ബിജെപി ചരിത്രം സൃഷ്ടിക്കാനുള്ള മുന്നൊരുക്കത്തിലാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് കേരളത്തില്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതിനാല്‍ സ്വന്തം പാര്ട്ടിക്കാര് ഉള്‍പ്പെട്ട കോഴക്കേസ് സ്വന്തം നിലയ്ക്ക് അന്വേഷിക്കാനാണ് പുതിയ പരിപാടി. ആദ്യം ഒരന്വേഷണം നടത്തിയിരുന്നു. അതിന്റെ റിപ്പോര്‍ട്ട് ലീക്കായപ്പോഴാണ് നാട്ടുകാര്‍ അറിഞ്ഞത്. ഇനിയുള്ള അന്വേഷണം ആരാണ് ലീക്ക് ചെയ്തതെന്ന് കണ്ടെത്താനാണ്.
മാധ്യമങ്ങളിലൂടെയാണല്ലോ കോഴപ്പരിപാടിയും അതിന്റെ അന്വേഷണ റിപ്പോര്‍ട്ടുമൊക്കെ പുറത്തുവന്നത്. അപ്പോ അത് ആരാണ് ചോര്‍ത്തി തന്നത് എന്നറിയാന്‍ തീര്‍ച്ചയായും പത്രങ്ങളുടേയും ചാനലുകളുടേയും ഓഫിസുകള്‍ കയറിയിറങ്ങി മാധ്യമപ്രവര്‍ത്തകരോട് ആരാണ് ഈ വാര്‍ത്ത തന്നത് എന്ന് നേരിട്ട് ചോദിച്ചാല്‍ മതിയല്ലോ. ഉഗ്രന്‍ ഐഡിയയാണ്. പുതുതായി പണിയുന്ന പാര്‍ട്ടി കെട്ടിടത്തില്‍ മുഖ്യമന്ത്രിക്ക് വരെ റൂമൊരുക്കുന്ന വളരെ ദീര്‍ഘദൃഷ്ടിയുള്ള ഒരു പാര്‍ട്ടിയുടെ ഇത്തരം ഐഡിയകള്‍ നമ്മള് മലയാളികള്‍ കൈയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുക തന്നെ വേണം.
പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഓഫിസ് റൂം കുത്തി തുറന്ന് കവര്‍ന്നെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് വി.വി. രാജേഷാണെന്നാണ് പാര്‍ട്ടിയിലെ എതിര് ടീം കണ്ടെത്തിയത്. അതിന് രാജേഷിന് പണിയും കിട്ടി. പിന്നെ ചില സംശയങ്ങള്‍ വന്നതോടെയാണ് സിഐഡികളായ ബിജെപിക്കാര്‍ എന്നാ ഇതുപിന്നെ നേരിട്ട് ചോദിച്ചറിയാം എന്നും തീരുമാനിക്കുന്നത്. ജന്ഭൂമിയിലൊക്കെയാണ് റിപ്പോര്‍ട്ട് വന്നതെങ്കില്‍ സോഴ്സിനെ എളുപ്പം പിടികൂടാമായിരുന്നു. ഇനി വല്ല റിപ്പോര്‍ട്ടും ചോര്‍ത്തുമ്പോള്‍ ചോര്‍ത്തുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് പാര്‍ട്ടിക്ക് ഒരു പ്രമേയം പാസാക്കാവുന്നതാണ്.