കവിയും സാംസ്കാരിക നായകനും മരാമത്ത് മന്ത്രിയുമായ ജി.സുധാകരന് ആളൊരു സംഭവമാണെന്ന് അങ്ങനെ എടുത്തുപറയേണ്ട കാര്യമേയില്ല. എങ്ങനെ കവിത എഴുതാം, ആശയസമ്പുഷ്ടമായി സംസാരിക്കാം എന്നു മാത്രമല്ല, എങ്ങനെ ഭീഷണിപ്പെടുത്താം എന്നകാര്യത്തിലും അദ്ദേഹത്തിന് നല്ല പിടിയാണ്. ആലപ്പുഴയിലെ റോഡുപണിക്ക് നോക്കുകൂലി ചോദിച്ചത് കവിമന്ത്രിക്ക് തീരെ പിടിച്ചിട്ടില്ല. അതും ചോദിച്ചത് സിപിഐ അനുകൂല തൊഴിലാളി സംഘടനയിലെ ആളുകള്‍ കൂടിയായാല്‍ പറയേണ്ടതില്ലല്ലോ. പണി നിര്‍ത്തിപ്പോവും. അതാണ് സഖാവ് സുധാകരന്റെ ഭീഷണി.
ഇതൊന്നും വെറുതെ കേട്ടുപോകരുത്. പറയുന്നത് ജി.സുധാകരനാണ്. അദ്ദേഹമാണെങ്കില്‍ പൊതുമരാമത്ത് വകുപ്പിനെ നന്നാക്കിയേ അടങ്ങൂ എന്ന് ദൃഢപ്രതിജ്ഞ എടുത്തിട്ടാണ് മന്ത്രിക്കുപ്പായം ഇട്ടതുതന്നെ. യൂണിയന് ഭീഷണിയൊന്നും ഇവിടെ വിലപ്പോവില്ല.
ഇതൊക്കെ കേള്‍ക്കുമ്പോഴാണ് മ്മടെ കാനം രാജേന്ദ്രന് സഖാവ് എവിടെപ്പോയെന്ന് അറിയാതെ ചോദിച്ചുപോകുന്നത്. യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാര്‍ ആരാന്നുള്ള ഗവേഷണ പ്രബന്ധത്തിന്റെ പലവേദികളിലായുള്ള അവതരണത്തിന് ശേഷം എവിടെയോ മുങ്ങിയതായാണ് കേള്‍ക്കുന്നത്. മൂന്നാറില്‍ സബ് കലക്ടറെ മാറ്റിയപ്പോഴും കാനത്തെ കണ്ടവര്‍ ആരുമില്ല. രമേശ് ചെന്നിത്തലപോലും അദ്ദേഹത്തെ പ്രതീക്ഷിച്ചിരുപ്പാണ്. അതുപോലല്ലെ സിപിഐയെ പിന്തുണച്ചത്. ഒന്നുകാണാന്‍ ആര്‍ക്കായാലും തോന്നും.