കുമ്മനംജിയെ കുമ്മേട്ടനെന്നൊക്കെ ബിജെപിക്കാര്‍ വിളിക്കുമെങ്കില്‍ കണ്ണന്താനത്തെ നമുക്ക് കണ്ണേട്ടന് എന്നുവിളിക്കാം. അങ്ങനെ കണ്ണേട്ടനെ കാത്ത് ആദ്യം നമ്മള് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്നു. അവിടെ കുമ്മേട്ടനും സംഘവും വളരെ നേരത്തെത്തന്നെ എത്തിയിട്ടുണ്ട്. കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയ ദിവസം ഒരു ഞായറാഴ്ചയായിരുന്നു. അന്നാണെങ്കില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്കെല്ലാം ജലദോഷവും പനിയുമായതിനാല്‍ പാര്‍ട്ടി ഓഫിസുകള്‍ക്ക് പോലും സണ്‍ഡേ ഹോളിഡേ ആയി. അതുകൊണ്ട് ലഡുപോലും വിതരണം ചെയ്യാന്‍ സാധിച്ചില്ല. അല്ലാതെ കാത്തുവച്ച കേന്ദ്രമന്ത്രിപദം കൊത്തിക്കൊണ്ടുപോയതുകണ്ട് ഞെട്ടിത്തരിച്ച് അന്തംവിട്ട് പൊട്ടിക്കരഞ്ഞുപോയതുകൊണ്ടല്ല.
സത്യപ്രതിജ്ഞ കഴിഞ്ഞതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് സദ്യ ഊട്ടിയിട്ടും കേരളത്തിലെ സ്വീകരണപരിപാടികളെക്കുറിച്ച് ഒരു ധാരണയും കണ്ണന്താനത്തിനോ കുമ്മനത്തിനോ ഉണ്ടായിരുന്നില്ല. നാട്ടില്‍ വരുന്ന കാര്യം പിന്നെ ചാനല്‍ മൈക്കിലൂടെ കണ്ണന്താനം തന്നെ അങ്ങ് പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനമായത്.