സിപിഎം കേന്ദ്രകമ്മിറ്റി വലിയൊരു തീരുമാനം കൈകൊണ്ടിട്ടുണ്ട്. അതായത്, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ, സീതാറാം യെച്ചൂരിയെ കോണ്ഗ്ര്സ് പിന്തുണയോടെ രാജ്യസഭയിലെത്തിക്കേണ്ട കാര്യമേയില്ലെന്ന്. ഈ വേണ്ട എന്ന തീരുമാനം എടുക്കാന്‍ പണ്ടേ സിപിഎമ്മുകാര്‍ മിടുക്കരാണ്. അതേത് വിഷയമായാലും. അതിന് കംപ്യൂട്ടറായാലും അതല്ല ഇന്ത്യന്‍ പ്രധാനമന്ത്രിപദം വരെ മുന്നില്‍ വന്നാല്‍ അപ്പോള്‍ വേണ്ടാന്ന് പറയും. പിന്നെ കുറെ കഴിയുമ്പോള്‍ ചരിത്രപരമായ വിഡ്ഢിത്തം എന്നൊക്കെ താത്വികവും തീര്‍ക്കും. അതാണ് ശീലം. അതാണ് രീതി.
സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്തിച്ചാല്‍ അത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് കടകവിരുദ്ധമാകും എന്നൊക്കെ പറഞ്ഞോട്ടെ. സാരമില്ല. പക്ഷേ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ എംപികൂടി ആക്കിയാല്‍ പിടിപ്പത് പണി കൂടും എന്നുമാത്രം പറയരുത്. ഒരു സഭയിലും പോകാത്ത ഒരു മുഴുവന്‍ സമയ സെക്രട്ടറിയെ കൊല്ലങ്ങളോളം പാര്‍ട്ടിക്ക് കിട്ടിയിട്ടും സിപിഎം ഇന്ന് ഏതവസ്ഥയിലാണ് എത്തിച്ചേര്‍ന്നതെന്ന് ഒന്നു തിരിഞ്ഞുനോക്കിയാല്‍ മതി. പ്രകാശ് കാരാട്ട് ഇപ്പണി മാത്രം അതായത് സെക്രട്ടറി പരിപാടി മാത്രം ചെയ്താണല്ലോ പാര്‍ട്ടിയെ ഇത്രയും വളര്‍ത്തി വലുതാക്കിയത്.
വാസ്തവത്തില്‍ പാര്‍ട്ടി സെക്രട്ടറിമാര്ക്കൊക്കെ എന്തെങ്കിലും ഒരു ജോലി കൂടി നല്‍കണം എന്നാണൊരിത്. അല്ലെങ്കില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ ഇങ്ങനെ പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്നത് കാണേണ്ടിവരും. സിപിഐക്കാരെ കണ്ടില്ലേ, ഒരൊറ്റ എം.പിയേയുള്ളു. പാര്‍ട്ടി പടര്‍ന്ന് പന്തലിക്കുകയുമാണ്.