തന്നെകുറിച്ച് പറഞ്ഞ് പറഞ്ഞ് ഒടുവില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് മടുത്തു. മലയാളി സന്തോഷിക്കേണ്ട സമയമാണ്. മണ്ണെണ്ണ വിളക്ക്, റാങ്ക്, ഇടിച്ചുനിരത്തല്‍ തുടങ്ങി ഏതാണ്ടെല്ലാം കൊച്ചുകുട്ടികള്‍ക്ക് പോലും മനഃപാഠമായിക്കഴിഞ്ഞു. അതുകൊണ്ടാണ് ഇനി തന്നെകുറിച്ച് താന്‍തന്നെ പറയേണ്ട് എന്ന് അദ്ദേഹം തീരുമാനിച്ചതെന്ന് കരുതാം. പക്ഷെ, കേന്ദ്രമന്ത്രിയായതിന്റെ ഷോക്കില്വല്ലതും പറയുന്നതാണോ എന്ന് സംശയിക്കാനും കാരണമുണ്ട്. കണ്ണന്താനത്തിന് ഇതുവരെ കരകയറാന്‍ പറ്റാത്ത ഒരേയൊരു ടാസ്കായി മാറുകയാണ് ഈ കൊടുംഷോക്ക്.
ഇനി പറയുന്നത് ഈ ഷോക്കിന്റെ പുറത്തല്ല എന്നുവിചാരിക്കാം. ഒരോ രാത്രിയും ഇന്ധനവില കുതിച്ചുകയറുകയാണ്. നാട്ടുകാരറിയുന്നത് പെട്രോള്‍ പമ്പിലെത്തുമ്പോള്‍ മാത്രവും. പക്ഷെ, അതൊക്കെ പാവങ്ങള്ക്കുവേണ്ടിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ മന്ത്രി. രാജ്യത്ത് വിലക്കയറ്റം ഇല്ലേയില്ല. വില കയറുന്നത് ഒരേയൊരാള്‍ക്കാണ്, നമ്മുടെ സ്വന്തം പ്രധാനമന്ത്രിക്ക്. അദ്ദേഹത്തിന് വില കൂടിയാലും കുറഞ്ഞാലും ഈ രാജ്യത്തെ എന്ന് പറയാനാകില്ല. കാരണം അദ്ദേഹം ഫുള്‍ടൈം മറ്റുരാജ്യങ്ങളിലാണല്ലോ. അതുകൊണ്ട് സമരം ചെയ്യാനിറങ്ങുന്നവരൊക്കെ മന്ത്രി പറയുന്നത് കേട്ടോണം.
യാതൊരു സംശയവുമില്ല. ഭാവി ഭാസുരമാകുന്ന ലക്ഷണം നാട്ടുകാര്‍ക്ക് പറയാതെ തന്നെ അറിയാമല്ലോ. നാട്ടുകാര്‍ക്ക് തമാശ മനസ്സിലാകാത്ത ദുഃഖവുമുണ്ട് അല്‍ഫോന്‍സ് കണ്ണന്താനത്തിന്. ആ ബീഫിന്റെ കാര്യത്തിലൊക്കെ വെറുതെ രണ്ടുതമാശ പറഞ്ഞതാണ്. അതുകേട്ട് അദ്ദേഹം ചിരിച്ചുചിരിച്ചു മടുത്തുപോയി, പക്ഷെ, നാട്ടുകാര്‍ക്ക് കരച്ചിലാണ് വന്നത്.