കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണം എന്നുവച്ചാല്‍ ഓരോ മണിക്കൂറിലും ട്വിസ്റ്റാണ്. ഇന്നലെ കേട്ടതിന്റെ ബാക്കിയല്ല ഇന്നു കേള്‍ക്കുക. ഇന്നു കേട്ടതായിരിക്കില്ല നാളെ കേള്‍ക്കുക. സിനിമയ്ക്കകത്തെ സിനിമ എന്നൊക്കെപോലെ ട്വിസ്റ്റിനകത്ത് ഒരുപാട് ട്വിസ്റ്റ് എന്നതാണ് രീതി. അതുകൊണ്ടൊക്കെ സിനിമാ ബന്ധമുള്ള ആരെക്കണ്ടാലും ഈ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതേക്കുറിച്ചേ ചോദിക്കാനുള്ളു. ഇന്ന് കിട്ടിയത് ശ്രീനിവാസനെയാണ്. ആള് ഇടക്കാലത്ത് ജൈവകൃഷിയിലേക്കൊക്കെ കളംമാറ്റിയിട്ടുണ്ടെങ്കിലും അഭിനയം നിര്‍ത്തിയിട്ടില്ല. തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കാനാണ് വന്നത്. പക്ഷേ ഒടുവില്‍ ചോദ്യം മുഴുവന്‍ നടിക്കെതിരെയുള്ള ആക്രമണക്കേസിനെക്കുറിച്ചായി.
ഏതായാലും അടുത്തകാലത്ത് ഈ വിഷയത്തില്‍ ഒരു സിനിമാപ്രവര്‍ത്തകനില്‍ നിന്ന് കേള്‍ക്കുന്ന സവിശേഷമായ ഒരുത്തരം തന്നെയാണിത്. ഇന്നസെന്റോ, ഗണേഷ് കുമാറോ, മുകേഷോ ഒന്നും ഇങ്ങനെയല്ലല്ലോ പറഞ്ഞത്. ഏതാണ്ട് ഇതുപോലെയൊക്കെ പറയാന്‍ സാധ്യതയുള്ള ലാലേട്ടനാണെങ്കില്‍ പക്ഷേ ഇപ്പോ ഒന്നും മിണ്ടാതെ ചിത്രം വരച്ചിരിക്കുകയാണ് പതിവ്. അയാള്‍ ശശി എന്ന ചിത്രത്തിന്റെ പ്രമോഷനാണ് ശ്രീനിവാസന് മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളെ മൊത്തത്തില്‍ ശശിയാക്കാനായിരുന്നു പക്ഷേ വരവ്. സിനിമരംഗത്ത് സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ചായിരുന്നു ചോദ്യം. ചൂഷണം എന്നു പറയുമ്പോള്‍ അത് സമൂഹത്തില്‍ പല രീതിയില്‍ നിലനില്‍ക്കുന്ന ഒന്നാണല്ലോ.
പച്ചക്കറിയിലെ വിഷം, ബ്രോയിലര്‍ കോഴിയിലെ കുത്തിവയ്പ്പ്, ഒക്കെ ചൂഷ·ണം തന്നെ. എന്നാലും ശ്രീനിവാസന്റെ തൊഴിലിടമായ സിനിമാമേഖലയിലെ ചൂ·ഷണത്തെക്കുറിച്ച് മാത്രം, ഫോക്കസായി ചോദിച്ചാല്‍ ഉത്തരം പറയുമായിരിക്കും.
ഇനി ശ്രീനിവാസന് നേരിട്ട് ഇടപെട്ട കാര്യത്തേക്കുറിച്ച് മാത്രമേ സംസാരിക്കൂ എന്നാണോ?
അത്രേയുള്ളു. അതായത് കാര്യമായി ആരേയും എടുത്തുപറയേണ്ടതല്ലാത്ത, നിലപാടൊന്നും എടുക്കേണ്ടിവരാത്ത പച്ചക്കറിയില്‍ വിഷമടിക്കുന്നതും ബ്രോയിലര്‍ കോഴിയില്‍ മരുന്നു കുത്തുവയ്ക്കുന്നതും പോലെയുള്ള വിഷയങ്ങള്‍ ആര്‍ക്കും പ്രസംഗിക്കാം. എങ്കിലും നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ശ്രീനിവാസന് നിലപാട് എടുക്കണമെന്നും ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയണമെന്നും വാശിപിടിക്കാന്‍ പാടില്ല. അദ്ദേഹം അദ്ദേഹത്തിന് തോന്നിയത് പറയും, ചിരിക്കും. വേണമെങ്കില്‍ കൂടെ ചിരിക്കാം എന്നേയുള്ളു.