സിപിഐക്കാര്‍ വന്നിട്ടുണ്ട്. സംസ്ഥാനത്തെ പ്രതിപക്ഷമാകാനൊന്നും അവരില്ലെന്നാണ് പറയുന്നത്. അതൊക്കെ ചെന്നിത്തല നോക്കിയാ മതി. പക്ഷേ നോക്കണം.

MORE IN THIRUVA ETHIRVA
SHOW MORE