ചുവപ്പെല്ലാം കമ്യൂണിസമല്ല

Thumb Image
SHARE

നമ്മളൊരു യാത്ര ഉറപ്പിച്ച് ഇറങ്ങി എന്നുകരുതുക. ഏര്‍പ്പാടാക്കിയ വണ്ടി കിട്ടിയില്ല. എന്നുവച്ച് യാത്ര പോകാതിരിക്കാനും തരമില്ല. എന്തുചെയ്യും. ഒന്നുകില്‍ ബസ് പിടിക്കും. അല്ലെങ്കില്‍ മറ്റ് പൊതുഗതാഗത സംവിധാനം ഏര്‍പ്പാടാക്കും. അതുമല്ലെങ്കില്‍ ചെറിയ ദൂരമാണെങ്കില്‍ ഓട്ടോറിക്ഷ വിളിക്കും. ഒരു സാമാന്യ മലയാളി ചെയ്യുന്നതാണ് ഇതൊക്കെ. മധ്യവര്‍ഗ ഇടത്തരം ആളുകളുടെ രീതി അങ്ങനെയാണ്. ഇനി വീട്ടിലുള്ള മാരുതി കാര്‍ കേടാണെന്ന് കരുതുക. ആരും പോയി ബിഎംഡബ്ല്യൂ ഒന്നും വിളിക്കില്ലല്ലോ. പക്ഷേ നാട്ടിലെ തൊഴിലാളിവര്‍ഗ പാര്‍ട്ടി അങ്ങനെയല്ല. യാത്രയ്ക്കിറങ്ങി വണ്ടി കിട്ടിയില്ലെങ്കില്‍ ബിഎംഡബ്ല്യൂ കാറിലേ കയറാറുള്ളു. 

അന്നേ പറഞ്ഞതാണ് ഈ യാത്രയുടേയൊന്നും ആവശ്യമില്ലാന്ന്. ബിജെപി യാത്രനടത്തി, യുഡിഎഫ് ഇറങ്ങാന്‍ തയ്യാറായും നില്‍ക്കുന്നു ഒക്കെ ശരിയാണ്. പക്ഷേ സിപിഎമ്മിന് അല്ലെങ്കില്‍ ഇടതുമുന്നണി എന്തിനാണാവോ ഇങ്ങനെ പുറപ്പെട്ടുപോയത്. ബിജെപി യാത്രയില്‍ അവര്‍ പറഞ്ഞതൊക്കെ ഈ നാട്ടിലെ ഏത് കൊച്ചുകുഞ്ഞിനും മനസിലായിട്ടുണ്ട് ഒന്നാന്തര തട്ടിപ്പുകളായിരുന്നുവെന്നത്. അതിനി സഖാക്കളായിട്ട് വിശദീകരിക്കേണ്ട കാര്യമേയില്ല. ഇനി കോണ്‍ഗ്രസിന്റെ കാര്യം അത് സോളര്‍കേസിലൂടെ അതും നാട്ടുകാര്‍ക്ക് കാര്യം പിടികിട്ടിയതാണ്. അപ്പോ പിന്നെ ഒരാവശ്യവുമില്ലാതെ കോടിയേരി സഖാവിനെപ്പോലുള്ള ഒരാള്‍ യാത്രക്കിറങ്ങിത്തിരിച്ചാല്‍ ഇങ്ങനെയിരിക്കും. അല്ലെങ്കില്‍ പാര്‍ട്ടി ആദ്യമേ സ്വന്തമായി ഒരു കാറുവാങ്ങാന്‍ ശ്രമിക്കണമായിരുന്നു. ഈ വാടക പരിപാടി ഒഴിവാക്കാമല്ലോ. 

ഇനിയിപ്പോ തുറന്ന ജീപ്പിലൊക്കെ പോയി വില കളയണ്ട, പുതിയ കാലത്ത് ചുരുങ്ങിയത് ബിഎംഡബ്ല്യൂ കാറെങ്കിലും വേണമെന്നും കരുതിയതാവണം. ഇനി അതൊന്നുമല്ല, ഇ.പി.ജയരാജന്‍ സഖാവ് പുരോഗമന പാര്‍ട്ടിയെ ആധുനിക കാലത്തിനനുസൃതമായി പുനരാവിഷ്കരിച്ചത് കോടിയേരി സഖാവ് ശിരസ്സാ വഹിച്ചതാണെങ്കില്‍ എതിര്‍ത്തൊന്നും പറയാനുമില്ല. 

ഈ അന്വേഷണം എന്നൊക്കെ പറഞ്ഞാല്‍ എന്താണോ എന്തോ? കാറില്‍ കയറുന്നതിന് മുമ്പ് ഏതാണീ കാറെന്നും ആരുടേതാണെന്നും പാര്‍ട്ടി അന്വേഷിച്ചിരുന്നെങ്കില്‍ ഇപ്പോ ഇങ്ങനെയൊരു അന്വേഷണത്തിന്‍റെ കാര്യമേയുണ്ടാവില്ലായിരുന്നു. കോടിയേരി സഖാവിന് ഇനി നല്ലത് ഈ യാത്രയൊക്കെ നിര്‍ത്തി വല്ല പ്രസ് മീറ്റ് വിളിച്ച് സംസാരിക്കുകയോ അല്ലെങ്കില്‍ ദേശാഭിമാനിയില്‍ രണ്ടു ലേഖനമെഴുതുന്നതോ ആണ്. 

MORE IN THIRUVA ETHIRVA
SHOW MORE