നീലസഭാസമ്മേളനം

solar-report-at-kerala-assembly
SHARE

സോളര്‍ റിപ്പോര്‍ട്ട് സഭയിലെ മേശപ്പുറത്ത് വയ്ക്കുന്ന പരിപാടി അതീവ സൂക്ഷ്മതയോടെയാണ് പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്തത് എന്ന് വ്യക്തമാണ്. കാരണം ഇംഗ്ലീഷിലുള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് ആദ്യം മലയാളത്തിലേക്ക് തര്‍ജമ ചെയ്തു. അതിനെ നാലു വാല്യങ്ങളിലാക്കി നാലുപുസ്തകമാക്കി മാറ്റി. കനം കൂടി വായനാസുഖം കുറയരുതല്ലോ. പിന്നെ ഉള്ളടക്കത്തിന്‍റെ സ്വഭാവം  അനുസരിച്ച് പുസ്തകത്തിന്‍റെ പുറംചട്ടക്ക് മഞ്ഞനിറവും കൊടുത്തു. എന്തുകൊണ്ടും ആരും കൈയ്യടിച്ചുപോകുന്ന സൂക്ഷ്മ ഇടപടലാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഉണ്ടായത്. 

ഏതായാലും മലയാളിയുടെ വായനാശീലം കുറഞ്ഞു എന്നൊന്നും പറഞ്ഞ് മലയാളിയെ ആരും കുറ്റപ്പെടുത്തില്ല. ഈയൊരറ്റ റിപ്പോര്‍ട്ട് പുസ്തകമാക്കി പുറത്തിറക്കിയതോടെ മലയാളി വായനയുടെ ആ സുന്ദര കാലത്തേക്ക് തിരിച്ചുപോവുകയാണ്. ഇത്രയും മനസിരുത്തി വായിച്ച പുസ്തകം പോലും വേറെയുണ്ടാവില്ല.അതുകൊണ്ട് നവംബര്‍ ഒമ്പതിനെ സംസ്ഥാന വായനാദിനമായി ആചരിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം. മാത്രമല്ല ഇതിനൊക്കെ നിമിത്തമായ ഉമ്മന്‍ചാണ്ടിയെ ആധുനിക മലയാളഭാഷയുടെ വായനാപിതാവായും പ്രഖ്യാപിക്കണം. 

തന്‍റെ തുറന്നപുസ്തമായ ജീവിതത്തെ ഇങ്ങനെ നാലു പുസ്തകങ്ങളിലേക്ക് ചുരുക്കിയതില്‍ ഉമ്മന്‍ ചാണ്ടിക്ക് പരിഭവം കാണും തീര്‍ച്ച. ഒരുമിച്ച് ഒരു വൈഡ് റിലീസ് ചെയ്യുന്നതിനുമുമ്പ് പ്രൂഫ് റീഡിങ്ങിനെങ്കിലും ഒരു കോപ്പി സര്‍ക്കാരിന് കൈമാറാമായിരുന്നു. അന്ന് വിവരാവകാശം വഴി ആവുമ്പോലെ ചോദിച്ചതല്ലേ. കേസെടുത്ത് അകത്തിടാന്‍ എന്തായിരുന്നു ധൃതി. എന്നിട്ടിപ്പോ എന്തായി? അങ്ങനെയൊന്നും വീഴ്ത്താനാവില്ല കുഞ്ഞൂഞ്ഞിനെയെന്ന് പിണറായി ഇനിയെങ്കിലും മനസിലാക്കണം. ഇതിപ്പോ നിയമോപദേശം ചോദിച്ച് ചോദിച്ച് ഒരു വഴിക്കായി. ഇനി ഉമ്മന്‍ചാണ്ടിക്കൊക്കെ നീതി വാരിക്കോരി കൊടുക്കുന്ന രീതിയിലായിരിക്കും സഖാവ് പിണറായി വിജയന്‍റെ പൊലീസ് അന്വേഷണം.

ഉമ്മന്‍ചാണ്ടിക്ക് ഇനിയിപ്പോ എന്തുസംഭവിക്കാനാ. അന്ന് വേങ്ങര വോട്ടെടുപ്പിന്‍റെ അന്ന് പിണറായി പൊട്ടിച്ച വെടി പാഴായെങ്കിലും ഉമ്മന്‍ചാണ്ടിക്ക് നല്ലതിനായിരുന്നു. അന്നു കേട്ടതില്‍ കൂടുതലൊന്നും റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഇല്ലല്ലോ. അതുകൊണ്ട് ഒന്നു നനഞ്ഞു. ഇപ്പോള്‍ കുളിച്ചു കയറി എന്നങ്ങുവിചാരിക്കും ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തല പടയൊരുക്കം നടത്തിയതുകൊണ്ടൊന്നും കാര്യമില്ല. ഒരു രാഷ്ട്രീയ നേതാവ് കേള്‍പ്പിക്കേണ്ടതിന്‍റെ പരമാവധി ഉമ്മന്‍ചാണ്ടി കേള്‍പ്പിച്ചുകഴിഞ്ഞ സ്ഥിതിക്ക് കുളിച്ചു കരകയറുന്ന കുഞ്ഞൂഞ്ഞ് വെറും കുഞ്ഞൂഞ്ഞ് ആയിരിക്കില്ലെന്ന് ചെന്നിത്തലയ്ക്ക് ആരും ഓതിക്കൊടുക്കേണ്ട കാര്യവുമില്ല. അല്ലെങ്കില്‍ തെളിവുവേണമായിരുന്നു തെളിവ്. 

MORE IN THIRUVA ETHIRVA
SHOW MORE