ഭയങ്കര സമാധാനം. എത്രവര്‍ഷമായി ഇങ്ങനെ കാത്തിരിക്കുന്നു. സോളര്‍ കമ്മീഷന് ഒടുവിലിതാ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. സരിത നായര്‍, ബിജു രാധാകൃഷ്ണന്, സിഡി, കരിക്ക് എന്തൊക്കെയായിരുന്നു. ആ കോയമ്പത്തൂര്‍ യാത്രയുടെ കുളിര് ഇപ്പോഴും മാറിയിട്ടില്ല. അതൊക്കെയൊരു കാലം. ഇനിയുണ്ടാകുമോ എന്തോ. പന്തിപ്പോള്‍ പിണറായി വിജയന്റെ കോര്‍ട്ടിലാണ്. പിണറായി വിജയന് റിപ്പോര്‍ട്ട് പുറത്തുവിടുമോ ഇല്ലയോ എന്നുകാത്തിരിക്കുകയാണ് സാക്ഷരകേരളം.
എന്തായാലും ഉമ്മന്‍ചാണ്ടിക്ക് ആശ്വസിക്കാന്‍ വകയുണ്ട്. റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വിമര്‍ശനം നല്ലപോലെയുണ്ടെന്നാണ് കരക്കമ്പി. തട്ടിപ്പുകാരുടെ ഇടത്താവളമായിരുന്നല്ലോ ആ ഓഫീസ്. ഉമ്മന്‍ചാണ്ടി നിയമത്തെ നിയമത്തിന്റെ വഴിക്ക് പറഞ്ഞുവിട്ടതാണ്. വീണ്ടുമിതാ ചുറ്റിത്തിരിഞ്ഞു വന്നിരിക്കുന്നു. ഉമ്മന്‍ ചാണ്ടി നിരപരാധിയാണ്. ആ ഓഫീസാണ് പ്രതി. ഓഫീസിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പിണറായി ശ്രദ്ധിക്കണം. ഓഫീസിനെ തൂക്കിക്കൊന്നാലും കുഴപ്പമില്ല.