സ്വന്തം സിനിമയിലൂടെ സ്വന്തം ജീവിതം പറയുന്നതില്‍ ദിലീപിനെ കഴിഞ്ഞിട്ടേ മലയാളത്തില്‍ വേറൊരു നടനുള്ളു. ഏതു സിനിമ കണ്ടാലും അതില്‍ ദിലീപിന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണല്ലോ ഈ സിനെന്നൊക്കെ പ്രേക്ഷകര്‍ക്ക് തോന്നും. അത്രമാത്രം ദീര്‍ഘദര്‍ശനത്തോടെയാണ് ദിലീപ് ഓരോ സിനിമയും പിടിക്കുന്നത്. ഒന്നും വേണ്ട, ജയിലിലായശേഷം ഡബിങ് ജോലി നടക്കുന്ന രാമലീലയുടെ പുതിയ ടീസര്‍ കണ്ടാലും അങ്ങനെ തോന്നും. ഈ സിനിമനിര്മാണമൊക്കെ മാസങ്ങളെടുത്ത് നടക്കുന്ന ഒന്നാണെന്നല്ലേ നമ്മള് കരുതിയത്. പക്ഷേ ഈ ടീസര്‍ കണ്ടുനോക്ക്, കഴിഞ്ഞയാഴ്ച സ്ക്രിപ്റ്റും ഡയലോഗും എഴുതി തയ്യാറാക്കിയതുപോലെയുണ്ട്. ദിലീപ് മാത്രമല്ല, മുകേഷ് വരെ തന്റെ ജീവിതം തന്നെയാണ് പറയുന്നത്. ഇനി ജയിലില്‍ വച്ച് ഡബ് ചെയ്താണോ ടീസര്‍ ഇറക്കിയതെന്ന് കരുതിയാലും ഒരു തെറ്റും പറയാന്‍ പറ്റില്ല. ജീവിതത്തില്‍ നിന്നും ഒരേട് എന്നൊക്കെ പറയില്ലേ, അതായിരിക്കും ഈ പടം.
ഗൂഢാലോചനകേസില്‍ അറസ്റ്റിലായപ്പോഴാണ് നടന് ദിലീപ് പുറമ്പോക്ക് ഭൂമി കൈയ്യേറിയെന്ന് സര്‍ക്കാരിന് തോന്നിയത്. മുമ്പ് ഇതേകാര്യം പറഞ്ഞ പലരും വന്നതായിരുന്നു. മൈന്‍ഡ് ചെയ്തില്ല. എങ്ങനെ ചെയ്യും. ആ നേരത്ത് ദിലീപ് താരമായിരുന്നു. ഇപ്പോഴല്ലേ ജയിലിലായത്. ഇനിയും നാട്ടിലെ പല പ്രമുഖരും വല്ല കയ്യേറ്റമൊക്കെ നടത്തിയത് പുറത്തുവരണമെങ്കില്‍ വേറെ വല്ല കേസിലും പെട്ട് ജയിലിലാവേണ്ടിവരും. അങ്ങോട്ടാണ് പോക്ക്.
ദിലീപിന്റെ ഡിസിനിമാസിന്റെ കൈവശ രേഖപോലും കാണാനില്ലെന്നാണ് കേള്‍ക്കുന്നത്. ഇതൊന്നുമില്ലാതെ എങ്ങനെ കെട്ടിടത്തിന് പെര്‍മിറ്റ് കിട്ടി എന്നൊന്നും ആരും ചോദിക്കരുത്. ഇതൊക്കെ ഒരു നാട്ടുനടപ്പാണ്. എല്ലാവര്ക്കും കിട്ടില്ല പക്ഷേ. അതിന് ചില സഹായങ്ങളൊക്കെ ചിലര്‍ തരണം. ഭരണത്തിലും രാഷ്ട്രീയത്തിലും പിടിപാടുള്ള ആള്‍ക്കാര്‍ക്കാണ് ആ ഉത്തരവാദിത്തം. ദിലീപിനെ സഹായിച്ചത് താനാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണെന്നാണ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറയുന്നത്.