ബിജെപിക്ക് സന്തോഷിക്കാം, സ്വപ്നങ്ങള്‍ നെയ്യാം. സിപിഎമ്മിനെതിരെ യാത്ര നടത്തി ഒടുവില്‍ കോണ്‍ഗ്രസിനെ കളിയാക്കേണ്ടി വന്ന അവസ്ഥയെ എന്തുപേരിടണമെന്ന് കുമ്മനം രാജേട്ടന് പിണറായി സഖാവിനെ കണ്ട് ചോദിക്കുന്നത് നന്നാവും. ഓരോന്നിനും അതിന്റേതായ സമയം എന്നുപറയുന്നത് അതാണ്. വടക്ക് ഭാഗത്ത് നിന്ന് യാത്ര മധ്യകേരളത്തിലെത്തിയപ്പോള് ചുവപ്പുഭീകരതയൊക്കെ മറക്കാന്‍ കുമ്മനം നിര്‍ബന്ധിതനായി. ഇനിയങ്ങോട്ട് ബിജെപി നടക്കാന്‍ പോകുന്നത് കോണ്‍ഗ്രസ് അനുകൂല റോഡുകളിലൂടെയാണെന്ന് പിണറായിയെ പഠിപ്പിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോ. അവിടെ ബിജെപിയെക്കൊണ്ട് കോണ്‍ഗ്രസിനെ പറയിപ്പിക്കുന്നു. കുമ്മനേട്ടനാണെങ്കില് അടുത്ത പ്രതിപക്ഷ നേതാവിന്റെ കുപ്പായം തയ്പ്പിക്കാന്‍ അളവെടുത്ത് കൊടുക്കുകയും ചെയ്തു.