കൊച്ചി മെട്രോ കൊച്ചി മെട്രോ എന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അതിന്റെ പണിയിപ്പോള്‍ തീര്‍ന്നതേയുള്ളു. നമ്മുടെ ഇ.ശ്രീധരന്‍ സാറാണ് പണി തീര്‍ത്ത് കുട്ടപ്പനാക്കി സംഗതി കൈയില്‍ തന്നത്. ഇനി ഉല്‍ഘാടനം നടത്തി കേറിയിരുന്നങ്ങ് യാത്ര ചെയ്താല്‍ മതി. എന്നുവച്ചാല്‍ ഇനി ഇ. ശ്രീധരന്റെ വലിയ സഹായമൊന്നും വേണ്ടെന്ന്. കാര്യം അങ്ങനെയാണെങ്കിലും ആരും ഇങ്ങനെ തുറന്നങ്ങ് പറയുമെന്ന് വിചാരിച്ചില്ല. പക്ഷേ പ്രധാനമന്ത്രിയുടെ ഓഫിസ് അത് പറഞ്ഞു. മെട്രോ ഉല്‍ഘാടനം ചെയ്യുമ്പോള്‍ വേദിയിലിരിക്കാനുള്ളവരുടെ പട്ടികയില്‍ ഇ ശ്രീധരനില്ല. ഇത്രയും കുറഞ്ഞ സമയത്തില്‍ അഴിമതിയാരോപണങ്ങള്‍ കേള്‍പ്പിക്കാതെ കാര്യക്ഷമമായി പണി തീര്‍ത്തതിന് ഇതു തന്നെ കിട്ടണം. ഉല്‍ഘാടിക്കാന്‍ വരുന്നവര്‍ക്കു വല്ലതും ഈ മെട്രോയുടെ ചരിത്രം അറിയാമോ എന്തോ?
ഇ. ശ്രീധരന്‍ മാത്രമല്ല സ്ഥലത്തെ എംഎല്‍എയും കമ്പനി എംഡിയും ആരും വേദിയില്‍ ഉണ്ടാകില്ല. ഇതുപൊലൊരു വലിയ പരിപാടിയുടെ ഉല്‍ഘാടനം നടന്ന് പടം പത്രത്തില്‍ വരുമ്പോള്‍ അതില്‍ ഒരുപാട് തലകള്‍ ഉണ്ടാകുന്നത് ശരിയല്ല. പ്രധാന മന്ത്രിയുടെ മുഖത്തിന് പ്രധാന്യം കിട്ടണമെങ്കില്‍ ബാക്കി അലമ്പുകള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് പിഎംഒക്ക് തോന്നിയിട്ടുണ്ടാകും. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്ന പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലക്കാരാണത്രേ ഇങ്ങനെയൊക്കെയായിക്കിയത്. അഞ്ചു കൊല്ലം മുമ്പ് മെട്രോയുടെ നിര്‍മാണോല്‍ഘാടനം നിര്‍വഹിച്ചതും ഒരു പ്രധാനമന്ത്രിയായിരുന്നു. അന്ന് എംഎല്‍എമാരും എംപിമാരുമടക്കം വേണ്ടവരെയൊക്കെ വേദിയില്‍ ഇരുത്താന്‍ പറ്റി. ഒരു കുഴപ്പവുമുണ്ടായില്ല
ഉല്‍ഘാടനത്തിന് പ്രധാനമന്ത്രിയുടെ തീയതി കിട്ടുമോ എന്ന സംശയം പറഞ്ഞപ്പോഴേ, ഇതാ പ്രധാനമന്ത്രിയെ ഒഴിവാക്കുന്നേ എന്നു പറഞ്ഞ് ബഹളം വച്ച കുറേ ബിജെപിക്കാരുണ്ടായിരുന്നു നാട്ടില്‍. മെട്രോ പണി തീര്‍ത്തു തന്ന ഇ ശ്രീധരനെ വേദിയില്‍ നിന്ന് ഒഴിവാക്കുന്നത് അവരാരും അറിഞ്ഞില്ലേ എന്തോ?