നവംബറിലെ ഏപ്രിൽ ഫൂൾ

Thumb Image
SHARE

പ്രിയപ്പെട്ട പ്രേക്ഷരേ...നാളെ എന്താവുമെന്നും നമ്മുടെയൊക്കെ അവസ്ഥ എങ്ങനെയായിത്തീരുമെന്നതിനൊന്നും യാതൊരു തീര്‍ച്ചയുമില്ല. പക്ഷേ നവംബര്‍ എട്ട് എന്നൊരു ദിവസമാണ്. അതുകൊണ്ട് ചില മുന്‍കരുതലുകള്‍ എടുക്കുന്നത് എന്തുകൊണ്ടും നന്നാവും. കാരണം കഴിഞ്ഞവര്‍ഷം ഇതേ ദിവസമാണ് അത് സംഭവിച്ചത്. നാട്ടിലെ സകലമാന ആളുകളും പാപ്പരായപ്പോയ ദിവസം. അവനവന്‍റെ പണത്തിന് ഒരുവിലയുമില്ലാതായിപ്പോയ ദിവസം. ഒക്കെ ഈ രാജ്യത്തെ കള്ളപ്പണവേട്ടക്കാരെ പിച്ചതെണ്ടിക്കാനാണല്ലോ എന്നുകരുതി നമ്മളൊക്കെ സന്തോഷിച്ച ആ കാലം. വീണ്ടും ആ കഥ ഓര്‍മിപ്പിക്കുകയാണ്. ഇങ്ങനെ ഓര്‍മിപ്പിച്ച് പേടിപ്പിക്കല്ലേ എന്നാണ് തിരിച്ചുപറയാനുദ്ദേശിക്കുന്നത് എന്നറിയാം. പക്ഷേ ചിലതൊക്കെ ഓര്‍മിച്ചാലേ ശരിയാവൂ. ഓര്‍മകളുണ്ടായിരിക്കണം.

അതെ കൈയ്യീന്ന് പോയി. അത്രയേുള്ളു. ഇനി ഒരു സമാധാനത്തിന് കാര്യങ്ങളെ ഇങ്ങനെ കാണാം. അതായത്, നോട്ട് നിരോധനം കൊണ്ട് എന്തുണ്ടായി എന്നുചോദിച്ചാല്‍ കുറെ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ പറഞ്ഞ പോലെ നാട്ടിലെ കള്ളപ്പണമൊക്കെ ഇല്ലാതായി. ആകെ വെളുത്തപണം മാത്രമേ ഉള്ളൂ. അതുകൊണ്ട് ആരും കൈക്കൂലിയൊന്നും വാങ്ങാറേയില്ല. എല്ലാം രേഖപ്രകാരമുള്ള ഇടപാട് മാത്രം. അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളൊക്കെ നിലച്ചുപോയി. തീവ്രവാദികള്‍ പട്ടിണിമൂലം മരിക്കുകയായിരുന്നു. പിന്നെ ഈ പെട്രോളൊക്കെയുണ്ടല്ലോ അത് ഇപ്പോ ലിറ്ററിന് 50 രൂപയാണ്. കൂടുകയോ കുറയുകയോ ചെയ്യാറില്ല. പിന്നെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ. അതിനെപ്പറ്റി പറയുകയേ വേണ്ട. ഇതുപോലുള്ള ബുദ്ധിപരമായ തീരുമാനങ്ങളുമായി മോദിജി ഇനിയും വന്നാല്‍ ഈ രാജ്യം വളരെ പെട്ടന്ന് കുട്ടിച്ചോറായി മാറി ആര്‍ക്കും എടുത്ത് കളിക്കാവുന്ന പരുവമാവും. അത്രമാത്രം സുതാര്യമായിരിക്കും ഇവിടുത്തെ കാര്യങ്ങള്‍.

