പ്രേതഭീതിയിലും ആഹ്ലാദനൃത്തം ചവിട്ടി മോദി

Thumb Image
SHARE

നല്ല പെടാപെടാന്നിരുന്ന രണ്ടുപേരെ പച്ചയ്ക്ക് കൊളുത്തിയതിന്റെ ഒന്നാംചരമവാര്‍ഷികമാണിന്ന്. അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകളുടെ മരണം നടന്നിട്ട് കൃത്യം ഒരുവര്‍ഷം. മോദിയെ ചരിത്രപുരുഷനാക്കാനുള്ള അമിത് ഷാജിയുടേയും നാഗ്പൂരുകാരുടേയും നീക്കമായിരുന്നു നോട്ട് നിരോധനം. കഴിഞ്ഞ മുന്നൂറ്റിയറുപത്തഞ്ചുദിവസവും മുടങ്ങാതെ പഴി കേട്ടിട്ടും നോട്ട് അസാധുവാക്കിയത് വന്‍വിജയമെന്നാണ് മോദി പറയുന്നത്. അതല്ലേ ഹീറോയിസം. 

പക്ഷെ, നാട്ടുകാര്‍ക്ക് ഭാഗ്യക്കേടായിരുന്നു. ദൈവത്തിനുപോലും ക്യൂവില്‍നിന്ന് നാട്ടുകാരെ രക്ഷിക്കാനായില്ല. ജനങ്ങളുടെ പ്രാക്കിന്റെ ഒന്നാംവാര്‍ഷികം കൂടിയാണിത്. നാടുനീളെ മുന്നണിഭേദമില്ലാതെ നാട്ടുകാര്‍ ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തി. പിണറായിക്കും ഹസ്സനും ഒരേ ഭാഷയായിരുന്നു. സിപിഎമ്മൊക്കെ രാവിലെയാണ് ഈശ്വരാ ഇന്നാണല്ലോ ആ ദിവസം എന്നോര്‍മിച്ചത്. ഉടനെ ഒരുപരിപാടിയും തട്ടിക്കൂട്ടി. നാഗപ്പന്‍ സഖാവ് അത് പുറത്തുപറഞ്ഞത് മോശമായിപ്പോയി. 

കേട്ടില്ലേ. ഡിസംബര്‍ എട്ടുപോലും. നവംബര്‍ എട്ട് ഹസ്സന് ഡിസംബര്‍ എട്ടായി. ചരിത്രം തിരുത്തുന്നു എന്ന് ബീജേപ്പിക്കാരെ കുറ്റംപറയാന്‍ ഹസ്സന് എന്താണ് യോഗ്യത. പോട്ടെ, ചെന്നിത്തലയുമായുള്ള സംസര്‍ഗം കൊണ്ടാകുമെന്ന് സമാധാനിക്കാം. അങ്ങനെയേ വരൂ. കാളരാത്രി എന്നുപറഞ്ഞതില്‍ തെറ്റില്ല. അതിനുശേഷം നാട്ടുകാര്‍ക്കുമാത്രമല്ല, മോദിക്കും കാളരാത്രികളായിരുന്നു. തങ്ങളെ എന്തിന് കൊന്നു എന്ന് ചോദിച്ച് ഗതികിട്ടാതെ അലയുകയാണ് പാവം അഞ്ഞൂറും ആയിരവും. സങ്കടംവരും. 

കണക്കുകള്‍ കള്ളംപറയില്ല എന്നാണല്ലോ. എണ്ണിയെണ്ണി മോദി വരവിന്റെയും ചെലവിന്റെയും കണക്കുപറയുന്നുണ്ടല്ലോ. പക്ഷെ, എണ്ണിത്തീര്‍ന്നിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് ഇപ്പോഴും പറയുന്നത്. എണ്ണാതെ പിന്നെ എങ്ങനെ മോദി കണക്കുപറയുന്നു എന്ന ചോദിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരമില്ല. കണക്കുപഠിക്കാനും പറയാനും മലകയറി അവന്‍ വീണ്ടും വരികയാണ്, ഹസ്സന്‍ ജി. 

ഒരു വര്‍ഷമത്രയും തുഗ്ലക്കുമായിട്ടായിരുന്നു മോദിയെ ഉപമിച്ചത്, ഹസ്സന്‍പോലും. ഇന്ന് പക്ഷെ, നാറാണത്ത് ഭ്രാന്തനായി. അതിന്റെ കാരണം കേട്ടാല്‍ ഹസ്സന്റെ നര്‍മബോധത്തെ തൊഴുതുപോകും. ഈ ശാസ്ത്രജ്ഞനെ കാണാതെയാണോ പുതിയ കെപിസിസി പ്രസിഡിന്റിനെ പാര്‍ട്ടി തേടുന്നത്. ഹസ്സനെ തുടരാന്‍ വിടാത്തത് കഷ്ടമാണ് കോണ്‍ഗ്രസേ. 

കള്ളപ്പണക്കാരെ ഇപ്പോള്‍പിടിക്കും ഇടിച്ച് ഇഞ്ചപ്പരുവാക്കും എന്നതായിരുന്നു നോട്ട് അസാധുവാക്കിയശേഷം പ്രധാനമന്ത്രിയും ബീജേപ്പിയും നല്‍കിയ വാഗ്ദാനം. പോരാത്തതിന് ഒരു പത്തുപതിനഞ്ച് ലക്ഷം ഓരോ പൗരനും തന്നേക്കാമെന്നും തട്ടിവിട്ടു. കേട്ടപാതി ആ പിണറായി വരെ രണ്ടുപോക്കറ്റും തയ്ച്ച് കാത്തിരുന്നു. കള്ളപ്പണോം ഇല്ല കള്ളപ്പക്കാരുമില്ല. 

MORE IN THIRUVA ETHIRVA
SHOW MORE