സഭാസമ്മേളനം ഒരുഭാഗത്ത് നടക്കുന്നുണ്ട്. കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് പ്രധാന കാര്യം. സ്വാശ്രയ മെഡിക്കല്‍ ഫീസായിരുന്നു ഇന്നത്തെ ഹോട്ട് ടോപ്പിക്ക്. ഏഴെട്ടു മാസം മുമ്പ് ഇതേ വിഷയത്തില്‍ ആദ്യം യൂത്ത് കോണ്‍ഗ്രസും പിന്നെ യുഡിഎഫ് എംഎല്‍എമാരും നിരാഹാരം കിടന്നതൊക്കെ ഓര്‍മയുണ്ടല്ലോ അല്ലേ.
ഇല്ലെങ്കില്‍ ബല്‍റാമിന് നല്ല ഓര്‍മയുണ്ട്. അവസാനം നിരാഹാരം കിടന്നതും വിശപ്പ് അനുഭവിച്ചതും ബല്‍റാമായിരുന്നല്ലോ. എങ്ങനെ മറക്കാനാണ്. അന്ന് ഷാഫിയായിരുന്നു സഭയിലെ താരം. ഏതായാലും ആ പ്രസംഗം നല്ല ശ്രദ്ധയോടെ കേട്ടിരുന്നതിനാല്‍ ബല്‍റാമിന് ഇന്നത്തെ തന്റെ പ്രസംഗം കുറച്ചുകൂടി എളുപ്പമായി. പിന്നെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും അന്നത്തേതുപോലെതന്നെ ഇപ്പോഴും കാര്യങ്ങളെക്കുറിച്ചൊന്നും മിണ്ടാനില്ലാത്തതുകൊണ്ട് അക്കാര്യവും ബലറാമിന് ആവര്‍ത്തിക്കാന്‍ സാധിച്ചു.
പ്രതിപക്ഷം ഒന്നടങ്കം പഴയ സമരകാലത്തിന്റെ ഹാങ് ഓവറിലാണെന്ന് തോന്നും പ്രതിപക്ഷ നേതാവിന്റെകൂടി പ്രസംഗം കേട്ടാല്‍. പക്ഷേ ചെന്നിത്തല ഇത്തവണ ഇറങ്ങിപ്പോക്കൊന്നും പ്രഖ്യാപിച്ചില്ല. സമരവും ഇല്ല. അന്നത്തെ സമരം നിര്‍ത്താന്‍ പെട്ട പാട് ചെന്നിത്തലയ്ക്കല്ലേ അറിയൂ. വെറുതെ എന്തിനാണ് ഓരോ പുലിവാലി പിടിക്കണത്. അങ്ങനെ പറയൂല, പറയൂല എന്നൊക്കെ പറഞ്ഞാല്‍ പ്രേക്ഷകര്‍ എന്തുവിചാരിക്കും, അവര്‍ക്ക് അതറിയാനുള്ള ആഗ്രഹം ഒന്നുകൂടുകയല്ലേ ഉള്ളൂ. എന്തായാലും തിരുവാ എതിര്‍വാ അത് കാണിക്കും. അന്ന് സ്വശ്രയ കോളജ് പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ എന്ത് സംഭവിച്ചു എന്ന് താങ്കള്‍ തന്നെ അഭിനയിച്ചു കാണിച്ച ആ ഫ്ലാഷ് ബാക്ക്. പക്ഷേ മുഖ്യമന്ത്രി അന്നത്തെ അതേ നിലപാടിലാണ്. ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല.
പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ അറ്റാക്കിന്റെ രഹസ്യസ്വഭാവം പോലെ ആ യോഗകാര്യങ്ങളും രഹസ്യമായി അവശേഷിക്കട്ടെ. ഇനി ഭാവിയില്‍ പിണറായിയോ ശൈലജയോ ആത്മകഥയെഴുതുകയാണെങ്കില്‍ ഈ യോഗം ഒരദ്ധ്യായമായി ഉള്‍ക്കൊള്ളിക്കണമെന്ന് അപേക്ഷിക്കുന്നു. പക്ഷേ ഇതേ സ്വാശ്രയ വിഷയത്തില്‍ ഒട്ടും രഹസ്യസ്വഭാവമില്ലാതെ കെഎസ്്യുക്കാര്‍ ഇന്ന് നല്ല ഒന്നാന്തരം തല്ല് പൊലീസുകാരില്‍ നിന്ന് വാങ്ങിക്കൂട്ടിയിട്ടുണ്ട്. തലസ്ഥാനത്തായിരുന്നു പരിപാടി.