പിണറായിയെ ഇരട്ടച്ചങ്കനെന്ന് വിളിക്കുന്നത് ഇഷ്ടം കൊണ്ടാണോ അനിഷ്ടം കൊണ്ടാണോ എന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. കാരണം കമ്മികളും സംഘികളും വിളിക്കുന്നുണ്ട് ഇരട്ടച്ചങ്കനെന്ന്. പക്ഷെ, ചങ്കില്ലാത്ത ചിലരും ഇന്നാട്ടിലുണ്ടെന്ന് പിണറായിക്ക് ഇന്ന് മനസ്സിലായി. വേദിയില്‍ തനിക്കൊപ്പം ഒരു യന്ത്രമനുഷ്യന്. യന്ത്രങ്ങളോടുള്ള പഴയ കാഴ്ചപ്പാടല്ല പാര്‍ട്ടിക്കും പിണറായിക്കുമിപ്പോള്. ബൂര്ഷ്വാസങ്കല്പ്പങ്ങളിലും അയവുവന്നിട്ടുണ്ട്. അതുകൊണ്ടാവണം പിണറായിക്ക് നമ്മുടെ എന്തിരനെ അങ്ങ് ബോധിച്ചു.
ഏത് പരിപാടിക്ക് വന്നാലും എന്തെങ്കിലും വ്യത്യസ്തമായി പറയാനോ പ്രവര്‍ത്തിക്കാനോ പിണറായി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. സ്വാഗതപ്രാസംഗികരായിരുന്നു ആദ്യകാല ഇരകള്‍. ഇടയ്ക്ക് വല്ലതും സ്ക്രീനിലിട്ട് കാണിച്ചാല്‍ അതോഫാക്കി തനിക്ക് പ്രസംഗിക്കണമെന്നൊക്കെ പറഞ്ഞുകളയും. ഇന്ന് പിണറായിയുടെ കണ്ടുപിടിത്തം മറ്റൊന്നായിരുന്നു. യന്ത്രങ്ങളുടെ അടുത്തിരുന്നതുകൊണ്ടാണോ എന്നറിയില്ല, മനുഷ്യനെ കുറ്റം പറഞ്ഞില്ല. പകരം മനുഷ്യന് നിര്‍മിച്ച ഹാളിനായിരുന്നു പഴി. തിന്മയ്ക്ക് മേല്‍ നന്മ വിജയം കണ്ട ദിവസമാണല്ലോ. ഹാളില്നിറഞ്ഞ അന്ധകാരം മുഖ്യമന്ത്രിയെ ദുഃഖിപ്പിച്ചതിന്റെ കാരണം അതായിരുന്നു.