വീടും കുടുംബവും നോക്കാന്‍ പോയ ചിറ്റപ്പന് , ഇ.പി. ജയരാജന് കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസ് തള്ളുകയാണ്. വീടും വീട്ടുകാരേയും തിരിഞ്ഞുനോക്കാതെ നാടുനന്നാക്കാന്‍ പോയ പഴയകാല കമ്മ്യൂണിസ്റ്റുകളെപ്പോലെയല്ല ജയരാജന് സഖാവെന്നും ഉത്തരവാദിത്തമുള്ള ഒരു പുതിയകാല കമ്മ്യൂണിസ്റ്റാണ് അദ്ദേഹമെന്നും വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. പഴയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണത്രെ ജയരാജന്റെ കുടുംബസ്നേഹത്തെ കുടുക്കിയത്.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ജയരാജന് സഖാവ് ആണയിട്ടതാണ്. സിപിഎം സംസ്ഥാനകമ്മിറ്റി അത് വിശ്വസിച്ചില്ല. എന്നാപിന്നെ പോട്ട് പുല്ലെന്ന് പറഞ്ഞ് രാജിവച്ചു. അതോടെ പാര്‍ട്ടിയുടേയും പിണറായി സര്‍ക്കാരിന്റേയും യശസ് ഉയര്‍ന്നു എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ആ യശസ് അതുപോലെ നിക്കട്ടെ എന്ന് പാര്‍ട്ടി ഇനിയും തീരുമാനിക്കാതിരുന്നാ മതിയായിരുന്നു.
ജയരാജന് മന്ത്രിയായ ആ കുറച്ചുകാലം സമ്പന്നമായിരുന്നു. ഒരു മന്ത്രിയുടെ സ്ഥാനത്തിരുന്നിട്ടും താഴേത്തട്ടിലുള്ള പ്രജകളെ കുടുകുടെ ചിരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് ശ്രദ്ധേയം. ആ കാലം ഒന്നു തിരിച്ചുവരാന്‍ നമ്മളും പ്രാര്‍ഥിക്കുന്നു. പ്രത്യേകിച്ചും തോമസ് ചാണ്ടിയൊക്കെ ഞെളിഞ്ഞിരിക്കുമ്പോള്‍ ജയരാജന് സഖാവിനെ ഒരുകാരണവശാലും ദുഖിപ്പിക്കരുത്.