കഴി​ഞ്ഞ നവംബര്‍ എട്ടിന് രാത്രി എട്ടുമണിയ്ക്ക് പ്രധാനമന്ത്രി ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത് ആരാണ് മറക്കുക. ഒന്നാമത് അങ്ങേര് ഇങ്ങനെ വന്നൊന്നും പറയാറില്ല. ഒക്കെ മനസിലാണ്. പിന്നെ വല്ലതും പറയണമെങ്കില്‍ ഒരു സ്റ്റേജ് വേണം. കുറച്ചാളുകള്‍ കൈയ്യടിക്കാനും ആര്‍ത്തുവിളിക്കാനും ഉണ്ടാവണം. അതുകൊണ്ടൊക്കെ ഇങ്ങനെ വന്ന് പറയുമ്പോള്‍ ആരായാലും കേട്ടുപോകും. കേട്ടപ്പോള്‍ പെട്ടുപോവുകയാണെന്ന് പൊതുവേ ആര്‍ക്കും തോന്നിയില്ല. ഇനിയുള്ള രണ്ടുദിവസം ഹര്‍ത്താലായി കണ്ടാമതിയല്ലോ എന്ന് കുമ്മേട്ടന്‍, സുരേട്ടന്‍ ഇത്യാദി ബുദ്ധിരാക്ഷസര്‍ നമ്മളെ ഓര്‍മിപ്പിച്ചു. അതുകഴിഞ്ഞപ്പോഴും കാര്യം നേരയാവില്ലാന്ന് വന്നപ്പോഴാണ് സിനിമയ്ക്കും മദ്യത്തിനുമൊക്കെ ക്യൂനില്‍ക്കുന്നതല്ലേ പിന്നെ രാജ്യത്തിന് ക്യൂനില്‍ക്കാന്‍ എന്താണിത്ര പ്രയാസം എന്നുചോദിച്ചത്. ഓര്‍ക്കണം, അവനവന്‍ അധ്വാനിച്ചതിന്റെ കൂലിക്കാണീ ക്യു. ആ വാദവും ഒരുവഴിക്കായപ്പോഴാണ് അതിര്‍ത്തിയിലെ പട്ടാളക്കാരേയും എഴുന്നള്ളിച്ച് ചിലര്‍ എത്തിയത്. അതും ചീറ്റിയപ്പോ പിന്നെ മോദി രംഗത്തെത്തി. അഞ്ചുപൈസിയില്ലെങ്കിലെന്താ നാട്ടുകാരെ കരയിപ്പിക്കാന്‍ കഴിഞ്ഞല്ലോ. 

ഈ നാടിനെ സേവിക്കണമെങ്കില്‍ ഭാര്യയേയും കുടുംബവും വീടും ഒക്കെ ഉപേക്ഷിച്ച് പോരണമെന്ന് ഈ മോദിയെ ഉപദേശിച്ചത് ആരാണാവോ. ഒരു കുടുംബത്തില്‍ കാര്യങ്ങള്‍ നടന്നുപോകുന്നത് എങ്ങനെയാണെന്ന് അറിയാത്തതിന്റെ പ്രശ്നമാണീ കണ്ടതൊക്കെ. അതുകൊണ്ട് ഇനി മേലില്‍ ഇത്തരം ഉപേക്ഷിക്കലുകളുടെ കഥയും പറഞ്ഞ് ഈ വഴി വന്നേക്കരുത്. ഇനി നാട് ഭരിച്ചേ അടങ്ങൂ എന്നാണെങ്കില്‍ ഇടയ്ക്ക് അവധിയെടുത്ത് വീട്ടുഭരണമെങ്കിലും പഠിച്ചിട്ടുവരണം.

ഇനി ഇങ്ങനെയൊക്കെ പ്രാര്‍ഥിക്കുകയേ നിവൃത്തിയുള്ളു. അല്ലെങ്കില്‍ കാര്യങ്ങള്‍ ഇനിയും പിടിവിട്ടുപോകും. 15.44 ലക്ഷം കോടി രൂപയുടെ 500,1000 നോട്ടുകളാണ് നവംബര്‍ എട്ടിന് നിരോധിച്ചത്. ഇതില്‍ മടങ്ങിവരാത്തത് 16,000 കോടി മാത്രമാണ്. അതായത് ഒരു ശതമാനം. ഇനി വേറെ ഒരു കണക്കുണ്ട്. ഈ നോട്ട് നിരോധനം നടപ്പാക്കാനും പുതിയ നോട്ടടിക്കാനുമായി സര്‍ക്കാര്‍ ചെലവാക്കിയത് എത്രയാന്നറിയോ ഒന്നേകാല്‍ ലക്ഷം കോടി രൂപ. ഈ മടങ്ങിവന്ന തുകയില്‍ സോഴ്സ് കണ്ടെത്താനും കോടതിയില്‍ കേസ് നടത്താനും കണക്കാക്കിയത് 15 കൊല്ലമാണ്. അതിന് സുമാറ് 20,000 കോടി ചിലവും വരും. അപ്പോ എല്ലാം കൊണ്ടും സംഗതി പൊളിച്ച്.

MORE IN THIRUVA ETHIRVA
SHOW MORE