മോദിയെകണ്ട്, ബിജെപിയുടെ താമരമോഹിച്ച ഒരാളുടെ കഥയാണ് അടുത്തത്. മോഹം മനസിലാണെങ്കിലും അത് മനസിലാക്കി നടത്തിക്കൊടുക്കുന്നതാണ് സ്നേഹബന്ധം എന്നൊക്കെ പറയുന്നത്. കൊച്ചിയിലായിരുന്നു ഈ താമരക്കൈമാറ്റം. ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച പരിപാടിയില്‍ കെ.എം.മാണി വന്നു. മാണിയെ വീഴ്ത്താന്‍ കുമ്മനം പക്ഷേ റോസാപ്പൂവല്ല നല്‍കിയത്, താമരമൊട്ടുകള്കൊണ്ട് തീര്‍ത്ത ബൊക്കയാണ് നല്‍കിയത്. ഒരു പൂ മാത്രം ചോദിച്ച മാണിസാറാവട്ടെ താമരപ്പൂക്കാലത്തില് വീഴുകയും ചെയ്തു.
ആദ്യാനുരാഗത്തിന്റെ കഥയല്ലിത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ കേള്‍ക്കുന്ന കഥയാണിത്. മാണിസാര്‍ ബിജെപിക്കൊപ്പം പോകുമോ ഇല്ലയോ എന്നതായിരുന്നു ചോദ്യം തന്നെ. ഇതിനിടെ മുന്നണി വിട്ടു. പണ്ട് മുഖ്യമന്ത്രിമോഹം വരെ കൊതിപ്പിച്ച ഇടതുമുന്നണിയിലേക്ക് ഒരു കയറ്റം അത്ര എളുപ്പവുമല്ല. ഇങ്ങനെ നാലുദിക്കും നോക്കി തേരാപാര നടക്കുന്നതിലും ഭേദം ക്ഷീരമുള്ള അകിടും നോക്കി നടക്കുന്ന ഒരു കൊതുകെങ്കിലും ആയിത്തീരുക എന്നുള്ളതാണ്. ഗവര്‍ണര്‍, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിസ്ഥാനം അങ്ങനെ ഒരു ലിസ്റ്റ് പോക്കറ്റിലുണ്ടല്ലോ. എടുത്ത് കൊടുക്കെന്റെ മാണിസാറേ.