പുതുവൈപ്പിലെ തര്‍ക്കത്തില്‍ ഇന്ന് വലിയ ചര്‍ച്ച നടന്നു. മുഖ്യമന്ത്രി തന്നെ വിളിച്ചു ചേര്‍ത്ത ചര്‍ച്ച. പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു വിദഗ്ധ സമിതി വന്ന് കാര്യങ്ങള്‍ ഒന്നുകൂടി പഠിക്കും. അതുവരെ പണിയൊന്നുമുണ്ടാകില്ല സ്ഥലത്ത്. അത്രയെങ്കിലുമായല്ലോ
രണ്ടു രണ്ടര മണിക്കൂര്‍ ചര്‍ച്ച നടന്നെങ്കിലും ഒരു പ്രധാന കാര്യത്തില്‍ വലിയ അനക്കമൊന്നുമുണ്ടായില്ല. പൊലീസ് നയത്തിന്റെ കാര്യത്തില്‍. അതറിഞ്ഞിരുന്നെങ്കില്‍ വലിയ ഉപകാരമായിരുന്നു. ഈ സമരത്തില്‍ മാത്രമല്ല, ബാക്കി സമരങ്ങളിലും പൊലീസ് എടുക്കുന്ന സമീപനം എന്താണെന്ന് അറിയാന്‍ എല്ലാവര്ക്കും ആഗ്രഹമുണ്ട്. വേറൊന്നുമല്ല, സമരത്തിനെന്ന് പറഞ്ഞിറങ്ങുമ്പോള്‍ വീട്ടില്‍ പറഞ്ഞിട്ട് പോകാമല്ലോ
എല്ലാം കഴിഞ്ഞ് സമരക്കാരെ തല്ലിച്ചതച്ച പൊലീസിനെപ്പറ്റി ചോദിച്ചു. പെട്ടെന്ന് മുഖ്യമന്ത്രിക്ക് തിരക്ക് വന്നു. ഒന്നോ രണ്ടോ വാചകത്തില്‍ ഒരുത്തരം പറഞ്ഞിട്ട് പോകുന്ന കാരണമുണ്ടാകുന്ന സമയ നഷ്ടമൊക്കെ സഹിക്കാവുന്നതേയുള്ളു മുഖ്യമന്ത്രീ. ഉത്തരമുണ്ടെങ്കില്‍ പറഞ്ഞിട്ടു പോകുന്നയാണ് പിണറായിയെന്ന് എല്ലാവര്ക്കും അറിയുകേം ചെയ്യാം