മുഖ്യമന്ത്രി പിണറായി വിജയന് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ഇന്നൊന്ന് പോയി. യോഗം കൂടാനൊന്നും അല്ല. പാര്‍ട്ടി ഓഫിസിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ സ്വന്തം നിലയ്ക്ക് ഒരു തെളിവെടുപ്പിനായാണ് പോയത്. നേരത്തെ പല കേസിലും പ്രത്യേകിച്ചും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വരെ സ്വന്തം നിലയ്ക്ക് പിണറായി സഖാവ് അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. ഇങ്ങനെ നടപ്പിലുള്ള പലകേസിലും ചില നിഗമനങ്ങളില്‍ നേരത്തെ എത്തിച്ചേര്‍ന്നതു വഴി പിണറായി വിജയനിലുള്ള ഒരു സിഐഡിയുടെ ബുദ്ധി കേരളം വളരെ മുമ്പെ തിരിച്ചറിഞ്ഞതാണ്. അതുകൊണ്ട് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബോംബെറിഞ്ഞതിനെക്കുറിച്ചും കൂടുതലായി പലതും പറയാന്‍ അദ്ദേഹത്തിനാവും.
വളരെ ലളിതമായ യുക്തികൊണ്ട് ഒരു കേസിനെ പ്രത്യേകിച്ചും ഒരു കൊലപാതക കേസിനെവരെ വിലയിരുത്തിക്കളയാനുള്ള സിഐഡി ബുദ്ധി അല്ലെങ്കിലും ഈ വിജയനെന്ന് പേരുള്ളവര്‍ക്ക് ജന്മനാ കിട്ടുന്നുണ്ടാവണം. അല്ലെങ്കില്‍ അത്തരം കഴിവുള്ളവര്‍ക്കെല്ലാം വിജയന് എന്നായിരിക്കും പേര്. ഇവിടേയും അതുപോലെയുള്ള ഒരു വിജയനാണ്. അല്ലെങ്കില്‍ നോക്കൂ, കുറ്റവാളികളുടെ രീതികളും സാധാണക്കാരുടെ രീതികളും ഇത്ര കൃത്യമായി വേറെ ആര്‍ക്കും വിശദീകരിക്കാന്‍ സാധിക്കില്ല. ഇതുപോലൊരു മന്ത്രിയെ കിട്ടിയ കേരള പൊലീസിനും അക്കാര്യങ്ങളില്‍ അഭിമാനിക്കാം.