പഴയതുപോലെയായിരുന്നില്ല കാര്യങ്ങള്‍. അപേക്ഷ കണ്ടതും ഒറ്റ ഉത്തരവായിരുന്നു. ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നു. പോരേ പൂരം. വികാരത്തള്ളിച്ചയുടേയും അമിതാവേശത്തിന്റെയും കാര്യത്തില്‍ സകലബുദ്ധിജീവികളെയും കടത്തിവെട്ടി ആരാധകര്‍. ദിലീപിന് നല്ല സമയമായെന്ന് പറഞ്ഞ് ലിബര്‍ട്ടി ബഷീര്‍ക്ക വരെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകളഞ്ഞു. കുറ്റപത്രം സമര്‍പ്പിക്കാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാനിരുന്ന പൊലീസും ഞെട്ടിപ്പോയി. പ്രതീക്ഷയുടെ അവസാനലാപ്പിലാണ് ജാമ്യവുമായി ദിലീപ് പുറത്തെത്തിയത്.
രാമലീല കുടുംബത്തോടെയിരുന്ന് കണ്ട് കയ്യടിക്കാന്‍ കിട്ടിയ അവസരമാണ്, അത് മിസ് ചെയ്യരുത്. ദിലീപിനെതിരെ സംസാരിക്കുന്നവര്ക്കുള്ളതുപോലെയുള്ള അവകാശവും അര്‍ഹതയുമൊക്കെ ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നവര്ക്കുമുണ്ട്. ശക്തമായ തെളിവുകളുണ്ടോ ഇല്ലയോ എന്നൊക്കെ കോടതി തീരുമാനിക്കട്ടെ. ജാമ്യം കിട്ടാതിരിക്കുന്നത് തെളിവുണ്ടായതുകൊണ്ടാണെന്ന് തീരുമാനിച്ചവര്‍ ജാമ്യം കിട്ടിയസ്ഥിതിക്ക് തിരുത്താന്‍ പോകേണ്ട. നിങ്ങളുടെ തെളിവ് നിങ്ങളെ രക്ഷിക്കട്ടെ.