സഭയില്‍ ഇന്ന് കാറ്റ് തോമസ് ഐസക്കിനു നേരെ തന്നെ വീശുകയായിരുന്നു. പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷത്തെ സാമ്പത്തിക നിപുണന്മാര് വരെ ഐസക് സാറെ ഒരരുക്കാക്കിക്കളഞ്ഞു. ജിഎസ്ടി ആയിരുന്നു വിഷയം. ജിഎസ്ടി വന്നാല്‍ കേരളത്തിന് വച്ചടി വച്ചടി കയറ്റമാണെന്ന് തോമസ് ഐസക് പറഞ്ഞതാണ് തെറ്റായിപ്പോയത്. പലഘട്ടങ്ങളിലും ഐസക് മാഷിന്റെ കണക്ക് കേട്ട് അന്തംവിട്ട് പരിചയമുള്ളതിനാല്‍ ചിലതൊക്കെ തിരിച്ച് പഠിപ്പിക്കാന്‍ ഉദ്ദേശിച്ചുതന്നെയാണ് രമേശ് ചെന്നിത്ത സഭയിലെ ക്ലാസിനെത്തിയത്. സംശയം ചോദിക്കുന്ന സ്വഭാവം പണ്ടേയുള്ളതിനാല്‍ അതില്‍ പിടിച്ചായിരുന്നു മൊത്തം പരിപാടി.
ജിഎസ്ടി മീറ്റിങ്ങില്‍ ജെയ്റ്റ്ലിയെ വരെ വിറപ്പിച്ച ആളാണ് തോമസ് ഐസക് എന്നൊക്കെ കേട്ടിട്ടുണ്ട്. ആ വിറപ്പിക്കലിനും ശേഷവും ജിഎസ്ടി ഇന്ന് കാണുന്ന ഈ കുട്ടിച്ചാത്തന് സേവയാണെങ്കില്‍ ആ വിറപ്പിക്കലുകൂടി ഇല്ലായിരുന്നെങ്കിലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കിയേ. ചെന്നിത്തലയും കൂട്ടരും അങ്ങനെയും കാര്യങ്ങളെ കാണണം.
പ്രതിപക്ഷം പലതും പറയും. അതുപോലെയാണോ ഭരണപക്ഷം. തോമസ് ഐസക് പറയുന്ന കൗണ്ടര്‍ പോയിന്റുകള്‍ക്ക് കൈയ്യടിക്കേണ്ടവരല്ലേ അവര്‍. പക്ഷേ കൈയ്യടി കിട്ടിയതുമില്ല, ഇടയ്ക്ക് ഭരണപക്ഷം തങ്ങളാണോ എന്നുവരെ ചെന്നിത്തലയ്ക്ക് തോന്നിയിട്ടും ഉണ്ടാവണം.